ലോക്‌സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ സാധ്യത

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ സാധ്യത വർധിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാൻ മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നൽകിയേക്കും. അതേസമയം, റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തെ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മത്സരത്തിന് തയ്യാറായി നിൽക്കാനാണ് റായ്ബറേലിയിലേയും അമേഠിയിലേയും പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നിൽകിയത്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്‌റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.

എന്നാൽ പ്രിയങ്ക ഇവിടെ മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ് നടക്കുന്നത്.