Politics (Page 119)

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ കാലിൽ തൊട്ട് വന്ദിച്ചത് വിവാദമായതിന് പിന്നാലെ അതിന് മറുപടിയുമായി രജനികാന്ത് രംഗത്തെത്തി. പ്രായമല്ല ബഹുമാനം നൽകാൻ താൻ സ്വീകരിക്കുന്ന മാനദണ്ഡമെന്നും തന്നെക്കാൾ പ്രായം കുറഞ്ഞ യോഗിയെയോ സന്യാസിയെയോ കണ്ടാൽ കാൽ തൊട്ട് വണങ്ങുമെന്നും രജനി പ്രതികരിച്ചു. യോഗിയുടെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ രാജ്യത്തിന്റെ പലയിടത്ത് നിന്നും രജനിയെ വിമർശിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു.

ഉത്തർപ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങൾ രജനി ഓർക്കാത്തതെന്താണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ യോഗിയെ എന്തിന് തൊട്ടു വണങ്ങിയെന്നുമൊക്കെയായിരുന്നു രജനിക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ. എന്നാൽ ഒരു കൂട്ടം ആളുകൾ രജനിയെ അനുകൂലിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതോടെയായിരുന്നു യോഗിയെ കാൽ തൊട്ട് വണങ്ങിയ സംഭവത്തിൽ രജനി മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്. അതെ സമയം രജനികാന്തിന്റെ ജയിലർ സിനിമ 500 കോടി ക്ലബ് കടന്നിരിക്കുകയാണ്. ഈ സമയം രജനി ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആത്മീയ പാതയിലാണ്.

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറ്റവും അധികം ചർച്ചയായത് ശശി തരൂരിന്റെ അംഗത്വമാണ്. പ്രവർത്തക സമിതിയിൽ തരൂർ വേണമെന്ന് രണ്ട് പേരാണ് നിർദ്ദേശിച്ചത്. സോണിയാ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

പാർട്ടിയിൽ ജനാധിപത്യം ഉറപ്പാക്കാൻ മത്സരിച്ച തരൂരിനെ ഒഴിവാക്കുന്നത് ദേശീയതലത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തരൂരിനെ സ്ഥിരം അംഗമാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. കെസി വേണുഗോപാൽ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനാൽ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി നിശ്ചയിക്കുകയായിരുന്നു.

കോട്ടയം : മാധ്യമങ്ങളുടെ ഔദാര്യം പറ്റി മന്ത്രിയായ വ്യക്തിയല്ല മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകേണ്ട കാര്യവുമില്ല. മാസപ്പടി വിവാദങ്ങൾക്ക് അദ്ദേഹം മറുപടി പറയേണ്ട കാര്യമില്ലെന്നും , പറയേണ്ട സമയത്ത് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രപുത്രനല്ലെന്നും മന്ത്രി വി. എൻ വാസവൻ. ചില നേതാക്കൾ ദിവസവും ഫോട്ടോയും വാർത്തയും മാധ്യമങ്ങളിൽ വന്നില്ലെങ്കിൽ ഫീൽഡ് ഔട്ട്‌ ആയേക്കാം എന്നാൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ അങ്ങനെയൊരു പ്രശ്നമില്ല.

കാലുവാരാനും ചോദ്യം ചെയ്യാനും സ്ഥാനം തട്ടിയെടുക്കാനുമുള്ള പ്രവണതകൾ ഉള്ള സ്വഭാവം ഇടതുപക്ഷത്തിനില്ലെന്നും മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങൾ കൃത്യ സമയത്ത് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പത്രപുത്രനായതിലൂടെ നേതാവായ വ്യക്തിയല്ല പിണറായി വിജയൻ, സ്വന്തം നിശ്ചയദാർഢ്യത്തിലൂടെ ഏതു പ്രതിസന്ധികളെയും മറികടന്നു വന്ന നേതാവാണ്, സഹനശക്തിക്ക് ഒരു ഓസ്കാർ അവാർഡ് കൊടുത്താൽ അത് കേരളത്തിലെ മുഖ്യമന്ത്രിക്ക് ലഭിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

പാലക്കാട്‌ : മാത്യു കുഴൽനാടൻ എംഎൽഎയുടേത് അനാവശ്യ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ ക്രൂശിക്കുന്നതെന്നും പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. വീണ ഐ ജി എസ് ടി നൽകിയില്ലെന്ന വാദത്തിൽ മാത്യു കുഴൽ നാടൻ എംഎൽഎ ഉറച്ചു നിൽക്കാൻ തയ്യാറാണോ, എന്നാൽ എല്ലാ മാസവും ഇത് കൊടുത്തതിന്റെ രേഖ പുറത്തുവിട്ടാൽ കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകുമോ, എന്നായിരുന്നു എ കെ ബാലന്റെ എംഎൽക്കെതിരെയുള്ള വിമർശനം.

വാസ്തവമില്ലാത്ത കാര്യങ്ങൾ എന്തിനാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഇതുവരെ വീണയെ ആദായനികുതി വകുപ്പ് ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴിയെടുത്തിട്ടില്ലെന്നും ബാലൻ വിശദീകരിച്ചു. വീണയുടെ കമ്പനി 42 ലക്ഷം രൂപ സി എം ആർ എല്ലിൽ നിന്ന് വാങ്ങിയതിന്റെ തെളിവുകൾ ഉണ്ടെന്നായിരുന്നു കഴിഞ്ഞദിവസം മാത്യു കുഴൽ നാടൻ എംഎൽഎ നടത്തിയ ആരോപണം.

ഈ പണം കൂടാതെ കമ്പനി ഉടമയുടെ ഭാര്യയുടെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് എംഎൽഎ വെളിപ്പെടുത്തിയിരുന്നു. തന്റെ വാദങ്ങൾ തെളിയിക്കുന്ന വിവരങ്ങൾ നിരത്തിയായിരുന്നു മാത്യു കുഴൽനാടന്റെ വിശദീകരണം. ധനമന്ത്രി കെ എൻ ബാലഗോപാലിന് അദ്ദേഹം ഇ – മെയിൽ വഴി വിഷയത്തിൽ പരാതിയും നൽകിയിട്ടുണ്ട്.

കൊട്ടാരക്കര : ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ കൃഷ്ണനും അയ്യപ്പനും ശിവനുമെല്ലാം മിത്താണെന്ന് പറഞ്ഞശേഷം നിങ്ങളും മിത്ത് ആണെന്ന് പറയുമെന്ന് വിമർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. ഹിന്ദു വിശ്വാസികൾക്കൊന്നും നട്ടെല്ലില്ലെന്നും അവർക്കെല്ലാം അഭിപ്രായം പറയാൻ പേടിയാണെന്നും നടൻ പ്രതികരിച്ചു.

മറ്റ് മതങ്ങളിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി ആരും ഒന്നും മിണ്ടില്ല. അത്തരത്തിൽ നമ്മളും കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകണം. ഗണപതി ഇല്ല എന്നൊരാൾ പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടി എങ്കിലും നമ്മൾ ശബ്ദം ഉയർത്തണമെന്നും നടൻ വിശദീകരിച്ചു. നമ്മൾ വിശ്വസിക്കുന്ന ദൈവം മിത്താണെന്നു പറയുമ്പോൾ ആർക്കും അതൊരു പ്രശ്നമല്ല. ഞാനടക്കമുള്ള എല്ലാ ഹിന്ദുമത വിശ്വാസികളും അത് കേട്ട് നിൽക്കുന്നത് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

ന്യൂ ഡൽഹി : പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഗുജറാത്തിൽ നിന്നുള്ള യുവതിയുടെ ഹർജിയിലാണ് ഇന്ന് പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി വിധി പറഞ്ഞത്. ഇന്ത്യൻ കാഴ്ചപ്പാടിൽ ദമ്പതികൾക്ക് കുട്ടിയുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണെന്നും എന്നാൽ അവിവാഹിതയായ സ്ത്രീക്ക് അനാവശ്യമായി ഗർഭധാരണം സംഭവിക്കുമ്പോൾ അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. പുതിയ മെഡിക്കൽ പരിശോധന പീഡനത്തിനിരയായ സ്ത്രീക്ക് നടത്താനും കോടതി ഉത്തരവിട്ടു.

ഗർഭച്ഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ടിട്ടുള്ള യുവതിയുടെ ഹർജി തള്ളിയ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം കേസുകളെ സാധാരണയായി കാണരുതെന്നും അടിയന്തരമായി തീരുമാനങ്ങൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 26 ആഴ്ച ഗർഭിണിയായ യുവതിയുടെ ഗർഭച്ഛിദ്രത്തെ കുറിച്ച് വേഗത്തിൽ തീരുമാനമെടുക്കാതെ മെഡിക്കൽ റിപ്പോർട്ട് കിട്ടുന്നതുവരെ 12 ദിവസത്തേക്ക് ഹർജി മാറ്റിവെച്ച ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനത്തെയും സുപ്രീംകോടതി വിമർശിച്ചു.

തിരുവനന്തപുരം : സിപിഎം നേതാവ് എ കെ ബാലന്റെ ആരോപണത്തിന് മറുപടിയുമായി മാത്യു കുഴൽ നാടൻ എം എൽ എ രംഗത്തെത്തി. വീണയുടെ കമ്പനി ഐ ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ മാപ്പ് പറയാൻ താൻ ഒരുക്കമാണെന്ന് എം എൽ എ വ്യക്തമാക്കി. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ എ കെ ബാലൻ എന്തു ചെയ്യുമെന്ന് വ്യക്തമാക്കണമെന്നും കുഴൽ നാടൻ വിമർശിച്ചു.

പിണറായി വിജയന്റെ മകളുടെ കമ്പനി ഐ ജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ മാത്യു കുഴൽ നാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്നും മാപ്പ് പറയണമെന്നുമുള്ള എ കെ ബാലന്റെ ചോദ്യത്തിന് മറുപടിയായായിരുന്നു പ്രതികരണം. മുതിർന്ന നേതാക്കളായ പിണറായി വിജയനോടും എ കെ ബാലനോടും പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് പറയാൻ താൻ ആവശ്യപ്പെടില്ല. ഐ ജി എസ് ടി യുടെ കണക്ക് വിടാൻ പുറത്തുവിടാൻ ഞാൻ കാത്തിരിക്കുകയാണ്. എത്ര ദിവസം ഇതിനുവേണ്ടി കാത്തിരിക്കണം എന്നറിയില്ല. ഞാൻ രാഷ്ട്രീയത്തിൽ തുടക്കക്കാരനായതിനാൽ ഇപ്പോൾ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന് പറയുന്നത് വലിയ വെല്ലുവിളിയാണ്.

ഐ ജി എസ് ടി യുടെ കണക്കുകൾ വീണയോ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റോ പുറത്തുവിടണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. മൂന്നു ദിവസം കാത്തിരുന്നിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.1.72 കോടി രൂപ ഐ ജി എസ് ടി എനിക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ച് വീണയുടെ കമ്പനി അടച്ചിട്ടില്ല. പക്ഷേ ഞാൻ പറയുന്ന വസ്തുത തെറ്റാണെന്ന് തെളിഞ്ഞാൽ എന്റെ തെറ്റ് ഞാൻ ഏറ്റു പറയാൻ തയ്യാറാണ്. വീണയെപ്പോലെ ഒരു സംരംഭകയെ ബുദ്ധിമുട്ടിച്ചതിൽ അവരോട് മാപ്പ് പറയുമെന്നും മാത്യു കുഴൽ നാടൻ വിശദീകരിച്ചു.

തിരുവനന്തപുരം : ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ സന്ദർശിക്കവെ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച് ഉപചാരം പ്രകടനം നടത്തിയ രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻ കുട്ടി രംഗത്തെത്തി. ‘കുനിയുന്നതും നിവരുന്നതും നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹുകും , ജയിലർ എന്നീ ഹാഷ്ടാഗുകളിൽ വന്ന പോസ്റ്റിൽ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

രജനിയുടെ പ്രവൃത്തി ശരിയല്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. നേരത്തെ ജയിലർ കണ്ട ശേഷവും മന്ത്രി ശിവൻ കുട്ടി സോഷ്യൽ മീഡിയയിലൂടെ പ്രതികരണം അറിയിച്ചിരുന്നു. ജയിലർ വിനായകന്റെ സിനിമയാണെന്നായിരുന്നു മന്ത്രി അന്ന് അഭിപ്രായപ്പെട്ടത്. അതെ സമയം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ രജനികാന്ത് അദ്ദേഹത്തിനൊപ്പം ജയിലർ സിനിമ കണ്ട ശേഷം അയോധ്യയിലേക്ക് യാത്ര തിരിച്ചു.

ന്യൂ ഡൽഹി : ഇന്ത്യയിലെ ആദ്യത്തെ 8 വരി എലിവേറ്റഡ് അർബൻ അതിവേഗ പാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ ആകാശ ദൃശ്യങ്ങൾ പുറത്ത് വിട്ട് മന്ത്രി നിതിൻ ഗഡ്കരി. എൻജിനിയറിങ്ങിന്റെ അത്ഭുതമെന്നാണ് അദ്ദേഹം ഈ പാതയെ വിശേഷിപ്പിച്ചത്. റോഡിൻറെ വീഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഭാവിയിലൂടെയുള്ള യാത്ര ഇതുവഴിയാണെന്നാണ് മന്ത്രി പറഞ്ഞത്.

1200 മരങ്ങൾ വീണ്ടും പറിച്ചു നടന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയായ ദ്വാരക എക്‌സ്പ്രസ് വേ 563 കിലോമീറ്റർ ദൈർഘ്യമുള്ള നാല് പാക്കേജുകളുള്ള ഹൈ വേയാണ്. ദേശീയ പാത 8 ആരംഭിക്കുന്ന ശിവമൂർത്തിയിൽ നിന്ന് ആരംഭിച്ച് ഗുരുഗ്രാമിലെ ഖേർക്കി ധൗല ടോൾ പ്ലാസയിലാണ്‌ റോഡ് അവസാനിക്കുന്നത്.ഡൽഹിയിലെ ഗതാഗത കുരുക്കും വാഹനങ്ങളുടെ ശബ്ധ – വായു മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാതയുടെ നിർമാണം ആരംഭിച്ചത്.

ദേശീയപാത 8 ൽ 50 % ഗതാഗത കുരുക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതി 10000 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. പുതിയ പാത നിർമിക്കാൻ ഈഫൽ ടവർ നിർമിക്കാനുപയോഗിച്ചതിന്റെ 30 മടങ്ങോളം കൂടുതലുള്ള സ്റ്റീലും ബുർജ് ഖലീഫ നിർമിക്കാനുപയോഗിച്ചതിന്റെ 6 മടങ്ങോളം കോൺക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്. 3.6 മീറ്റർ നീളവും 8 വരി വീതിയുമുള്ള രാജ്യത്തെ ഏറ്റവും വലിയ തുരങ്ക പാതയും എക്‌സ്പ്രസ് വേയിലുണ്ടാകും.

ന്യൂ ഡൽഹി : ഉയർന്നു നിൽക്കുന്ന സവാള വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ സവാള കയറ്റുമതിയ്ക്ക് 40% തീരുവ ഏർപ്പെടുത്തിയിരുന്നു. ഈ നീക്കത്തിന് പിന്നാലെ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ സവാള നൽകാനുള്ള ഇടപെടലുമായി കേന്ദ്രം. ഇതോടെ കിലോയ്ക്ക് 25 രൂപ നിരക്കിൽ നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ വഴിയാണ് സവാള വിതരണം ചെയ്യുന്നത്.

ചില്ലറ വില്പന ശാലകൾ വഴിയും മൊബൈൽ വാനുകൾ വഴിയും വില്പനയ്ക്ക് എത്തിക്കാനായി സവാളയുടെ ബഫർ സ്റ്റോക്ക് 3 ലക്ഷം മെട്രിക് ടണിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ഒക്ടോബറിൽ നടക്കുന്ന വിളവെടുപ്പ് വരെയെങ്കിലും സവാളയുടെ വില കുറയ്ക്കാനാണ് സർക്കാർ ഇതിലൂടെ പദ്ധതിയിടുന്നത്.

സവാള, ഉരുളകിഴങ്ങ് എന്നിങ്ങനെയുള്ള നിത്യോപയോഗ സാധങ്ങളുടെ വർദ്ധനവിനെ സംബന്ധിച്ച് റിസർവ് ബാങ്ക് ലേഖനം വന്നതോട് കൂടിയാണ് സവാള കയറ്റുമതിക്ക് 40 % തീരുവ സർക്കാർ ഏർപ്പെടുത്തിയത്. കടുത്ത വേനൽ മൂലം സവാളയുടെ വിളവ് കുറഞ്ഞതാണ് ക്രമാനുഗതമായി ഇത്തരത്തിൽ വില വർധിക്കാൻ കാരണമായത്.