മാത്യു കുഴൽ നാടനെ വെല്ലുവിളിച്ച് സിപിഎം നേതാവ് എ കെ ബാലൻ

പാലക്കാട്‌ : മാത്യു കുഴൽനാടൻ എംഎൽഎയുടേത് അനാവശ്യ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ ക്രൂശിക്കുന്നതെന്നും പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. വീണ ഐ ജി എസ് ടി നൽകിയില്ലെന്ന വാദത്തിൽ മാത്യു കുഴൽ നാടൻ എംഎൽഎ ഉറച്ചു നിൽക്കാൻ തയ്യാറാണോ, എന്നാൽ എല്ലാ മാസവും ഇത് കൊടുത്തതിന്റെ രേഖ പുറത്തുവിട്ടാൽ കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകുമോ, എന്നായിരുന്നു എ കെ ബാലന്റെ എംഎൽക്കെതിരെയുള്ള വിമർശനം.

വാസ്തവമില്ലാത്ത കാര്യങ്ങൾ എന്തിനാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഇതുവരെ വീണയെ ആദായനികുതി വകുപ്പ് ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴിയെടുത്തിട്ടില്ലെന്നും ബാലൻ വിശദീകരിച്ചു. വീണയുടെ കമ്പനി 42 ലക്ഷം രൂപ സി എം ആർ എല്ലിൽ നിന്ന് വാങ്ങിയതിന്റെ തെളിവുകൾ ഉണ്ടെന്നായിരുന്നു കഴിഞ്ഞദിവസം മാത്യു കുഴൽ നാടൻ എംഎൽഎ നടത്തിയ ആരോപണം.

ഈ പണം കൂടാതെ കമ്പനി ഉടമയുടെ ഭാര്യയുടെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് എംഎൽഎ വെളിപ്പെടുത്തിയിരുന്നു. തന്റെ വാദങ്ങൾ തെളിയിക്കുന്ന വിവരങ്ങൾ നിരത്തിയായിരുന്നു മാത്യു കുഴൽനാടന്റെ വിശദീകരണം. ധനമന്ത്രി കെ എൻ ബാലഗോപാലിന് അദ്ദേഹം ഇ – മെയിൽ വഴി വിഷയത്തിൽ പരാതിയും നൽകിയിട്ടുണ്ട്.