Politics (Page 120)

തിരുവനന്തപുരം : കെ ഫോൺ പദ്ധതി നടത്തിപ്പിൽ എസ് ആർ ഐ ടി യുടെ വീഴ്‌ചകൾ കണ്ടെത്തി സി എ ജി. സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച കെ ഫോണിന്റെ മെല്ലെപോക്കിനും മോശമായ പ്രകടനത്തിനും കാരണം എസ് ആർ ഐ ടി യാണെന്നാണ് സി എ ജി നിരീക്ഷിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഭാരത് ഇലക്ട്രോണിക്സ് വിളിച്ച യോഗത്തിൽ വീഴ്ചകളെല്ലാം എസ് ആർ ഐ ടി സമ്മതിച്ചതായും സി എ ജി ഓഡിറ്റ് പരാമർശത്തിൽ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ പദ്ധതിയാണെങ്കിലും കെ ഫോണിന്റെ എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് ആർ ഐ ടിയാണ്.

ഭാരത് ഇലക്ട്രോണിക്സെന്ന പൊതുമേഖലാ സ്ഥാപനം ജനുവരിയിൽ നടത്തിയ അവലോകന യോഗത്തിലാണ് കമ്പനിയുടെ ഗുരുതരവീഴ്ചകൾ കണ്ടെത്തിയത്. 339 കിലോമീറ്റർ ഇടേണ്ടിയിരുന്ന എ ഡി എസ് എസ് കേബിൾ ഇട്ടത് 219 കിലോമീറ്റർ മാത്രമാണ്. ജീവനക്കാരുടെ വിന്യാസത്തിൽ വലിയ പോരായ്മകൾ വരുത്തി തുടങ്ങി 2022 ഡിസംബറിൽ കൈവരിക്കേണ്ട പ്രഖ്യാപിത ലക്ഷ്യങ്ങൾ പോലും എസ് ആർ ഐ ടി ചെയ്തില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വീഴ്ചകൾ കമ്പനി സമ്മതിച്ച സ്ഥിതിക്ക് വസ്തുതകളും വിവരങ്ങളും നിരത്തി കെ ഫോൺ വിശദീകരണം നൽകണമെന്നാണ് സി എ ജി നിർദ്ദേശിച്ചിരിക്കുന്നത്.

ന്യൂ ഡൽഹി : ദേശീയ പാതയിൽ ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ പിരിവ് നടപ്പാക്കാനൊരുങ്ങി സർക്കാർ. ദേശീയപാതകളുടെ നിർമാണം സർക്കാർ പൂർത്തിയാക്കിയ ശേഷം നിശ്ചിത കാലയളവിലേക്ക് ടോൾ തുക ഈടാക്കാനും അറ്റകുറ്റപ്പണി നടത്താനും സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന പദ്ധതിയാണിത്. നിലവിൽ ടോൾ പിരിവ് മാത്രമാണ് സ്വകാര്യ കമ്പനികൾക്ക് നൽകി വന്നിരുന്നത്. ടോൾ പിരിച്ച് ദേശീയപാതയ്ക്ക് കൈമാറിയിരുന്ന ബി ഒ ടി വ്യവസ്ഥയ്‌ക്കെതിരെ പരാതികൾ വർധിക്കുന്നത് കൊണ്ടാണ് ടി ഒ ടി മോഡൽ നടപ്പാക്കാൻ സർക്കാരൊരുങ്ങുന്നത്.

85000 കോടിയുടെ വരുമാനം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിൽ സാമ്പത്തിക ക്യാബിനറ്റ് കമ്മിറ്റിയിൽ നിന്ന് അംഗീകാരവും ലഭിച്ച് കഴിഞ്ഞു. 25 മുതൽ 30 വർഷത്തേക്കുള്ള കരാറിൽ ലേലം വിളിച്ച ശേഷം നിശ്ചിത തുക ടെൻഡർ ക്ഷണിച്ചായിരിക്കും റീച്ചുകൾ കൈമാറുന്നത്. റോഡ് നിർമാണവും പരിപാലനവും നടത്തേണ്ടത് ദേശീയ പാത അതോറിറ്റിക്ക് നഷ്ടമുണ്ടാക്കുന്നത് കൊണ്ടാണ് ടി ഒ ടി മോഡൽ നടപ്പാക്കുന്നത്. നിർമാണം ദേശീയ പാത അതോറിറ്റി നേരിട്ട് നടത്തുന്നതിനാൽ അപാകതകൾ ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് സുധാകരൻ ചോദിക്കുന്നു. എത്ര അന്വേഷണ ഏജൻസികളെ പുറകെ വിട്ടാലും, മാത്യുവിന്റെ സത്യസന്ധതയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ അനധികൃതമായി കൈപ്പറ്റിയതായി രേഖകൾ പുറത്തുവരുന്നത് .ആ പണം എങ്ങനെ സ്വന്തമായെന്നോ ,ആ പണത്തിന് നികുതി അടച്ചെന്നോ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ മകൾക്കോ മുഖ്യമന്ത്രിക്കോ മകളുടെ ഭർത്താവിനോ കഴിയാതെ പോകുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പോലും കഴിയാതെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എഴുന്നേറ്റ് ഓടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വിജയന്റെ മടിയിൽ കനമുണ്ട്. അതിന്റെ പേരിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒന്നടങ്കം ഭയപ്പെടുകയാണ്. മാത്യു കുഴൽനാടൻ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങൾക്ക് തന്റേടം ഉണ്ടെങ്കിൽ സിപിഎം സംസ്ഥാന നേതൃത്വം ഉത്തരം പറയണം .’ചോരപ്പുഴകൾ നീന്തികേറി ‘ എന്നൊക്കെ കള്ളക്കഥകൾ പറഞ്ഞ് അണികളെ രോമാഞ്ചപ്പെടുത്തുന്ന മുഖ്യമന്ത്രി ഒരു യുവ എംഎൽഎയുടെ ചോദ്യങ്ങളെ ഭയന്ന് ക്ലിഫ്ഹൗസിന്റെ അട്ടത്ത് കേറി ഒളിച്ചിരിക്കുകയാണ്. ജീവിതത്തിൽ അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കിൽ ആരോപണങ്ങൾക്ക് ഉത്തരം പറയണം പിണറായി വിജയനെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.

കൈയ്യിലുള്ള അന്വേഷണ ഏജൻസികളെ വിട്ട് ഭയപ്പെടുത്തിയാൽ നെഞ്ചുവേദന അഭിനയിച്ച് ബോധംകെട്ട് വീഴുന്ന രാഷ്ട്രീയക്കാരെ ആയിരിക്കും സിപിഎം നേതാക്കൾ കണ്ടിട്ടുണ്ടാകുക. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് . പിണറായി വിജയന്റെ ഉമ്മാക്കികൾക്ക് പുല്ലുവില പോലും കൽപ്പിക്കാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

മോസ്കോ : ചന്ദ്രയാൻ -3 യോടൊപ്പം ചന്ദ്രനിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയിരുന്ന റഷ്യയുടെ ബഹിരാകാശ പേടകമായ ലൂണ -25 തകർന്നതായി സ്ഥിരീകരിച്ചു. ലൂണ – 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതിക തകരാറുണ്ടെന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ-25 നാളെയോ മറ്റന്നാളോ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതിയിട്ടത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്നതിനിടെയായിരുന്നു സാങ്കേതിക തകരാറുണ്ടായത്. ലൂണാർ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നും അതുമായുള്ള ബന്ധം നഷ്ടമായെന്നുമായിരുന്നു റഷ്യൻ ബഹിരാകാശ മന്ത്രാലയമായ റോസ് കോസ്മോസ് അറിയിച്ചത്.

അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് അയച്ച ലൂണ-25 പകർത്തിയ ചന്ദ്ര ഗർത്തങ്ങളുടെ ചിത്രം കഴിഞ്ഞദിവസം റഷ്യ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ -3 ന് സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനായിരുന്നു ലൂണ 25 പദ്ധതിയിട്ടത്. ജൂലൈ 14 ന് വിക്ഷേപിച്ച ഇന്ത്യയുടെ ചന്ദ്രയാൻ – 3 ആഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങും.

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പുന:സംഘടനയിൽ പ്രതികരണവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോൾ കിട്ടിയത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ല. തന്റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, അധീർ രഞ്ജൻ ചൗധരി, തുടങ്ങിയവർ പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശശി തരൂരും എ കെ ആന്റണിയും പ്രവർത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാണ്. കൊടിക്കുന്നിൽ സുരേഷ് പ്രത്യേക ക്ഷണിതാവായി.

ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇതിനു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തി. സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്.

തിരുവനന്തപുരം : സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടൻ എംഎൽഎയുടെ പുതിയ ആരോപണത്തിൽ പ്രതികരണവുമായി റിയാസ് രംഗത്തെത്തി. കുഴൽ നാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വിളിച്ചുപറയുകയും ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്നുരുളുകയാണെന്നും റിയാസ് വിമർശിച്ചു.

നീതിക്കൊപ്പം നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും പിണറായി വിജയന്റെ മകൾ ആയതുകൊണ്ടല്ല നിരപരാധി ആയതുകൊണ്ടാണ് വീണയുടെ ഒപ്പം പാർട്ടി നിൽക്കുന്നതെന്നും റിയാസ് വ്യക്തമാക്കി. ഓരോരുത്തരായി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. നിയമ നടപടികൾ അതിന്റേതായ രീതിയിൽ നടക്കുമ്പോൾ സത്യാവസ്ഥ അറിയാൻ കഴിയും.

നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങളെല്ലാം സുതാര്യമാണ്. തുടർ ഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങളുന്നയിച്ചു മുന്നിൽ വരുന്നത്. ഇത്തരത്തിലുള്ള ആളുകൾ മരുന്നു കഴിക്കുന്നതാവും നല്ലത്. ആരോപണങ്ങളിൽ മിണ്ടിയാലും ഇല്ലെങ്കിലും അതെല്ലാം വാർത്തയാക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സൈഡ് പ്ലെയർ അല്ലെന്നും അദ്ദേഹം മണ്ഡലത്തിലെത്തുന്നത് വിവാദങ്ങൾക്ക് മറുപടി പറയാനല്ലെന്നും ജെയ്ക് സി തോമസ് അറിയിച്ചു.

അതിനുവേണ്ടി കളയാൻ ഒരു ഇടത് പ്രവർത്തകനും സമയമില്ല. പുതുപ്പള്ളിയിൽ യുഡിഎഫിന് വോട്ടിന് വേണ്ടി ഓടേണ്ടിവരുന്നു. സ്ഥാനാർത്ഥിയുടെ ഓട്ടം അതാണ് സൂചിപ്പിക്കുന്നത്. വികസനം മുൻനിർത്തിയാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മാസപ്പടി അടക്കമുള്ള വിവാദങ്ങൾക്ക് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ മറുപടി നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഭരണകൂടം ജനങ്ങളെ ഭരിക്കുകയല്ല ഭയപ്പെടുകയാണ് വേണ്ടത്. സ്ഥാനാർഥി എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത് എതിർ സ്ഥാനാർത്ഥിയല്ല. ഉറുമ്പ് നടക്കുന്നത് പോലെ യുഡിഎഫ് സ്ഥാനാർഥി പോകണം എന്നാണോ എൽഡിഎഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ന്യൂഡൽഹി: അടുത്ത പ്രധാനമന്ത്രി ഇന്ത്യ സഖ്യത്തിൽ നിന്നാകുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം പി പ്രിയങ്ക ചതുർദേവി. ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ മോദി നടത്തിയത് പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരാണസിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും പ്രിയങ്ക ചതുർദേവി അഭിപ്രായപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വാരാണസി മണ്ഡലത്തിൽനിന്ന് മത്സരിച്ചാൽ അവർ വിജയിക്കും. ഇന്ത്യ സഖ്യം മുൻപന്തിയിലാണ്. ഓരോ സീറ്റിലും ആരാണ് മികച്ചതെന്ന് സഖ്യം ചർച്ചചെയ്യുമെന്നും ചതുർവേദി അറിയിച്ചു.

വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ സങ്കടങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയെല്ലാം രാജ്യത്ത് വർധിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. അവർ ചോദ്യങ്ങൾ ചോദിക്കും. ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ അവരുടെ (ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ) അവസാന പ്രസംഗമായിരുന്നു. അടുത്ത വർഷം ഇന്ത്യ സഖ്യത്തിൽ നിന്നുള്ള പ്രധാനമന്ത്രിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുകയെന്ന് ചതുർവേദി ചൂണ്ടിക്കാട്ടി.

പഞ്ഞത്തിന്റെ കർക്കിടക നാളുകൾ അകന്നു. ഇന്നുമുതൽ 10 ദിവസത്തേക്ക് ഓരോ മലയാളികളുടെ വീടുകളിലും അത്തപ്പൂക്കളം നിറയും. തിരുവോണ ദിവസം വരെ നീണ്ടുനിൽക്കുന്ന 10 ദിവസത്തെ ഓണാഘോഷത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഇനി പൂക്കൾ പറിച്ച് പൂക്കളം തീർത്തും ഓണപ്പുടവ അണിഞ്ഞ് ഓണസദ്യയുണ്ണാനുമുള്ള ഓണാഘോഷങ്ങളിലേക്കുള്ള നാളുകളാണ്. ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമായി.

വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തറ ബോയ്സ് സ്കൂളിൽ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത് നടൻ മമ്മൂട്ടിയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള ഫ്ലോട്ടുകളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. കർശനമായ ഹരിത ചട്ടം പാലിച്ച് അത്തച്ചമയം ഹരിതച്ചമയം എന്ന പേരിലാണ് ഘോഷയാത്രയും ഈ വട്ടത്തെ ഓണാഘോഷവും സംഘടിപ്പിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യ മുന്നണിക്കുള്ളിൽ വീണ്ടും കല്ലുകടി. ഡൽഹിയിലെ സീറ്റുവിഭജന വിവാദത്തിന് പിന്നാലെ എഎപി കോൺഗ്രസ് ഇടച്ചിൽ വ്യക്തമാക്കുന്ന പുതിയ പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാൾ രംഗത്തെത്തി. ഛത്തീസ്ഗഡിലെ സ്‌കൂളുകളുടെ നിലവാരമുയർത്താൻ അധികാരമാറ്റം വേണമെന്ന കേജ്രിവാളിന്റെ പ്രസ്താവനയാണ് ‘ഇന്ത്യ’ മുന്നണിക്കുള്ളിൽ ഭിന്നത സൃഷ്ടിച്ചത്.

ഛത്തീസ്ഗഡിലെ സർക്കാർ സ്‌കൂളുകൾ ശോചനീയവസ്ഥയിലാണെന്നുള്ള റിപ്പോർട്ടു കണ്ടു. നിരവധി സ്‌കൂളുകൾ അവർ അടച്ചുപൂട്ടി. അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. എന്നാൽ ഡൽഹിയിലെ സ്‌കൂളുകൾ നോക്കൂ, വിദ്യാഭ്യാസ മേഖലയ്ക്കായി ഇത്രയധികം പ്രവർത്തിക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. തങ്ങൾ രാഷ്ട്രീയക്കാരല്ല, നിങ്ങളേപ്പോലെ സാധാരണക്കാരാണെന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം.

അതേസമയം, ഛത്തീസ്ഗഡിനെ ഡൽഹിയുമായി താരതമ്യം ചെയ്യുന്നത് എന്തിനെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. ഛത്തീസ്ഗഡിൽ നേരത്തെ ഭരണത്തിലിരുന്ന രമൺ സിങ് സർക്കാരുമായല്ലേ താരതമ്യം നടത്തേണ്ടതെന്നും ഖേര വ്യക്തമാക്കി.