Politics (Page 27)

തൃശ്ശൂർ: തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. കെപിസിസി യോഗത്തിലായിരുന്നു അദ്ദേഹം തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നാണ് വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും പേരെടുത്ത് പറഞ്ഞാണ് മുരളീധരൻ വിമർശനം ഉന്നയിച്ചത്.

ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു മുരളീധരന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും മുരളീധരൻ വ്യക്തമാക്കി. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

ന്യൂഡൽഹി: റായ്ബറേലി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തങ്ങളുടെ കുടുംബവുമായി അഭേദ്യബന്ധമുള്ള റായ്ബറേലിയെ സേവിക്കാനുള്ള ഉത്തരവാദിത്വം അമ്മ സോണിയ ഗാന്ധി തന്നെ ഏൽപിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 2004 മുതൽ റായ്ബറേലിയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ്.

സോണിയ ഗാന്ധി ഈ വർഷം ആദ്യം രാജ്യസഭാംഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയാകാനുള്ള അവസരം രാഹുലിനെ തേടിയെത്തിയത്. അമേഠിയിൽ രാഹുൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ആദ്യം ഉയർന്നിരുന്നെങ്കിലും റായ്ബറേലിയിൽ രാഹുൽ ഗാന്ധി വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുകയായിരുന്നു. മാതാവ് സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി വദ്ര, സഹോദരീ ഭർത്താവ് റോബർട്ട് വദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശപത്രിക നൽകിയത്.

അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങളെ കുടുംബമായാണ് കാണുന്നതെന്നും ഇരുമണ്ഡലങ്ങളിലേയും ജനങ്ങളെ വേർതിരിച്ചുകാണുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. തനിക്ക് വികാരനിർഭരമായ നിമിഷമാണെന്നും കുടുംബത്തിന്റെ കർമഭൂമിയുടെ ഉത്തരവാദിത്വം അമ്മ തന്നെ ഏൽപിക്കുകയും മണ്ഡലത്തെ സേവിക്കാനുള്ള അവസരം നൽകുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ലക്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി. കോൺഗ്രസിന്റെ സ്വന്തം തട്ടകമായിരുന്ന അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുൽ ഗാന്ധിയുടെ ഭീരുത്വത്തെ പരിഹസിച്ചാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്. റായ്ബറേലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി വ്യക്തമാക്കി.

അമേഠിയിൽ പരാജയപ്പെടുമെന്ന് കോൺഗ്രസിന് വ്യക്തമായ ബോധമുണ്ട്. ഇതുകൊണ്ടാണ് രാഹുൽ അമേഠിയിൽ മത്സരിക്കാതെ റായ്ബറേലിയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. പ്രതീക്ഷയുടെ നേരിയ അംശമെങ്കിലും അവരിൽ ഉണ്ടായിരുന്നുവെങ്കിൽ അമേഠിയിൽ മത്സരിക്കാൻ അവർ സന്നദ്ധരാവുമായിരുന്നു. ഇങ്ങനെയുള്ള ഭീരുക്കൾക്ക് വോട്ട് നൽകിയിട്ട് കാര്യമുണ്ടോയെന്ന് നിങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് സ്മൃതി ഇറാനി അറിയിച്ചു.

50 വർഷം കോൺഗ്രസ് അമേഠിയിൽ ഭരിച്ചു. എന്താണ് അവർ രാജ്യത്തിനും അമേഠിക്കുമായി ചെയ്തത്. കോൺഗ്രസിന് 50 വർഷം കൊണ്ട് സാധിക്കാത്ത പല വികസനങ്ങളും 5 വർഷം കൊണ്ട് ബിജെപിക്ക് ഇവിടെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതോടെ രാഹുലിന് വയനാട്ടിൽ നിന്നും മറ്റൊരു മണ്ഡലം തേടി പോവേണ്ടി വരുമെന്നും റായ്ബറേലിയിലെ ജനങ്ങൾ ഇതിനോടകം തന്നെ വിധിയെഴുതി കഴിഞ്ഞെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി തന്നെ തെരഞ്ഞെടുത്തു പോന്നിരുന്ന അമേഠിയിലെ ജനങ്ങളോട് വിശ്വാസവഞ്ചന കാട്ടിയതിനാൽ അവിടെ തോൽക്കുമെന്ന് നന്നായറിയാമായിരുന്നതിനാലാണ് കഴിഞ്ഞ തവണ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി ഓടിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം വയനാട്ടിലെ ജനങ്ങൾക്കും കേരളത്തിലെ പൗരന്മാർക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വയനാട്ടിലെ ജനങ്ങളുടെ ദുരിതം തുടരുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിടെ സംഘർഷമുണ്ട്, അതിലൊന്നും രാഹുൽ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ല. വയനാട്ടിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ നൈപുണ്യമുണ്ടാക്കുന്നതിനോ അദ്ദേഹം ഒന്നും ചെയ്തില്ല, വയനാട്ടിൽ നിക്ഷേപങ്ങൾക്കായി ഒന്നും ചെയ്തില്ല. ഇപ്പോൾ വയനാട്ടിൽ നിന്ന് ജാമ്യമെടുത്ത് റായ്ബറേലിയിലേക്ക് മാറാൻ ആലോചിക്കുന്ന കാര്യവും തന്നെ വിശ്വസിച്ച വയനാട്ടിലെ ശുദ്ധരായ വോട്ടർമാരിൽ നിന്ന് മറച്ചു വച്ചാണ് രാഹുൽ ഗാന്ധി വീണ്ടും അവിടെ മത്സരിക്കാനെത്തിയത് എന്നിപ്പോൾ വെളിവായിരിക്കുന്നു. നിങ്ങളെ സേവിക്കാൻ എനിക്ക് കഴിയില്ലെന്ന് വയനാട്ടിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ഔചിത്യം പോലും അദ്ദേഹം കാട്ടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കുടുംബ സീറ്റ് നിലനിർത്തുന്നതിന് റായ്ബറേലിയിലേക്കോടിയ രാഹുൽ വയനാട്ടിലെ ജനങ്ങളോട് കാട്ടിയത് കൊടും വഞ്ചനയാണ്. ജനങ്ങളെ വിഡ്ഢികളാക്കാം, തെറ്റിദ്ധരിപ്പിക്കാം, നുണകൾ കൊണ്ട് തീറ്റിപ്പോറ്റാം, ജനങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകാം, ജനങ്ങളെ ചൂഷണം ചെയ്യുന്നത് തുടരാമെന്നെല്ലാം ഇപ്പോഴും വിശ്വസിക്കുന്ന കോൺഗ്രസിന്റെയും കോൺഗ്രസ് കുടുംബത്തിന്റെയും തനി സ്വഭാവമാണിത് കാണിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് താനിന്നും വയനാട്ടിൽ പിടിച്ചു നിൽക്കുന്നതെന്ന് അദ്ദേഹത്തിന് നന്നായറിയാം. എന്നാൽ എത്ര വോട്ടുബാങ്കുണ്ടായിട്ടും വയനാട്ടിൽ ബി ജെ പിയുടെ കെ സുരേന്ദ്രനും സി പി ഐയിലെ ആനി രാജയ്ക്കും എതിരായ കടുത്ത പോരാട്ടത്തിലാണ് രാഹുൽ ഗാന്ധി. ഇത്തവണ രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിക്കുക ദുഷ്‌കരമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നതു സാധാരണ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം ലീഗും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കും. തങ്ങൾ തന്നെ ആ അഭിപ്രായം അദ്ദേഹത്തെ അറിയിച്ചിരുന്നു. കെ സി വേണുഗോപാലുമായി താൻ തന്നെ ടെലിഫോണിൽ സംസാരിച്ചിരുന്നു. മത്സരിക്കണമെന്നു പറഞ്ഞിരുന്നു. ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ ഇത്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും അങ്ങനെ തന്നെ ആയിരുന്നില്ലേ. രാഷ്ട്രീയ തീരുമാനങ്ങളാണ്. അതുവച്ച് പ്രചരണം നടത്തുന്നതിൽ അർഥമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വിമർശനവുമായി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ രംഗത്തെത്തിയിരുന്നു. മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് ആനി രാജ വ്യക്തമാക്കി.

ഇക്കാര്യം മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നുമാണ് ആനി രാജ അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം: സിപിഎമ്മിനും എൽഡിഎഫ് ഘടക കക്ഷികൾക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനും ബിജെപിയും തമ്മിലുള്ള ബന്ധം തെളിവുകൾ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികൾക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കൾ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്. കോൺഗ്രസ് പിന്തുണയിൽ മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കുമ്പോഴും രാഹുൽ ഗാന്ധിയെ പോലും വിമർശിക്കാൻ മടി കാട്ടാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള ഒരു നേതാക്കൾക്കും കൺവീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ ധൈര്യമില്ല. പിണറായി വിജയന് മുന്നിൽ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സിപിഎമ്മിനും മുന്നിൽ തലകുനിച്ചു നിൽക്കുകയാണ് ഘടകകക്ഷികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയനും സിപിഎമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നിൽക്കുകയെന്നതാണ് എൽഡിഎഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എൽഡിഎഫിൽ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കർണാടകത്തിൽ ലൈംഗിക ആരോപണത്തിൽപ്പെട്ട് വഷളായ ജെഡിഎസിനെ കേരളത്തിൽ ചുമക്കേണ്ട ഗതികേടിലാണ് എൽഡിഎഫ്. എൻഡിഎ ഘടകകക്ഷിയായ അതേ ജെഡിഎസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയൻ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചപ്പോൾ മറുപടി നൽകാതെ മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എൻഡിഎ ഘടകകക്ഷിയായ ജെഡിഎസിനെ തള്ളിപ്പറയാൻ എൽഡിഎഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വിമർശനവുമായി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ. മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് ആനി രാജ വ്യക്തമാക്കി.

ഇക്കാര്യം മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നുമാണ് ആനി രാജ അഭിപ്രായപ്പെട്ടത്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് എല്ലാ സ്ഥാനാർഥികളുടേയും അവകാശമാണ്. ആ അവകാശം അദ്ദേഹം വിനിയോഗിക്കുന്നു. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവെച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാകുമതെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.

ഇത് പെട്ടെന്ന് ഒരു ദിവസമെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചർച്ചകൾ ആ പാർട്ടിക്കുള്ളിൽ ഇതിന് മുന്നേതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കിൽ പോലും ഇത്തരമൊന്ന് ചർച്ചയിലുണ്ട്, പാർട്ടിയുടെ പരിഗണനയിൽ ഈ വിഷയമുണ്ട് എന്ന് പറയാനുള്ള ധാർമികമായ ബാധ്യത രാഹുൽ ഗാന്ധിക്കുണ്ട്. അദ്ദേഹം അത് നിർവഹിച്ചില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി എപ്പോഴും പറയുന്നത് വയനാട്ടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നുംചെയ്തില്ലെങ്കിൽ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടിൽ മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ വൈകാരികതയെ വെച്ചുകൊണ്ട് പത്ത് വോട്ടിനോ രണ്ട് സീറ്റിനോ വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണോ, അതല്ല രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റേതായ വൈകാരികതയുണ്ടോ. വേണുഗോപാൽ പറയുന്നതുപോലെ സന്ദർഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കൂടി മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത്.

ഉത്തർ പ്രദേശിലെ അമേത്തിയിലോ റായ്ബറേലിയിലോ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ പുറത്തു വന്നിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റിൽ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്നാണ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കിശോരിലാൽ ശർമ്മയാണ്.

ന്യൂഡൽഹി: ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി. മുൻ എംഎൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേർ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നൽകിയത്. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിന്റെ ചുമതല നിർവ്വഹിച്ചിരുന്ന നേതാവാണ് നസീബ് സിംഗ്.

നീരജ് ബസോ ഡൽഹി മണ്ഡലത്തിന്റെ ചുമതലയാണ് നിർവ്വഹിച്ചിരുന്നത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ ഇരുവർക്കും അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും രാജി സമർപ്പിച്ചത്. തന്റേയും ഡൽഹിയിൽ നിന്നുള്ള മറ്റ് നേതാക്കളുടേയും അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാൻഡ് എഎപിയുമായി സഖ്യമുണ്ടാക്കിയതെന്ന് നസീബ് സിങ് പറഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് ഡൽഹിയിൽ പാർട്ടിയെ ഇല്ലാതാക്കും. പാർട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോർത്ത് വെസ്റ്റ് ഡൽഹിയിലും നോർത്ത് ഈസ്റ്റ് ഡൽഹിയിലും സ്ഥാനാർഥികളാക്കിയത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി, കോൺഗ്രസ് ടിക്കറ്റിലെ എഎപിക്കാരനാണെന്നും അദ്ദേഹം കത്തിൽ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സിപിഎമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.

തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ട്. യുഡിഎഫ് വിജയിക്കും. ബിജെപിയ്ക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട്ടിയിട്ടുണ്ട്. ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ല. 30000 മുതൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. സിപിഎം വോട്ട് മറിച്ചത് ചിലപ്പോൾ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിയെ സഹായിക്കും. വോട്ട് മറിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. ബിജെപിയോടുള്ള സിപിഎം സമീപനം എന്നും മൃദുവാണ്. പണ്ട് കേന്ദ്രത്തിൽ ആണെങ്കിൽ ഇന്നും കേരളത്തിൽ അത് തുടരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഇ പി ജയരാജൻ ചർച്ച നടത്തിയത് അദ്ദേഹത്തിന് ബിജെപിയിൽ പോകാനല്ല. സിപിഎമ്മിന്റെ പ്രതിനിധി ആയി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് നടപടി എടുക്കാത്തത്. തൃശ്ശൂർ ആയിരുന്നു മെയിൻ ഡീലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.