കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി ശ്രദ്ധാകേന്ദ്രമാണെന്നും പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുപ്പള്ളിയിൽ എൽഡിഎഫ് വികസനത്തെ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ ഇവിടുത്തെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്താൽ പുതുപ്പള്ളിയിൽ വികസനം എത്തിയിട്ടില്ല. എന്നാൽ പുതുപ്പള്ളിയിലെ സ്കൂളുകൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുരോഗതി കൈവരിച്ചു. എൽഡിഎഫിന്റെ നയം സർവതല സ്പർശിയായ വികസനമാണ്. 2011 ലെ യുഡിഎഫ് സർക്കാർ ദേശീയപാത വികസനത്തിന് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു.
എൽഡിഎഫ് സർക്കാർ അല്ല അധികാരത്തിൽ വന്നിരുന്നതെങ്കിൽ ദേശീയപാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു. എന്നാൽ ഇപ്പോൾ മനം കുളിർപ്പിക്കുന്ന വിധം ദേശീയപാതയുടെ പണി നടക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

