നന്ദകുമാറിന് പിന്നിൽ കോൺഗ്രസ്; ആരുടെയും പണം വാങ്ങിയിട്ടില്ലെന്ന് അനിൽ ആന്റണി

തിരുവനന്തപുരം: ടി ജി നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ലോകസ്ഭാ തെരഞ്ഞെടുപ്പിലെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിന് പിന്നിൽ കോൺഗ്രസാണെന്ന് അനിൽ ആന്റണി പറഞ്ഞു. നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

താൻ ആരുടെയും പണം വാങ്ങിയിട്ടില്ല. നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന ദേശീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. നന്ദകുമാർ 2016 ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും അനിൽ ആന്റണിആരോപിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. തന്റെ പ്രചാരണം അട്ടിമറിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പത്തനംതിട്ടയിൽ മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ബിലീവേഴ്‌സ് ചർച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാർത്തയായില്ല. തനിക്ക് അനുകൂലമായുള്ള വാർത്തകൾ ഒതുക്കുകയാണെന്നും അനിൽ ആന്റണി ആരോപിച്ചു.

അനിൽ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകളുമായി ടിജി നന്ദകുമാർ രംഗത്തെത്തിയിരുന്നു. കാൾ ലെറ്ററിന്റ പകർപ്പും അനിൽ ആന്റണിക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത എഫ്‌ഐആറും തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുമാണ് ടിജി നന്ദകുമാർ പുറത്തുവിട്ടത്. ഇതിനൊപ്പം പണം വാങ്ങാൻ വന്നപ്പോൾ ഉപയോഗിച്ച കാർ നമ്പറും ടിജി നന്ദകുമാർ പുറത്തുവിട്ടു. ഇതി്‌ന് പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം.