കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി യുടെ കൊച്ചി ഓഫീസിൽ ഓഗസ്റ്റ് 31 ന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എം എൽ എയും മുൻ മന്ത്രിയുമായ എ സി മൊയ് തീന്റെ വീട്ടിലുൾപ്പെടെ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിൽ 15 കോടിയുടെ സ്വത്ത് വകകൾ കണ്ടെത്തിയതായും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇ ഡി വ്യക്തമാക്കിയിരുന്നു.
ബാങ്കിന്റെ മാനേജറായിരുന്ന ബിജു കരീമും മൊയ്തീനും തമ്മിലുള്ള പണമിടപാടിന്റെ ഫോൺ സംഭാഷണത്തിൽ നിന്ന് മൊയ്തീൻ പറഞ്ഞവർക്ക് കോടിക്കണക്കിന് വായ്‌പ അനുവദിച്ചത് കണ്ടെത്തിയതായും ഇ ഡി പറഞ്ഞു. കേസിലുൾപ്പെട്ട അനിൽ സുഭാഷ്, ഷിജു, റഹീം, സതീഷ് എന്നിവരുടെ വീട്ടിലും റെയ്ഡ് നടത്തിയ ഇ ഡി ഇവരെല്ലാം മൊയ്തീന്റെ ബിനാമികളാണെന്ന് വ്യക്തമാക്കി. കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് 150 കോടി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

