Politics (Page 31)

തൃശൂർ: തൃശൂർ പൂരത്തിനിടെയുണ്ടായ വീഴ്ച്ചകളിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പൊലീസുകാർ പൂരം കുളമാക്കിയത് ബിജെപിക്ക് വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നും സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചത് സുരേഷ് ഗോപിയാണെന്ന പ്രചാരണം ഇപ്പോൾ ബിജെപി സൈബർ സെൽ ചെയ്യുന്നുണ്ട്. വോട്ട് കച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു. കമ്മീഷണറെ തൽക്കാലത്തേക്ക് മാറ്റി നിർത്തുന്നതാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. കമ്മീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൂരം കലക്കാൻ കമ്മീഷണർ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് താൻ തന്നെ സാക്ഷിയാണ്. പൂരത്തിന്റെ എവിടെയും സുരേഷ് ഗോപിയെ കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു. തൃശൂരിൽ യുഡിഎഫ് തന്നെ ജയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവെന്ന ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. പ്രളയവും വരൾച്ചയും കൊണ്ട് കർണാടക ബുദ്ധിമുട്ടിയ സമയത്ത് പ്രധാനമന്ത്രി എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

24×7 ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണെങ്കിൽ കർണാടക വെള്ളപ്പൊക്കത്തിലും വരൾച്ചയിലും ബുദ്ധിമുട്ടിയപ്പോൾ എവിടെയായിരുന്നു താങ്കളെന്നു സിദ്ധരാമയ്യ ചോദിക്കുന്നു. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നാണ് മോദി പറഞ്ഞിരുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിന് വേണ്ടി 24×7 ഉണ്ടായിരിക്കുമെന്നു വാക്കുനൽകുന്നു. കർണാടകയിൽ കേന്ദ്ര പദ്ധതികൾ മാത്രമാണ് നടക്കുന്നത്. കോൺഗ്രസ് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി അറിയിച്ചിരുന്നു.

5 ജിക്ക് ശേഷം 6 ജി കൊണ്ടുവരുമെന്ന് മോദി പറയുന്നു. അപ്പോൾ മോദിയെ നീക്കുമെന്നാണ് അവർ പറയുന്നത്. എഐ കൊണ്ടുവരുമെന്ന് പറയുന്നു, അപ്പോഴും മോദിയെ നീക്കുമെന്ന് പറയുന്നു. ചന്ദ്രയാന് ശേഷം ഗഗൻയാനിലൂടെ ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്ന് പറയുമ്പോൾ അവർ പറയുന്നു, മോദിയെ നീക്കുമെന്ന്. കോൺഗ്രസ് പുരോഗമന വിരുദ്ധരാണ്. ബിജെപിയും ജനതാ ദൾ സെക്യുലറും ഒന്നിച്ചുനിന്ന് കർണാടക ജനതയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. നിക്ഷേപ വിരുദ്ധരെന്നും സംരംഭകവിരുദ്ധരെന്നും സ്വകാര്യമേഖല വിരുദ്ധരെന്നും മുദ്രകുത്തി കോൺഗ്രസ് വികസനത്തിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പിണറായി വിജയനെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. മോദിയെയും ബിജെപിയെയും സ്ഥിരതയോടെ എതിർക്കുന്നത് സിപിഎം ആണ്. എന്നാൽ കേരളത്തിൽ കോൺഗ്രസ് എതിർക്കുന്നത് എൽഡിഎഫിനെയും മുഖ്യമന്ത്രിയേയുമാണെന്നും യച്ചൂരി വ്യക്തമാക്കി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂജപ്പുരയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസ് ചോദിക്കുന്നത് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി. ജയിലിൽ പോകാൻ തങ്ങൾക്ക് പേടിയില്ല. ജയിലിൽ പോകാൻ പേടിയുള്ള കോൺഗ്രസുകാരാണ് ബിജെപിയിൽ ചേരുന്നത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തി. ബിജെപിക്ക് എതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. ഫാഷിസ്റ്റ് നിയമവാഴ്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രം തകർത്തു. മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടു വന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. കശ്മീരിനെ ബിജെപി ഇല്ലാതാക്കി. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് നിയമവാഴ്ചയെ മാറ്റിമറിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

റാഞ്ചി: ജാർഖണ്ഡ് റാലിക്ക് തുടക്കം കുറിച്ച് ഇന്ത്യ മുന്നണി. രാഹുൽ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാർഖണ്ഡ് റാലി ആരംഭിച്ചത്. റാലി ആരംഭിക്കാൻ അൽപസമയം മാത്രം ബാക്കി നിൽക്കെയാണ് റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചത്. ശാരീരികമായി സുഖമില്ലാത്തതിനാലാണ് രാഹുൽ പങ്കെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ റാലിക്ക് നേതൃത്വം നൽകി മുൻനിരയിലുണ്ട്. സത്‌നയിലും റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ രാഹുൽ എല്ലാ തയ്യാറെടുപ്പും എടുത്തിരുന്നു. എന്നാൽ പെട്ടെന്ന് വയ്യായ്മ അനുഭവപ്പെട്ടതോടെ ഡൽഹിയിൽ നിന്ന് വരാൻ പറ്റാത്ത അവസ്ഥയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തിലാണ് റാലി നടക്കുന്നത്. ഹേമന്ത് സോറന്റെ പാർട്ടിയായ ജെഎംഎം( ജാർഖണ്ഡ് മുക്തി മോർച്ച)യാണ് ഇന്ത്യ മുന്നണിക്ക് ജാർഖണ്ഡിൽ ആതിഥേയത്വമൊരുക്കുന്നത്. അരവിന്ദ് കെജ്രിവാളിന് മുമ്പ് ഇഡി അറസ്റ്റ് ചെയ്ത മറ്റൊരു മുഖ്യമന്ത്രിയാണ് ജാർഖണ്ഡിലെ ഹേമന്ത് സോറൻ.

തിരുവനന്തപുരം: കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസ്സോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണ് ഇപ്പോൾ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും ബിജെപിയും ഇപ്പോൾ ഒരുപോലെ പരിഭ്രമം പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പത്തൊൻപതാമത്തെ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. നാളെ കണ്ണൂർ മണ്ഡലത്തിലെ മൂന്നു യോഗങ്ങളോടെ പര്യടനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലേയും ജനങ്ങളുമായും പ്രവർത്തകരുമായും നേതാക്കളുമായും സംവദിച്ചുള്ള ഈ പര്യടനത്തിൽ നിന്നും വ്യക്തമായ ചിത്രം, ഈ തെരഞ്ഞെടുപ്പ് ഫലം 2019 ലേതിന്റെ നേർ വിപരീതമായിരിക്കും എന്നതാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ്സും ബിജെപിയും ഇപ്പോൾ ഒരുപോലെ പ്രകടിപ്പിക്കുന്ന പരിഭ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചിക, നീതി ആയോഗിന്റെ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക, നീതി ആയോഗിന്റെ സുസ്ഥിര വികസനസൂചിക, പൊതുകാര്യ സൂചിക എന്നിവയിൽ ഒന്നാം സ്ഥാനത്താണ് കേരളം. തുടർച്ചയായി ഈ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുന്നു. ആ നീതി ആയോഗിന്റെ എക്‌സ് ഒഫീഷ്യൽ ചെയർമാനാണ് പ്രധാനമന്ത്രി. എന്നിട്ടാണ് അദ്ദേഹം പറയുന്നത് കേരളം മോശമാണെന്ന്. സാക്ഷരത (96%), ആയുർദൈർഘ്യം (75.2 വർഷം), ഉയർന്ന ആരോഗ്യ സൂചികകൾ, നവീകരിച്ച സാമൂഹിക സുരക്ഷ, മികച്ച ക്രമസമാധാന സംവിധാനം, അനുയോജ്യമായ ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിനാകെ മാതൃകയാണ്. കുടുംബശ്രീ സംരംഭം മുതൽ ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങൾ, വിഖ്യാതമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, നവകേരള മിഷൻ തുടങ്ങി കേരളം മുൻകൈയെടുത്ത സംരംഭങ്ങൾ ദേശീയതലത്തിലും ആഗോള തലത്തിലും അനുകരിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെ അപമാനിക്കുകയാണദ്ദേഹം. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്‌പെറൻസി ഇന്റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്ഷൻ സർവ്വേ ആണ്. അതിനപ്പുറം എന്ത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നത്. പതിമൂന്നാം ധനകാര്യ കമ്മീഷൻ കാലയളവിൽ നിന്നും പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിലേക്കെത്തിയപ്പോൾ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ആകെ കേന്ദ്ര നികുതി വരുമാനത്തിന്റെ 42 ശതമാനം ആക്കിയത് ബിജെപി സർക്കാരിന്റെ നേട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലിനെപ്പറ്റി ”റിപ്പോർട്ടേഴ്‌സ് കളക്ട്ടീവ്” പുറത്തുവിട്ട വാർത്ത മോദിയുടെ അവകാശവാദത്തെ പൊളിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2014 ൽ പ്രധാനമന്ത്രിയായയുടനെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോദി ധനകാര്യ കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് നീതി ആയോഗ് സിഇഒ തുറന്നുപറഞ്ഞത്. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ താനാണ് പ്രധാനമന്ത്രിക്കും ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഢിക്കുമിടയിൽ ഇടനിലക്കാരനായി നിന്നതെന്നാണ് ബിവിആർ സുബ്രഹ്മണ്യം വെളിപ്പെടുത്തിയത്. സംസ്ഥാനങ്ങൾക്ക് 42 ശതമാനം കേന്ദ്ര നികുതി വിഹിതം നൽകണമെന്നായിരുന്നു വൈ വി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മീഷൻ ശുപാർശ. അത് 33 ശതമാനമായി വെട്ടി കുറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ സ്വതന്ത്ര തീരുമാനം എടുക്കാൻ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷനുകൾ. ഈ ഭരണഘടനാ മാനദണ്ഡം ലംഘിച്ചാണ് പ്രധാനമന്ത്രി കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ വൈവി റെഡ്ഢിയുടെയും ധനകാര്യ കമ്മീഷന്റെയും ശക്തമായ നിലപാടുമൂലം ബിജെപി സർക്കാർ ഉദ്ദേശിച്ച അജണ്ട നടപ്പിലാക്കാൻ കഴിയാതെപോവുകയായിരുന്നു. ധനകാര്യകമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ല. അത് ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. നരേന്ദ്ര മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ നൂറുനാവാണെന്ന് കെ സുധാകരൻ പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ സംഘപരിവാർ ബോധത്തിന് തെളിവാണെന്നും കെ സുധാകരൻ അറിയിച്ചു.

രാജ്യത്തെ മതേതരവിശ്വാസികൾക്ക് രാഹുലിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സർട്ടിഫിക്കറ്റ് വേണ്ട. ഭോപ്പാലിൽ മലയാളി അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആർഎസ്എസ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിലേക്ക് പ്രാണരക്ഷാർത്ഥം ഓടി ഒളിച്ച പിണറായി വിജയന് സംഘപരിപരിവാറിനെ നേരിടാനുള്ള തന്റേടം ഇല്ലെന്ന് സ്വയം തെളിയിച്ച വ്യക്തിയാണ്. വർഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന രാഹുൽ ഗാന്ധിയെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ വാക്കുകൾ കടമെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നത്. ബിജെപിയുടെ താര പ്രചാരകനെ പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ ഓഫീസ് കുട്ടിസാഖക്കളെ ഉപയോഗിച്ച് ആക്രമിച്ചതും ഇപ്പോൾ മുഖ്യമന്ത്രി തന്നെ നേരിട്ട് രാഹുൽ ഗാന്ധിയെ ബിജെപി ലൈൻ പിടിച്ച് വിമർശിക്കുന്നതും അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന അഴിമതി ആരോപണങ്ങളിൽ നിന്നും സ്വയം രക്ഷാകവചം തീർക്കാനാണ് പിണറായി വിജയൻ രാഹുൽ വിമർശനം നടത്തുന്നത്. ആത്മരാക്ഷാർത്ഥമുള്ള ഭയം മുഖ്യമന്ത്രിയെ തികഞ്ഞ ഭീരുവാക്കിമാറ്റി. അതിനാലാണ് മോദി പ്രീണനത്തിനായി പിണറായി വിജയനെ രാഹുൽ ഗാന്ധി വിമർശകനായി മാറിയത്. സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുമായി സിപിഎമ്മിനെ ഉപമിക്കാൻ പോലും സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂർ: എതിർ സ്ഥാനാർത്ഥികൾ കരുത്തരായതിൽ പ്രശ്നമില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി മുരളീധരൻ. ഇവിടെ ഗുസ്തി മത്സരമല്ല നടക്കുന്നതെന്നും തിരഞ്ഞെടുപ്പാണെന്നും അതിൽ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. അവരാണ് അടിസ്ഥാനപരമായി തീരുമാനിക്കുന്നത്. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃശൂർ. തിരഞ്ഞെടുപ്പിലും അത് കാണാനാകും. പോകുന്നിടത്തെല്ലാം ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ്. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് സഹോദരി പത്മജ വേണുഗോപാൽ പറഞ്ഞതിനെ കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു. പത്മജ വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതാണ്. അതിൽ കാര്യമില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

ഇത് കേരളമാണ്. മോദി എത്ര തവണ വന്നാലും ഇവിടെ നിന്ന് ബിജെപിയുടെ ഒരാൾ പോലും വിജയിക്കില്ല. സിപിഎം-ബിജെപി ഡീൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ വരവുതന്നെ ഡീൽ ഉറപ്പിക്കാനാണ്. ആ ഡീൽ വളരെ വ്യക്തവുമാണ്. ഡൽഹിയിൽ കേജ് രിവാളിനെ ജയിലിലാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളത്തിൽ പിണറായിയെ തൊടാതെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തന്നെ ഡീൽ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വി ഡി സതീശൻ പെരുംനുണയൻ ആണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വി ഡി സതീശൻ പറഞ്ഞത് സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ്. ഇത് തെളിയിക്കാമെന്നും സതീശൻ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. ആർജ്ജവമുള്ള രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിൽ ഇക്കാര്യം തെളിയിക്കാൻ സതീശൻ തയ്യാറാകണം. ബിജെപിക്കൊപ്പം ഇലക്ടറൽ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആ കോൺഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയിൽ ഇലക്ടറൽ ബോണ്ടിനെതിരായ നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന് നുണ പറയുന്നത്. എല്ലാ കാര്യത്തിലും ഇത്തരം സത്യവിരുദ്ധ നിലപാട് ആണ് വി ഡി സതീശൻ സ്വീകരിക്കുന്നതെന്നും ജനങ്ങൾ അത് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ജീവിക്കുന്നത് ബിജെപിയെ ഭയന്നാണ്. രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത് ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ മനസ്സു മുഴുവൻ പേടിയാണ്. ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമം. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.