തെരഞ്ഞെടുപ്പ്; അമേഠി-റായ്ബറേലി സീറ്റുകളെ ചൊല്ലി കോൺഗ്രസിൽ തർക്കമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളെ ചൊല്ലി കോൺഗ്രസിൽ തർക്കമെന്ന് റിപ്പോർട്ട്. അമേഠി-റായ്ബറേലി സീറ്റുകളെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റായ്ബറേലി സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി നിർദ്ദേശം വച്ചെന്നാണ് സൂചന. രാഹുൽ ഗാന്ധിക്കും റായ്ബറേലി സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആശയക്കുഴപ്പം കാരണം രണ്ടു സീറ്റുകളിലും അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ് നേതൃത്വം കുഴങ്ങുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

അമേഠി സീറ്റിൽ റോബർട്ട് വദ്രയും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. നേരത്തെ റോബർട്ട് വദ്രയുടെ ആവശ്യം എഐസിസി തള്ളിയിരുന്നെങ്കിലും ആവശ്യത്തിൽ വദ്ര ഉറച്ചുനിൽക്കുകയാണെന്നാണ് സൂചനകൾ. വയനാടിന് പുറമെ അമേഠിയിൽ കൂടി മത്സരിക്കുന്നതിൽ നേരത്തെ എഐസിസി രാഹുൽ ഗാന്ധിയുടെ നിലപാട് തേടിയിരുന്നു. ഇതിനിടെയാണിപ്പോൾ റായ്ബറേലിയിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന രാഹുൽ ഗാന്ധി അറിയിച്ചതായുള്ള റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേഠി-റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.