Politics (Page 115)

ന്യൂ ഡൽഹി : ബിജെപി എംപി അഭിനയിച്ച ചിത്രമായ ഗദാർ -2 പാർലമെന്റിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിൽ സിനിമ പ്രദർശിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെയാണ് കോൺഗ്രസ് എതിർത്തത്. ഇന്ത്യൻ ജനാധിപത്യത്തെ വിശ്വ ഗുരു അസംബന്ധത്തിന്റെ തിയേറ്റർ ആക്കി മാറ്റിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് വിമർശനം രേഖപ്പെടുത്തിയത്.

ബാങ്ക് ഓഫ് ബറോഡയ്ക്ക് 56 കോടി രൂപ നൽകാനുള്ള ബിജെപി എംപിയാണ് ഗദാർ -2 നായകൻ. സിനിമയിറങ്ങി 24 മണിക്കൂറിനുള്ളിൽ എംപി ക്കെതിരെയുള്ള നടപടി ബാങ്ക് ഓഫ് ബറോഡ പിൻവലിച്ചെന്നും ജയറാം രമേശ് ട്വിറ്ററിൽ പ്രതികരിച്ചു. പാർലമെന്റിൽ വരാത്തതിന് റെക്കോർഡുള്ള എംപിയുടെ ചിത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന് കടുത്ത നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹി : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നരഹത്യാകുറ്റം നിലനിൽക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീം കോടതിയും തള്ളി. ഈ കേസ് വിചാരണ നടത്തേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി സാഹചര്യ തെളിവ്, സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്തായിരുന്നു വെങ്കിട്ട രാമന്റെ വാദം തള്ളിയത്. വേഗത്തിൽ വണ്ടിയോടിക്കുന്നത് നരഹത്യ ആകാത്തതിനാൽ കുറ്റം നിലനിൽക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ട രാമന്റെ അഭിഭാഷകന്റെ വാദം.

ഇത് നേരത്തെ തന്നെ കേരള ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ച ശേഷമായിരുന്നു ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യകുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.തുടർന്നാണ് ശ്രീറാം കേസിൽ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും ഈ നിലപാട് വ്യക്തമാക്കിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ശ്രീറാം വെങ്കിട്ട രാമൻ.

തിരുവനന്തപുരം : കേരളത്തിൽ ഗുരുതമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നത തലയോഗം ചേരും. യോഗത്തിൽ സ്മാർട്ട് മീറ്റർ പദ്ധതിയും ചർച്ചയാവും. കരാർ നീട്ടിയിട്ടും കമ്പനികൾ ഇതുവരെയും വൈദ്യുതി നൽകാൻ തയ്യാറായിട്ടില്ല. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങണമോ വൈദ്യുതിക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ എന്നത് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. സംസ്ഥാനത്തെ വൈദ്യുതിയുടെ അപര്യാപ്തത ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് യോഗത്തിന്റെ പ്രധാന വിഷയം.

റെഗുലേറ്ററി കമ്മീഷൻ കരാർ നീട്ടാനായി അനുമതി നൽകിയെങ്കിലും രാജ്യത്തെ ഊർജ്ജ പ്രതിസന്ധി കാരണം കരാറിലെ പഴയ വിലയ്ക്ക് വൈദ്യുതി നൽകാനാവില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഷോർട്ടേജ് നിലനിൽക്കുന്നതിനാൽ യൂണിറ്റിന് 10 രൂപയ്ക്ക് മുകളിലാണ് വൈദ്യുതിയുടെ വില. കഴിഞ്ഞ ദിവസമാണ് 500 മെഗാ വാട്ടിലധികം വൈദ്യുതി യൂണിറ്റിന് 10 രൂപ നിരക്കിൽ വാങ്ങിയത്. ഇതിലൂടെ 240 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. ഇതോടൊപ്പം കേന്ദ്രനിലയങ്ങളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും അപ്രതീക്ഷിതമായ കുറവുണ്ടായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഈ രീതിയിൽ പോയാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിനെതിരെ കെഎസ്ഇബിയിലെ തന്നെ സംഘടനകളും സിപിഐഎം കേന്ദ്ര നേതൃത്വവും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ടോട്ടക്സ് മാതൃക മുഖ്യമന്ത്രിക്കും താല്പര്യമില്ലാത്തതുകൊണ്ടുതന്നെ ഇതിന് ബദലായുള്ള മാർഗത്തിന്റെ തീരുമാനം ഇന്ന് ചേരുന്ന യോഗത്തിൽ എടുത്തേക്കും.

ചെന്നൈ : തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റ വിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഡി എം കെ. ബിജെപിയുടെയും എ ഐ എ ഡി എം കെയുടെയും മുൻ മന്ത്രികൾക്കെതിരെയുള്ള കേസുകളിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഒരുപോലെയല്ല നടപടി സ്വീകരിക്കുന്നതെന്നും ചില കേസുകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായും ഡി എം കെ ആരോപിച്ചു. ചില മന്ത്രിമാർക്കെതിരെ മാത്രം നടപടി എടുക്കുന്ന നീക്കത്തിൽ പരിഹാരം വേണമെങ്കിൽ സുപ്രീംകോടതി തന്നെ വേണമെന്നായിരുന്നു ഡിഎംകെ സംഘടനാ സെക്രട്ടറി ആർ ഭാരതി അഭിപ്രായപ്പെട്ടത്.

വെങ്കിടേഷ് നേരത്തെ എടുത്ത പല നടപടികളും സുപ്രീംകോടതി തള്ളിയിട്ടുള്ളതായും പ്രത്യേക കോടതിയിലെ ജഡ്ജിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ മന്ത്രിമാരെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഭാരതി കൂട്ടിച്ചേർത്തു. കരുണാനിധി മന്ത്രിസഭയിൽ 2011 മുതൽ 2016 കാലത്ത് മന്ത്രിയായിരിക്കെ തങ്കം തെന്നരഷും കെ കെ എസ് എസ് ആർ രാമചന്ദ്രനും വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജയലളിത സർക്കാരിന്റെ കാലത്ത് തന്നെ വിജിലൻസ് കുറ്റപത്രം നൽകിയതാണ്.

എന്നാൽ രണ്ടു മന്ത്രിമാരുടെയും സ്വത്ത് കണക്കുകൂട്ടിയതിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് വീണ്ടും കോടതിയിലെത്തുകയായിരുന്നു. പുതിയ കണക്കുകൾ വിലയിരുത്തിയ ശേഷം കോടതി മന്ത്രിമാരെ കുറ്റ വിമുക്തരാക്കിയിരുന്നു. എന്നാൽ കീഴ് കോടതി അതിവേഗം നടപടികൾ പൂർത്തീകരിച്ചതിനാൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വെങ്കിടേഷ് കോടതിയുടെ വിധി പുനഃ പരിശോധിക്കാനായി ഒരുങ്ങുന്നത്.

തിരുവനന്തപുരം : മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. വീണക്കെതിരെയുള്ള അന്വേഷണത്തിനായുള്ള മുറവിളി യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. എക്സാ ലോജിക് കമ്പനിയുടെ ഡയറക്ടറായ വീണയ്ക്ക് 1.75 കോടി രൂപ ലഭിച്ചത് വളരെ സുതാര്യമായ രീതിയിലാണ്. ഈ തുകയ്ക്ക് കൃത്യമായ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സെറ്റിൽമെന്റ് കേസിൽ കക്ഷിയല്ലാത്ത ഒരാളെയും അയാളുടെ കമ്പനിയും പറ്റി പരാമർശം ഉയരുമ്പോൾ അയാളുടെ ഭാഗം കേൾക്കാനുള്ള സ്വാഭാവിക നീതി കേസിൽ ഉണ്ടായില്ല.

ഇതിനെതിരെയാണ് സത്യത്തിൽ വിമർശനങ്ങൾ ഉയരേണ്ടത്. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിൽ ഒരു പൊതു സേവകർക്കും പങ്കില്ല. സി എം ആർ എൽ കമ്പനിക്ക് വേണ്ടി ഒരു പൊതു സേവകരും ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായ രേഖകളുമില്ല. അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തണമെങ്കിൽ വ്യക്തമായ തെളിവ് വേണം. ഇവിടെ അത്തരത്തിൽ ഒരു പൊതു സേവകരും നിയമം ലംഘിച്ചിട്ടില്ല.ഇതിലൂടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നടത്തണമെന്ന് വാശി പിടിക്കുന്നതിൽ കഴമ്പില്ലെന്നാണ് ദേശാഭിമാനി വ്യക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം : തിരുവോണദിവസം സെക്രട്ടറിയേറ്റ് പടിക്കൽ പട്ടിണി കഞ്ഞി സത്യാഗ്രഹം നടത്താനൊരുങ്ങി കൊടിക്കുന്നിൽ സുരേഷ് എംപി. കർഷകർക്കെതിരെയുള്ള സർക്കാരിന്റെ വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് എംപി അഭിപ്രായപ്പെട്ടു. തിരുവോണദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പട്ടിണി കഞ്ഞി സത്യാഗ്രഹം. കേരളത്തിലെ 360 കോടി നെൽ കർഷകർക്ക് ഇനിയും സർക്കാർ നെല്ല് വില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപ നൽകേണ്ട കണക്കിൽ സർക്കാർ കർഷകർക്ക് നൽകിയിരിക്കുന്നത് 7.92 രൂപയാണ്. ഇത് കർഷകരെ വഞ്ചിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൂടിയായ സുരേഷ് ആരോപിച്ചു.

ഫെബ്രുവരിയിൽ കുട്ടനാട്ടിൽ കൊയ്ത്താണെന്ന് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. എന്നിട്ടും 7 മാസം മാത്രം അവശേഷിക്കുമ്പോൾ 28% പണം മാത്രം നൽകുന്ന നടപടി കർഷകരെ അവഹേളിക്കുന്നതാണ്. ബാങ്കുകളുടെ കൺസോർഷ്യവുമായോ കേരള ബാങ്കുമായോ ചർച്ച നടത്തിയിരുന്നുവെങ്കിൽ തന്നെ സർക്കാരിന് പണം നൽകാൻ കഴിയുമായിരുന്നു. നെല്ല് സംഭരണം വീണ്ടും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം കർഷകർക്ക് തിരിച്ചടിയാണ്. നെല്ല് സംഭരണത്തിലും അഴിമതി കൊണ്ടുവരാൻ പോകുന്ന സർക്കാരിന്റെ ശ്രമത്തെ കോൺഗ്രസ് എതിർക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.

കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി യുടെ കൊച്ചി ഓഫീസിൽ ഓഗസ്റ്റ് 31 ന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എം എൽ എയും മുൻ മന്ത്രിയുമായ എ സി മൊയ് തീന്റെ വീട്ടിലുൾപ്പെടെ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിൽ 15 കോടിയുടെ സ്വത്ത് വകകൾ കണ്ടെത്തിയതായും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇ ഡി വ്യക്തമാക്കിയിരുന്നു.

ബാങ്കിന്റെ മാനേജറായിരുന്ന ബിജു കരീമും മൊയ്തീനും തമ്മിലുള്ള പണമിടപാടിന്റെ ഫോൺ സംഭാഷണത്തിൽ നിന്ന് മൊയ്തീൻ പറഞ്ഞവർക്ക് കോടിക്കണക്കിന് വായ്‌പ അനുവദിച്ചത് കണ്ടെത്തിയതായും ഇ ഡി പറഞ്ഞു. കേസിലുൾപ്പെട്ട അനിൽ സുഭാഷ്, ഷിജു, റഹീം, സതീഷ് എന്നിവരുടെ വീട്ടിലും റെയ്ഡ് നടത്തിയ ഇ ഡി ഇവരെല്ലാം മൊയ്തീന്റെ ബിനാമികളാണെന്ന് വ്യക്തമാക്കി. കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് 150 കോടി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

മുംബൈ : അജിത് പവാറാണ് ഞങ്ങളുടെ നേതാവെന്നും എൻസിപി പിളർന്നിട്ടില്ലെന്നും വ്യക്തമാക്കി പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പാർട്ടിയിൽ പലതരത്തിലുള്ള ആളുകൾ ഉള്ളതിനാൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതിനെ പിളർപ്പായി കാണാനാവില്ലെന്നും ജനാധിപത്യത്തിൽ അവർക്കങ്ങനെ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നും ശരദ് പവാർ അഭിപ്രായപ്പെട്ടു. പാർട്ടിയിൽനിന്ന് ഒരു വലിയ വിഭാഗം ദേശീയതലത്തിൽ വേർപിരിയുന്നതിനെയാണ് പിളർപ്പെന്ന് പറയുന്നത്. പക്ഷേ എൻ സി പിയിൽ അങ്ങനെ സംഭവിച്ചിട്ടില്ല.

എന്നാൽ പാർട്ടിയിൽ ആളുകൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചുവെന്നത് ശരിയാണ്. ജനാധിപത്യത്തിൽ അവർക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാൻ അവകാശം ഉള്ളതിനാൽ അതിനെ പിളർപ്പെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ശരദ് പവാർ പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യം വിമത വിഭാഗവുമായി പിളർപ്പിന് ശേഷം ശരദ് പവാർ ആശയ വിനിമയം നടത്തിയതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു.

ഇതിനിടെയാണ് ശരദ് പവാറിന്റെ അജിത്ത് പവാറിനെയും കൂട്ടരെയും തള്ളാതെയുള്ള പുതിയ പ്രസ്താവന. എൻ സി പി പാർട്ടിയിൽ നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേരത്തെ ബിജെപിയിലേക്ക് പോയിരുന്നു. അത് പ്രകാരമായിരുന്നു അജിത് പവാറിന് ഉപമുഖ്യമന്ത്രിപദം നൽകിയത്. എന്നാൽ ഇ ഡി യെ വച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ആ സ്ഥാനം നൽകിയതെന്നാരോപിച്ച് ശരദ് പവാർ പിന്നീട് രംഗത്ത് വന്നിരുന്നു.

അടുത്തിടെയാണ് അജിത് പവാറും ശരദ് പവാറും മുംബൈയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. ശരദ് പവാറിന് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി അതിന് ശേഷം വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുംബൈയിൽ വച്ച് ഈ മാസം അവസാനം യോഗം നടത്താനിരിക്കുകയാണ്. ഈ സമയത്ത് ശരദ് പവാറിന്റെ ഈ കൂടികാഴ്ച്ച ഇന്ത്യ സഖ്യത്തിൽ ചർച്ച ആയിരിക്കുകയാണ്.

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക്‌ സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി ശ്രദ്ധാകേന്ദ്രമാണെന്നും പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളിയിൽ എൽഡിഎഫ് വികസനത്തെ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ ഇവിടുത്തെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്താൽ പുതുപ്പള്ളിയിൽ വികസനം എത്തിയിട്ടില്ല. എന്നാൽ പുതുപ്പള്ളിയിലെ സ്കൂളുകൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുരോഗതി കൈവരിച്ചു. എൽഡിഎഫിന്റെ നയം സർവതല സ്പർശിയായ വികസനമാണ്. 2011 ലെ യുഡിഎഫ് സർക്കാർ ദേശീയപാത വികസനത്തിന് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു.

എൽഡിഎഫ് സർക്കാർ അല്ല അധികാരത്തിൽ വന്നിരുന്നതെങ്കിൽ ദേശീയപാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു. എന്നാൽ ഇപ്പോൾ മനം കുളിർപ്പിക്കുന്ന വിധം ദേശീയപാതയുടെ പണി നടക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : കെ ഫോൺ പദ്ധതിയ്ക്കായി ഒപ്റ്റിക് ഗ്രൗണ്ട് കേബിളിട്ടതിൽ കരാറുകാരുടെ വീഴ്ച മൂലം കെഎസ്ഇബിയുടെ ഡാറ്റ അക്വസിഷൻ പദ്ധതി താളം തെറ്റിയെന്ന് വ്യക്തമാക്കി സിഎജി. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി സമയത്ത് തീർപ്പാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടും പണി ഇഴഞ്ഞെന്ന ആരോപണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കെഎസ്ഇബിയുടെ റിലയബിൾ കമ്മ്യൂണിക്കേഷൻ പദ്ധതിയിലൂടെ 110 കെ വി യിലും അതിനു മുകളിലുമുള്ള സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കാനാണ് പദ്ധതിയിട്ടത്. കേഫോണിന് ആവശ്യമുള്ള ഒപ്റ്റിക്കൽ ഗ്രൗണ്ട് കേബിൾ ഇടാൻ തീരുമാനിച്ചപ്പോൾ പണി കുറയ്ക്കാൻ വേണ്ടിയാണ് കെഎസ്ഇബിയും ഒപ്പം ചേർന്നത്.

പാർട്ട് എയായി കെ ഫോണും പാർട്ട്‌ ബിയായി കെഎസ്ഇബിയും ടെൻഡർ വിളിച്ച് ബെൽ കൺസോർഷ്യത്തിന്റെ മേൽനോട്ടത്തിൽ പണി ആരംഭിച്ചു. ആകെ 48 കേബിളുകൾ ഉള്ളതിൽ 24 എണ്ണം കെഫോണിനും 24എണ്ണം കെഎസ്ഇബിയ്ക്കും നൽകി. പദ്ധതിയ്ക്കുള്ള 147 കോടി തുകയിലെ പകുതിയായ 73 കോടി രൂപ അനുവദിക്കുകയും ചെയ്തു. റിലയബിൾ കമ്മ്യൂണിക്കേഷൻ പദ്ധതിക്കായി കെഎസ്ഇബി നിശ്ചയിച്ച ടൈംലൈൻ 2019 മെയ് മുതലുള്ള 36 മാസക്കാലമായിരുന്നു. 2022 ൽ പൂർത്തിയാക്കേണ്ട പദ്ധതിയാണ് കരാറുകാരുടെ അനിശ്ചിതത്വം കാരണം മെല്ലെ പോയതെന്നാണ് ഓഡിറ്റിൽ വ്യക്തമാക്കുന്നത്.

പണി തീർക്കാനായി പല അവലോകനയോഗങ്ങൾ കൂടിയെങ്കിലും ആവശ്യമുള്ള സാധനങ്ങൾ പോലും സമയത്തെത്തിക്കാൻ കരാറുകാർ തയ്യാറായില്ല എന്നാണ് സി എ ജി വെളിപ്പെടുത്തുന്നത്. ഉപകരാറുകാർ അടക്കമുള്ള പദ്ധതിയിൽ ഗുരുതരഅലംഭാവം കെ ഫോൺ നടത്തിപ്പ് കമ്പനിയായ കെ എസ് ഐ ടി ഐ എൽ നടത്തിയെന്ന് വിലയിരുത്തിയാണ് ഇക്കാര്യത്തിൽ വിശദീകരണം സി എ ജി തേടിയിരിക്കുന്നത്.