മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പ്; വൻ വിജയം കരസ്ഥമാക്കി മൊഹമ്മദ് മുയിസുവിന്റെ പാർട്ടി

മാലെ: മാലദ്വീപിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാർട്ടി പീപിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി) വൻ വിജയം കരസ്ഥമാക്കി. 93 അംഗ സഭയിൽ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടത്. പി.എൻ.സിയാണ് ഇതിൽ 70 സീറ്റും നേടിയിരിക്കുന്നത്.

15 സീറ്റുകൾ മാത്രമാണ് മുഖ്യപ്രതിപക്ഷ പാർട്ടിയും ഇന്ത്യ അനുകൂല നിലപാടുള്ളവരുമായ മാലദീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) ഇപ്പോൾ നേടിയിരിക്കുന്നത്.

ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു. അധികാരത്തിലെത്തിയതിന് പിന്നാലെ മുയിസു ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഖലയാണ് മാലദ്വീപ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്.