Politics (Page 28)

കോഴിക്കോട്: യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷവുമായി അടുക്കുന്ന മുസ്ലീം സമുദായ ധാരകളിൽ സാമുദായികമായ ധ്രുവീകരണമുണ്ടാക്കാൻ യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിൽ കേന്ദ്ര-സർക്കാരിന്റെ വർഗീയ സാമ്പത്തിക നയങ്ങളെ വിമർശിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ ശൈലജ ടീച്ചറെ മുസ്ലീം വിരുദ്ധയായി ചിത്രീകരിക്കാനും അശ്ലീല പ്രചാരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താനും യുഡിഎഫ് കേന്ദ്രങ്ങൾ തുടർച്ചയായി ശ്രമിച്ചുവെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് സിപിഎം ഇക്കാര്യം അറിയിച്ചത്.

വടകര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ ശൈലജ ടീച്ചർക്കെതിരായി നടത്തിയ കടുത്ത വർഗീയ വിദ്വേഷ പ്രചാരണവും ലൈംഗികാധിക്ഷേപങ്ങളും തിരഞ്ഞെടുപ്പിന് ശേഷവും തുടർന്നു കൊണ്ടുപോകാനുള്ള നീക്കം നടത്തുന്നുണ്ട്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വവുമില്ലാത്ത യൂത്ത് കോൺഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാർഥിയുടെ ആശ്രിതരുമാണ് ഇത്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത്തരം നെറികെട്ട പ്രചാരണങ്ങളെയും കുടിലതകളെയും അതിജീവിച്ച് എൽ.ഡി.എഫ് വടകരയിൽ തിളക്കമാർന്ന നിലയിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്. വടകരയിൽ തോൽവി ഉറപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നു എന്നത് സ്വാഭാവികമാണ്. വർഗീയ വിഷംചീറ്റി നടക്കുന്ന സംഘപരിവാറുകാരിയുമായി കെ കെ ശൈലജ ടീച്ചറെ പോലുള്ള സാമൂഹ്യ അംഗീകാരമുള്ള ഒരു മതനിരപേക്ഷ വ്യക്തിത്വത്തെ താരതമ്യപ്പെടുത്തിയുള്ള അധിക്ഷേപ പോസ്റ്റ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെ ഇട്ടിരിക്കുന്നു എന്നത് ഇതിന്റെ ഭാഗമായിട്ടേ കാണാനാകൂവെന്നും സിപിഎം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രന്റെ പ്രവൃത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് സിപിഎമ്മാണ്. ഇത് വ്യക്തമാകാൻ പി ജയരാജന്റെ പ്രസ്താവന മാത്രം നോക്കിയാൽ മതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഇ പി ജയരാജൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമാണ്. അത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് നടന്നതാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇത് തുടങ്ങിയത്. ഇപി ജയരാജനെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കില്ല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. അങ്കം ജയിച്ച ചേകവരെ പോലെയാണ് ജയരാജൻ ഇന്നലെ എകെജി സെന്ററിലെ യോഗം കഴിഞ്ഞ് ഇറങ്ങി വന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തൽ ആവർത്തിച്ച് മുൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ഇ പി ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്ന മുൻ വെളിപ്പെടുത്തലുകളാണ് ശോഭ ആവർത്തിച്ചത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഫ്രോഡ് എന്നു വിളിച്ച ദല്ലാൾ നന്ദകുമാറിനെ ഇ പി തള്ളിപ്പറയാത്തത് എന്താണെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.

താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചെന്ന ആരോപണം ശോഭാ സുരേന്ദ്രൻ നിഷേധിച്ചു. 2016 ൽ താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചു എന്ന ആരോപണം തള്ളുന്നു. അന്നു താൻ പാലക്കാട്ട് ജയസാധ്യതയുള്ള സ്ഥാനാർഥിയായിരുന്നു. ബിജെപിയിലും ഉയർന്ന സ്ഥാനത്തായിരുന്നു. ഇപിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തൃശൂർ രാമനിലയത്തിൽ മന്ത്രി കെ രാധാകൃഷ്ണനും ഉണ്ടായിരുന്നു. ഇ പി ആവശ്യപ്പെട്ട പ്രകാരമാണ് താൻ അവിടെ എത്തിയത്. രാമനിലയത്തിൽ മുറിയെടുത്തതിന് അവിടത്തെ രേഖകൾ പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് ഇ പി പാർട്ടി വിടാനുള്ള തീരുമാനം മാറ്റിയത്. ടി പി ചന്ദ്രശേഖരന്റെ കാര്യങ്ങളൊക്കെ ഓർത്തിട്ടുണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

തനിക്കെതിരെ നിയമ നടപടിയെടുക്കുമെന്നു പറഞ്ഞ ഇ പി ജയരാജൻ നന്ദകുമാറിനെതിരെ കേസ് കൊടുക്കാത്തതെന്തുകൊണ്ടാണെന്നും ശോഭ ചോദിക്കുന്നു.

തിരുവനന്തപുരം: കെപിസിസി നേതൃയോഗം മെയ് 4ന് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ വേണ്ടിയാണ് യോഗം ചേരുക. മെയ് നാലിന് രാവിലെ 10.30 ന് ഇന്ദിരാഭാവനിൽ യോഗം ചേരുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ യോഗത്തിന് അധ്യക്ഷത വഹിക്കും.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലോക്‌സഭയിലേക്കു മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കുചേരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് സിപിഎം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികെ ബാക്കി 16-സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ സിപിഎം പിന്തുണയ്ക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി സിപിഎം നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളുടെ സംഘമാണ് രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടതായാണ് തമ്മിനേനി അറിയിച്ചിരിക്കുന്നത്. സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഭോംഗിർ മണ്ഡലത്തിൽ മത്സരത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി തമ്മിനേനി വീരഭദ്രം കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സിപിഎം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് ഇ പി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടത്. തന്നെപ്പോലെയുള്ളൊരാൾക്ക് ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ടകാര്യമെന്താണെന്ന് ഇ പി ചോദിക്കുന്നു.

രണ്ടുവർഷമായി ഡൽഹിയിൽ പോയിട്ട്. ലളിത് ഹോട്ടലിൽ ഇതുവരെ പോയിട്ടില്ല. ‘കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ. ഇവരെപ്പോലെ അല്പബുദ്ധികൾ ചിന്തിക്കുക എന്നല്ലാതെ. താനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ. താൻ പോയി ബിജെപിയിൽ ചേരുമോയെന്ന് അദ്ദേഹം ചോദിച്ചു.

തനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. ഫോണിൽ പോലും ആ സ്ത്രീയോട് ഞാൻ സംസാരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിടുന്നതിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദല്ലാൾ എന്തിനാണ് ജാവഡേക്കറേയും കൂട്ടി തന്റെയടുത്തേക്ക് വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം. ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടതെന്നും താൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ഇപി വിഷയത്തിൽ പ്രതികരിച്ചത്.

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ പ്രചാരണ സമിതിയിൽ നിന്നും രാജിവച്ചു. പാർട്ടിക്കുള്ളിൽ അവഗണന നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ രാജി. ദീർഘകാലമായി പിന്തുടരുന്ന പ്രത്യയ ശാസ്ത്രത്തിൽ നിന്ന് കോൺഗ്രസ് വ്യതിചലിച്ചെന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു മുസ്ലിം നേതാവിനെ പോലും മഹാ വികാസ് അഘാഡി സഖ്യം (എംവിഎ) സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്നും അതിനാൽ പ്രചാരണ സമിതിയിൽ നിന്ന് രാജിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയക്കുകയും ചെയ്തു.

മൊത്തം 48 സീറ്റിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും എംവിഎ നിർത്തിയില്ല. ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരു മുസ്ലിം സ്ഥാനാർത്ഥിയേയെങ്കിലും കോൺഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് സംസ്ഥാനത്തെ മുസ്ലിം സംഘടനകളും പാർട്ടി പ്രവർത്തകരും കരുതിയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ട് തങ്ങളെ അവഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാർട്ടി പ്രവർത്തകരും തന്നോട് ചോദിക്കുന്നത്. ന്യൂനപക്ഷവിഭാഗത്തോട് എന്തുകൊണ്ട് ഇത്തരത്തിലുള്ള അനീതി കാട്ടുന്നുവെന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ തനിക്ക് കഴിയുന്നില്ല. എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന പ്രത്യയശാസ്ത്രത്തിൽ നിന്നും കോൺഗ്രസ് വ്യതിചലിച്ചെന്നും ആരിഫ് നസീം ഖാൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് അദ്ദേഹം സ്ഥാനം രാജിവെച്ചതെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ എതിർപ്പാണ് രാജിയ്ക്ക് പിന്നിലെ മറ്റൊരു കാരണമെന്നാണ് പുറത്തു വരുന്ന സൂചന. ഡൽഹിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ലവ്ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹിക്ക് അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടുവന്നതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് സൂചനകൾ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അകറ്റി നിർത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നുവന്ന പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ടും ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചുവെന്ന് തന്റെ രാജിക്കത്തിൽ അരവിന്ദർ സിങ് വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണവുമായി ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് ഇതുകൊണ്ടാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്വകാര്യ സന്ദർശനത്തിനെത്തിയ നിതിൻ ഗഡ്തകരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പി ജയരാജനെ എങ്ങനെ കുറ്റം പറയാൻ കഴിയും. ആർഎസ്എസ് ആസ്ഥാനം ഉൾപ്പെടുന്ന നാഗ്പുർ മണ്ഡലത്തിന്റെ പ്രതിനിധിയും ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗഡ്കരിയും കുടുംബവും തീർത്തും സ്വകാര്യ സന്ദർശനത്തിനാണ് കോവളത്തും കന്യാകുമാരിയിലും വന്നത്. ഇതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രവൃത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിനു യോജിച്ചതാണോയെന്നു വ്യക്തമാക്കണം. ഗഡ്കരിയെ സൽക്കരിച്ച പിണറായിക്ക് എങ്ങനെയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ കുറ്റം പറയാനാവുകയെന്നും പ്രേമചന്ദ്രൻ ചോദിക്കുന്നു.

പ്രകാശ് ജാവഡേക്കർ കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ നേതാവാണ്. മുഖ്യമന്ത്രി പറയുന്നത് താൻ പലതവണ ജാവഡേക്കറെ കണ്ടു എന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത് എന്തിനാണെന്നു പൊതുസമൂഹത്തിനു മുന്നിൽ പറയണം. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്, എക്സാലോജിക്, എസ്എൻസി ലാവ്‌ലിൻ, സ്വർണക്കള്ളക്കടത്ത് കേസുകൾ ഇല്ലാതാക്കുന്നതിനു പകരം തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ ബിജെപിക്ക് പിന്തുണ നൽകാനുള്ള അടവു നയത്തിന്റെയും ‘ഡീൽ’ ഉറപ്പിക്കലിന്റെയും ഭാഗമായിരുന്നു ജാവഡേക്കറുമായുള്ള ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ സാധ്യത വർധിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാൻ മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നൽകിയേക്കും. അതേസമയം, റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തെ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മത്സരത്തിന് തയ്യാറായി നിൽക്കാനാണ് റായ്ബറേലിയിലേയും അമേഠിയിലേയും പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നിൽകിയത്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്‌റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.

എന്നാൽ പ്രിയങ്ക ഇവിടെ മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ് നടക്കുന്നത്.