നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും; എൻ കെ പ്രേമചന്ദ്രൻ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണവുമായി ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് ഇതുകൊണ്ടാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്വകാര്യ സന്ദർശനത്തിനെത്തിയ നിതിൻ ഗഡ്തകരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പി ജയരാജനെ എങ്ങനെ കുറ്റം പറയാൻ കഴിയും. ആർഎസ്എസ് ആസ്ഥാനം ഉൾപ്പെടുന്ന നാഗ്പുർ മണ്ഡലത്തിന്റെ പ്രതിനിധിയും ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗഡ്കരിയും കുടുംബവും തീർത്തും സ്വകാര്യ സന്ദർശനത്തിനാണ് കോവളത്തും കന്യാകുമാരിയിലും വന്നത്. ഇതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രവൃത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിനു യോജിച്ചതാണോയെന്നു വ്യക്തമാക്കണം. ഗഡ്കരിയെ സൽക്കരിച്ച പിണറായിക്ക് എങ്ങനെയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ കുറ്റം പറയാനാവുകയെന്നും പ്രേമചന്ദ്രൻ ചോദിക്കുന്നു.

പ്രകാശ് ജാവഡേക്കർ കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ നേതാവാണ്. മുഖ്യമന്ത്രി പറയുന്നത് താൻ പലതവണ ജാവഡേക്കറെ കണ്ടു എന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത് എന്തിനാണെന്നു പൊതുസമൂഹത്തിനു മുന്നിൽ പറയണം. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്, എക്സാലോജിക്, എസ്എൻസി ലാവ്‌ലിൻ, സ്വർണക്കള്ളക്കടത്ത് കേസുകൾ ഇല്ലാതാക്കുന്നതിനു പകരം തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ ബിജെപിക്ക് പിന്തുണ നൽകാനുള്ള അടവു നയത്തിന്റെയും ‘ഡീൽ’ ഉറപ്പിക്കലിന്റെയും ഭാഗമായിരുന്നു ജാവഡേക്കറുമായുള്ള ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.