ഗണപതിയില്ലെന്ന് ഒരാൾ പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മൾ ശബ്ദമുയർത്തണമെന്ന് നടൻ ഉണ്ണി മുകുന്ദൻ

കൊട്ടാരക്കര : ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ കൃഷ്ണനും അയ്യപ്പനും ശിവനുമെല്ലാം മിത്താണെന്ന് പറഞ്ഞശേഷം നിങ്ങളും മിത്ത് ആണെന്ന് പറയുമെന്ന് വിമർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. ഹിന്ദു വിശ്വാസികൾക്കൊന്നും നട്ടെല്ലില്ലെന്നും അവർക്കെല്ലാം അഭിപ്രായം പറയാൻ പേടിയാണെന്നും നടൻ പ്രതികരിച്ചു.

മറ്റ് മതങ്ങളിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി ആരും ഒന്നും മിണ്ടില്ല. അത്തരത്തിൽ നമ്മളും കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകണം. ഗണപതി ഇല്ല എന്നൊരാൾ പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടി എങ്കിലും നമ്മൾ ശബ്ദം ഉയർത്തണമെന്നും നടൻ വിശദീകരിച്ചു. നമ്മൾ വിശ്വസിക്കുന്ന ദൈവം മിത്താണെന്നു പറയുമ്പോൾ ആർക്കും അതൊരു പ്രശ്നമല്ല. ഞാനടക്കമുള്ള എല്ലാ ഹിന്ദുമത വിശ്വാസികളും അത് കേട്ട് നിൽക്കുന്നത് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.