ബലാത്സംഗത്തിനിടയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകി സുപ്രീംകോടതി

ന്യൂ ഡൽഹി : പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഗുജറാത്തിൽ നിന്നുള്ള യുവതിയുടെ ഹർജിയിലാണ് ഇന്ന് പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി വിധി പറഞ്ഞത്. ഇന്ത്യൻ കാഴ്ചപ്പാടിൽ ദമ്പതികൾക്ക് കുട്ടിയുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണെന്നും എന്നാൽ അവിവാഹിതയായ സ്ത്രീക്ക് അനാവശ്യമായി ഗർഭധാരണം സംഭവിക്കുമ്പോൾ അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. പുതിയ മെഡിക്കൽ പരിശോധന പീഡനത്തിനിരയായ സ്ത്രീക്ക് നടത്താനും കോടതി ഉത്തരവിട്ടു.

ഗർഭച്ഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ടിട്ടുള്ള യുവതിയുടെ ഹർജി തള്ളിയ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം കേസുകളെ സാധാരണയായി കാണരുതെന്നും അടിയന്തരമായി തീരുമാനങ്ങൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 26 ആഴ്ച ഗർഭിണിയായ യുവതിയുടെ ഗർഭച്ഛിദ്രത്തെ കുറിച്ച് വേഗത്തിൽ തീരുമാനമെടുക്കാതെ മെഡിക്കൽ റിപ്പോർട്ട് കിട്ടുന്നതുവരെ 12 ദിവസത്തേക്ക് ഹർജി മാറ്റിവെച്ച ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനത്തെയും സുപ്രീംകോടതി വിമർശിച്ചു.