Politics (Page 116)

ന്യൂ ഡൽഹി : യഥാസമയം തിരഞ്ഞെടുപ്പ് നടത്താത്തതിനെ തുടർന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്പെൻഡ് ചെയ്ത് യുണൈറ്റഡ് വേൾഡ് റസലിംഗ് അസോസിയേഷൻ. ഈ വർഷം ആദ്യമായിരുന്നു ഡബ്ലിയു എഫ് ഐ യിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിംഗിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെയും താരങ്ങളുടെ പ്രതിഷേധങ്ങളെയും തുടർന്ന് തിരഞ്ഞെടുപ്പ് നീണ്ടു പോവുകയായിരുന്നു.

തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അംഗത്വം റദ്ദാക്കുമെന്ന് യുണൈറ്റഡ് വേൾഡ് റസലിംഗ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ വരുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ കായിക താരങ്ങൾക്ക് മത്സരിക്കാൻ കഴിയില്ല. ഒളിമ്പിക്സിനുള്ള യോഗ്യത മത്സരം കൂടിയായ ലോക ചാമ്പ്യൻഷിപ്പിൽ സ്വതന്ത്രമായി മാത്രമേ അത്‌ലറ്റുകൾക്ക് പങ്കെടുക്കുവാൻ കഴിയൂ.

തിരുവനന്തപുരം : സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ – പ്രൈമറി മുതൽ 8 ആം ക്ലാസ് വരെയുള്ള 27. 50 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി 5 കിലോ അരി വിതരണം ചെയ്തു. ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കാണ് അരി നൽകുന്നത്. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനായി.

2, 32, 786 കുട്ടികൾ പ്രീ – പ്രൈമറി വിഭാഗത്തിലും 14, 57, 280 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10, 59, 934 കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു. ഭഷ്യ വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതിയിലേക്ക് 13, 750 മെട്രിക് ടൺ അരിയാണ് വേണ്ടിവരുന്നത്. കേരള സ്റ്റേറ്റ് സപ്ലൈസ്കോർപ്പറേഷൻ നേരിട്ട് അരി സ്കൂളുകളിൽ എത്തിച്ചു നൽകും. ഓണാവധിക്ക് മുൻപായി അരി വിതരണം പൂർത്തിയാക്കാനുള്ള നടപടികൾ സപ്ലൈക്കോയുമായി ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്.

വിതരണത്തിനായി സ്കൂളുകളിൽ എത്തിച്ചു നൽകുന്ന അരി പി. ടി.എ, സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, മദർ പി. ടി. എ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി കൃത്യമായ മേൽനോട്ടത്തിൽ അളവിൽ കുറവുവരാതെ കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തുവാൻ എല്ലാ സ്കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അരി വിതരണം പൂർത്തിയാകുന്നതുവരെ അരി കേടുകൂടാതെ സൂക്ഷിക്കുവാനും സ്കൂളുകൾക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുരിതപൂർണമാക്കിയതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പങ്കില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് ആറ് മാസമായി. ആരോപണങ്ങൾക്ക് ഒന്നും മറുപടിയുമില്ല. മുഖ്യമന്ത്രിയോട് പ്രതിപക്ഷം ഏഴ് ചോദ്യങ്ങൾ ചോദിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിൽ മറുപടി പറയാൻ അദ്ദേത്തിന് ബാധ്യതയുണ്ട്. മറുപടി പറയാൻ തങ്ങൾ വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. .

വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണ്. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്. ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയാണ് അന്വേഷണങ്ങൾ മുഖ്യമന്ത്രിയിലേക്കെത്താത്തത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കും. സ്‌കോട്ലൻഡ് യാഡിലെ പോലീസിനെ വെല്ലുന്ന പോലീസായിരുന്നു കേരളത്തിലേത്. അതിപ്പോൾ പാർട്ടി നേതാക്കൻമാർക്ക് ദാസ്യവേല ചെയ്യുന്ന തരത്തിലേക്ക് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ഏഴു ചോദ്യങ്ങൾ:

  1. വീണാ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ട്?
  2. റോഡ് ക്യാമറ ഇടപാടിൽ കേസെടുക്കാത്തത് എന്തുകൊണ്ട്?
  3. കെഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
  4. കോവിഡ് കാലത്തെ വഴിവിട്ട മെഡിക്കൽ ഉപകരണ ഇടപാടിൽ എന്തുകൊണ്ട് അന്വേഷണമില്ല?
  5. ലൈഫ് മിഷനിൽ വിജിലൻസ് കേസ് പാതിവഴിയിൽ തങ്ങിയത് എന്തുകൊണ്ട്?
  6. സിപിഎം നേതാക്കൾക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്തുകൊണ്ട്?
  7. ഓണക്കാലത്ത് കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതും മാർക്കറ്റിൽ ഇടപെടാത്തതും എന്തുകൊണ്ട്?

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 അഭിമാനകരമായി പൂർത്തിയാക്കിയതോടെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥിനെ അഭിനന്ദിച്ച് സോണിയ ഗാന്ധിയുടെ കത്തെത്തി. ‘ഐ എസ് ആർ ഒ യുടെ നേട്ടത്തിൽ ഞാൻ സന്തോഷവതിയാണ്. ഇന്ത്യയുടെ പുതു തലമുറയ്ക്ക് ഇത് അഭിമാന നിമിഷമാണ്. ദശവർഷങ്ങളായി മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് ഐ എസ് ആർ ഒ ലോകത്ത് തന്നെ ശ്രദ്ധേയമാണ്. ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഐ എസ് ആർ ഒ യെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുന്നത്. ഐ എസ് ആർ ഒ യിലെ എല്ലാ പ്രവർത്തകർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു’വെന്നുമായിരുന്നു സോണിയ പറഞ്ഞത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് ചെയ്തത് . ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ പേടകത്തെയിറക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. ഭൂമിയിൽ നിന്നും 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2023 ജൂലൈ 14 ന് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം കുതിച്ചുയർന്നത്.

കൊച്ചി : കെഎസ്ആർടിസിയിൽ എല്ലാമാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കെഎസ്ആർടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാനാകില്ല. കെഎസ്ആർടിസിക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകണം. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല. എന്നിങ്ങനെയായിരുന്നു കോടതി വ്യക്തമാക്കിയത്.

എല്ലാമാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു കൊണ്ട് ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. തിരുവനന്തപുരം നഗരസഭയുടെ പദ്ധതിയായ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസ്സുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചാല മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിർവഹിക്കും.

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പി ജി സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിൽ പ്രതിഷേധമുയരുന്നു. മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെ ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘എന്ന ആത്മകഥയാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാലയിൽ പുതുതായി വന്ന എം എ ഇംഗ്ലീഷ് കോഴ്സിലാണ് ആത്മകഥ തിരുകി കയറ്റാൻ ശ്രമിച്ചിരിക്കുന്നത്.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ഗവർണറുടെ അനുമതി ഇല്ലാതെ രൂപീകരിച്ച പഠന ബോർഡ് കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അതു കൊണ്ട് നിലവിൽ സർവ്വകലാശാലയ്ക്ക് പഠന ബോർഡില്ല. വി സി യ്ക്ക് കീഴിൽ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് ബി ആർ അംബേദ്കറിനും നെൽസൺ മണ്ടേലയ്ക്കുമൊപ്പം കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകളിലൂടെ സർവ്വകലാശാലയെ ഇടതു വത്ക്കരിക്കുകയാണെന്ന ആരോപണമാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്.

കോട്ടയം: ജെഡിടി ഇസ്ലാം, ഐഡിഎൽ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക്ക് ആന്റ് മാനേജ്‌മെന്റ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷൻ, അനന്തപുരി എജ്യുക്കേഷണൽ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിൽ ചിലർ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ വീണാ മുഹമ്മദ് റിയാസുമായി നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ പല വ്യവസായികളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് പണം ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങൾ വകമാറ്റി ചിലവഴിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. അതും ഈ പണമിടപാടും തമ്മിൽ ബന്ധമുണ്ട്. എന്തുകൊണ്ടാണ് ഈ ആറ് കമ്പനികളെ പറ്റി യുഡിഎഫുകാർ മിണ്ടാത്തത്? എല്ലാവരും ഒരുമിച്ചാണ് അഴിമതിയുടെ പങ്കുപറ്റുന്നതെന്നും സുരേന്ദ്രൻ അറിയിച്ചു.

മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തിറങ്ങുന്ന എകെ ബാലൻ ആയിരക്കണക്കിന് കോടി രൂപയുടെ തിരിമറിക്ക് നേതൃത്വം നൽകിയ ആളാണ്. തിരുവനന്തപുരം കോർപ്പറേഷനിലും അട്ടപാടി ഉൾപ്പെടെയുള്ള മേഖലകളികളും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്ല്യങ്ങൾ തട്ടിയെടുക്കപ്പെട്ടു. കേരളം മുഴുവൻ കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇതിന് കൂട്ടുനിൽക്കുകയാണ് വിഡി സതീശനും യുഡിഎഫും ചെയ്യുന്നത്. രണ്ട് മുന്നണിക്കാരും നടത്തിയ അഴിമതികൾ ബിജെപി പുറത്തുകൊണ്ടുവരും. ലൈഫ്മിഷനും കരുവന്നൂരുമൊക്കെ പുറത്തുവന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് കൊണ്ടാണ്. വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ഇരുമുന്നണികളും ഒന്നിച്ച് സമരം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ മണ്ഡലങ്ങളിൽ വികസനമുണ്ടെന്ന് എംവി ഗോവിന്ദൻ വെറുതെ പറയുകയാണ്. അവിടെ വികസനം സിപിഎമ്മുകാരുടെ പോക്കറ്റിൽ മാത്രമാണ്. രണ്ട് മുന്നണികളും വികസനം എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഉമ്മൻചാണ്ടി വിചാരിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ വികസനം പുതുപ്പള്ളിയിൽ എത്തിക്കാമായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്തില്ല. കരുവന്നൂർ കേസിൽ എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്യുകയാണ്. ബിജെപി ഇത് ആദ്യമേ പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളിൽ ഇരുകൂട്ടരും ഒരുമിച്ച് അഴിമതി നടത്തുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : റോഡ് നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ എ ഐ ക്യാമറകൾ കൊണ്ടുവരാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആകാശം വഴിയും റോഡിലെ നിരീക്ഷണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണ് ഇതിലൂടെ എം വി ഡി ലക്ഷ്യമിടുന്നത്. നിലവിൽ 700 ഓളം എ ഐ ക്യാമറകൾ കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ക്യാമറകളെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പുതിയ തീരുമാനം. മൂന്നുമാസം മുമ്പായിരുന്നു റോഡിലെ ഗതാഗത ലംഘനം തടയാനായി എ ഐ ക്യാമറകൾ സ്ഥാപിച്ചത്.

ആകാശത്ത് ക്യാമറ കണ്ണുകൾ സ്ഥാപിക്കുന്ന ലക്ഷ്യത്തോടെ എം വി ഡി നീങ്ങുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഐപിഎസാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. അടുത്തവർഷം മുതലാവും ഡ്രോണിൽ എ ഐ ക്യാമറകൾ ഘടിപ്പിച്ചുള്ള നിരീക്ഷണം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ എ ഐ ക്യാമറകൾക്ക് പുറമേ ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറകൾ വേണമെന്ന് ഗതാഗത വകുപ്പ് ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു.

ഗ്രാമീണ പ്രദേശങ്ങളിൽ ഇപ്പോഴും നിയമലംഘനം നടക്കുന്നത് കൊണ്ടാണ് ഡ്രോൺ ക്യാമറകൾ വേണമെന്ന ആവശ്യം ഗതാഗത വകുപ്പ് ഉന്നയിച്ചത്. അതേസമയം എ ഐ ക്യാമറ സ്ഥാപിച്ചതോടെ അപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായും നിയമലംഘനങ്ങൾ കുറഞ്ഞതായും ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.

ന്യൂ ഡൽഹി : നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 ന്റെ അടിസ്ഥാനത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ( NCF) പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. വർഷത്തിൽ രണ്ട് ബോർഡ് എക്സാമുകൾ നടത്താനും ഹയർ സെക്കൻഡറിയിൽ രണ്ടു ഭാഷ പഠിക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്. രണ്ടു ഭാഷകളിൽ ഒരു ഭാഷ ഇന്ത്യൻ ഭാഷയാകണമെന്ന നിബന്ധനയുണ്ട്.

ഒരു വർഷത്തിൽ രണ്ട് ബോർഡ്‌ പരീക്ഷകൾ നടത്തുന്നതിലൂടെ വിദ്യാർഥികൾക്ക് മികച്ച നിലവാരം കാഴ്ചവെക്കാൻ അവസരം ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായപ്പെടുന്നു. കാണാതെ പഠിക്കുന്നതിനും മാസങ്ങളോളമുള്ള കഠിന പരിശീലനത്തിനുമപ്പുറം വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലുള്ള മികച്ച ധാരണ, സ്വന്തം നേട്ടങ്ങൾ എന്നിവ വിലയിരുത്താൻ കഴിയുന്നതാകും പൊതുപരീക്ഷയെന്നും ചട്ടക്കൂടിൽ പറയുന്നുണ്ട്. 2024 മുതൽ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ നിലവിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

കോഴിക്കോട് : പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു പ്രവർത്തിക്കാനായി സർക്കാർ അനുമതി നൽകി. കക്കാടംപൊയിലിലെ പി വി ആർ നാച്ചുറോ പാർക്കാണ് ഭാഗികമായി തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്. തന്റെ പാർക്ക് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റിയെ സർക്കാർ ഏൽപ്പിച്ചിരുന്നു.

ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടി കളുടെ പാർക്കും പുൽമേടും നിൽക്കുന്ന ഭാഗം തുറന്നു പ്രവർത്തിപ്പിക്കാൻ ഇപ്പോൾ അനുമതി നൽകിയത്. സ്റ്റീൽ ഫെൻസിനുള്ളിലായിരിക്കണം കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനമെന്നും വാട്ടർ റൈഡുമായി ഒരു പ്രദേശത്തിന് യാതൊരു ബന്ധമില്ലെന്ന് പാർക്കിന്റെ ഉടമസ്ഥൻ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ 2018ലെ കനത്ത മഴയിൽ പാർക്കിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

പാർക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം ഉരുൾപൊട്ടൽ മേഖലയാണെന്ന പരാതിയും ഉയർന്നു. കുട്ടികളുടെ പാർക്കിന് അനുമതി നൽകിയെങ്കിലും ബാക്കി പ്രദേശത്ത് നിർമ്മാണം നടത്തുന്നതിനു മുമ്പ് അപകട സാധ്യത പരിശോധന നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കോഴിക്കോടുള്ള സ്വകാര്യ ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത്. ഈ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും പാർക്ക് പൂർണ്ണമായും നിർമ്മിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്.