കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടന; ചർച്ചയായി ശശി തരൂരിന്റെ അംഗത്വം

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറ്റവും അധികം ചർച്ചയായത് ശശി തരൂരിന്റെ അംഗത്വമാണ്. പ്രവർത്തക സമിതിയിൽ തരൂർ വേണമെന്ന് രണ്ട് പേരാണ് നിർദ്ദേശിച്ചത്. സോണിയാ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

പാർട്ടിയിൽ ജനാധിപത്യം ഉറപ്പാക്കാൻ മത്സരിച്ച തരൂരിനെ ഒഴിവാക്കുന്നത് ദേശീയതലത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തരൂരിനെ സ്ഥിരം അംഗമാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. കെസി വേണുഗോപാൽ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനാൽ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി നിശ്ചയിക്കുകയായിരുന്നു.