Politics (Page 102)

മന്ത്രിസഭാ പുനസംഘടന ഉണ്ടാവും എന്ന വാർത്തക്ക് പിന്നാലെ ഇപ്പോൾ മന്ത്രി സ്ഥാനത്തിനായി എംഎൽഎമാർ തമ്മിലുള്ള പിടിവലിയുടെ വാർത്തകളാണ് പുറത്തുവരുന്നത്.
കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനസംഘടന എൻസിപിക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവൂർ കുഞ്ഞുമോൻ എംഎൽഎയും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് എൽഡിഎഫിന് കത്തയച്ചതായി അറിയിച്ചു . സീനിയർ എംഎൽഎ എന്ന അവകാശവാദം ഉന്നയിച്ചാണ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. 5 തവണ എംഎൽഎ ആയ തന്നെ മന്ത്രിയാക്കണം എന്നാണ് കോവൂരിന്റെ ആവശ്യം. അതേസമയം കെപി മോഹനനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് എൽഡിജെയും മാത്യു ടി തോമസിനായി ജെഡിഎസിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
പിണറായി സർക്കാരിന്റെ രണ്ടര വർഷം തികയുന്നതിനോടനുബന്ധിച്ച് മന്ത്രി സഭപുനസംഘടിപ്പിക്കും എന്ന റിപ്പോർട്ട്‌ പുറത്ത് വന്നിരുന്നു. വീണാ ജോർജ്, ആന്റണി രാജു ഉൾപ്പെടെയുള്ളവർ മാറും എന്നും പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനിടെയാണ് എംഎൽഎമാർ തമ്മിൽ മന്ത്രിസ്ഥാനത്തേക്കുള്ള പിടിവലി.

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് നിലവിൽ അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. അതെ സമയം പുനസംഘടന വിഷയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലും പ്രതികരിച്ചു. പ്രതികഇക്കാര്യത്തിൽ താനല്ല പ്രതികരിക്കേണ്ടതെന്നും എൽഡിഎഫ് കൺവീനറാണ് നിലപാട് അറിയിക്കേണ്ടത് എന്നും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയുമെന്ന് വാർത്തകൾ വന്നിരുന്നു. വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറിയേക്കുമെന്നും പകരം വനം വകുപ്പ് കെ ഗണേഷ് കുമാറിന് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിണറായി സർക്കാരിന്റെ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വാർത്തകളിലെ മന്ത്രിമാരുടെ പ്രതികരണം.

തിരുവനന്തപുരം: സോളാർ വിവാദം ചൂടുപിടിക്കുമ്പോൾ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. “പ്രതി നായിക ” എന്ന പേരിലാണ് ആത്മകഥ. ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെ സരിത തന്നെയാണ് പങ്കുവച്ചത്. ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും പുസ്തകത്തിലുണ്ടെന്ന് സരിത ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഉമ്മൻ‌ചാണ്ടിക്കെതിരായ സോളാർ വിവാദത്തിൽ ചർച്ചകൾ സജീവമാവുമ്പോഴാണ് ഇപ്പോൾ ആത്മകഥയുമായി സരിത രംഗത്തെത്തിയിരിക്കുന്നത്. സോളാർ ഗൂഢാലോചനയിൽ ആർക്കോക്കെ പങ്കുണ്ടെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയും കേസുമായി ബന്ധപ്പെട്ട ഫെനി ബാലകൃഷ്ണൻ ഉൾപ്പെടെ ഉള്ളവർ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് സരിത ആത്മകഥ തയ്യാറാക്കാൻ പോകുന്നത്. പ്രതി നായിക എന്നോ, പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവർ പേജ് തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം : മന്ത്രിസഭാ പുന:സംഘടന ചർച്ച നടന്നിട്ടില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലത് അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധിമുട്ടുമില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി പറഞ്ഞു.

പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. വീണാ ജോർജും സ്പീക്കർ എ എൻ ഷംസീറും മാറിയേക്കും എന്നും വാർത്തകൾ വന്നിരുന്നു. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്.

തിരുവനന്തപുരം : മന്ത്രിസഭാ പുന:സംഘടന നവംബറില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ട്‌. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 20ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

സിപിഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയുണ്ട്. എ.എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്.

എന്നാല്‍, സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എല്‍ഡിഎഫിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയരുന്നുണ്ട്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. എല്‍ജെഡിയും ഇടതുമുന്നണിയിൽ മന്ത്രി സ്ഥാനം ആവശ്യപ്പെടും. നേരത്തെ തന്നെ എല്‍ജെഡിയുടെ നേതൃയോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ ഇടതുമുന്നണി യോഗത്തില്‍ എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും.

സോളാര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട കത്തിനെ കുറിച്ച് അന്വേഷണം നടത്തിയാല്‍ യുഡിഎഫിനുള്ളില്‍ ആഭ്യന്തര കലാപുണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണ്. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരുമെന്ന് അവര്‍ക്കറിയാം. അന്ന് ആഭ്യന്തര മന്ത്രിയായിവരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നുവെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.സോളാര്‍ കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ഇന്നലെ പറഞ്ഞിരുന്നു. സിബിഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഇനി അന്വേഷണം ആവശ്യമില്ലെന്നാണ് ഹസന്‍ പറഞ്ഞത്. സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നല്‍കില്ല. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ ഇനി ഒരു അന്വേഷണം ആവശ്യമില്ലെന്നും ഹസൻ പറഞ്ഞു

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കം നടത്തി പ്രതിപക്ഷ മുന്നണി സഖ്യം ഇന്ത്യ. സഖ്യത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കും. ബുധനാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സഖ്യത്തിലെ ഓരോ പാർട്ടി നേതൃത്വവുമായും ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച് കോഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തും. പാർട്ടിയുടെ വലുപ്പം, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും സീറ്റ് വിഭജിക്കുക.

ബിജെപി സ്ഥാനാർത്ഥിക്കെതിരേ മത്സരിക്കാൻ സഖ്യം ഒറ്റക്കെട്ടായി ഒരു സ്ഥാനാർത്ഥിയെ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സീറ്റ് വിഭജന ചർച്ചകൾ അതത് സംസ്ഥാനങ്ങളിൽ നടത്തുമെന്നാണ് കെ സി വേണുഗോപാൽ അറിയിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സംയുക്ത പൊതുയോഗം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

14 പേരാണ് കോഓർഡിനേഷൻ കമ്മിറ്റിയിലുള്ളത്. കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി.), ടി.ആർ ബാലു (ഡി.എം.കെ.), ഹേമന്ദ് സോറൻ (ജെ.എം.എം.), സഞ്ജയ് റാവത്ത് (ശിവസേന- ഉദ്ദവ് താക്കറെ പക്ഷം), തേജസ്വി യാദവ് (ആർ.ജെ.ഡി.), രാഘവ് ചദ്ദ (എ.എ.പി.), ജാവേദ് അലി ഖാൻ (എസ്പി.), സഞ്ജയ് ഝാ (ജെ.ഡി.യു.), ഡി. രാജ (സിപിഐ.), ഒമർ അബ്ദുല്ല (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി.ഡി.പി.), അഭിഷേക് ബാനർജി (ടി.എം.സി.), സിപിഎമ്മിൽനിന്ന് ഒരംഗം എന്നിങ്ങനെയാണ് കമ്മിറ്റിയിലുള്ളത്.

നടൻ ജയസൂര്യക്കെതിരെ കൃഷി മന്ത്രി പി പ്രസാദ്. പണം കിട്ടിയ കൃഷ്ണപ്രസാദിന്‍റെ പേരിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി മന്ത്രി സഭയിൽ വ്യക്തമാക്കി. നടൻ പുതിയ തിരക്കഥയുമായി വരികയായിരുന്നു. കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി.കർഷകരുടെ പ്രശ്‌നം ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കർഷക പ്രശ്‍നം ജയസൂര്യ പറഞ്ഞപ്പോൾ നടന്റെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു. കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.പണം കിട്ടിയ കൃഷ്ണ പ്രസാദിന്റെ പേര് പറഞ്ഞാണ് ജയസൂര്യ സംസാരിച്ചത്. ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, പരിപാടിയിൽ തന്നെ മന്ത്രി പി രാജീവ് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി.
പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് കൃഷിമന്ത്രി തിരിച്ചടിച്ചു. നെല്ല് സംഭരിച്ചതിന്‍റെ തുക വൈകിയതിന് ഉത്തരവാദി സപ്ലൈകോ ആല്ലെന്നും പണം നൽകാതെ ബാങ്കുകൾ സപ്ലൈകോ നടപടിയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി പി പ്രസാദ് ആരോപിച്ചു.സണ്ണി ജോസഫ് പറഞ്ഞത് രാഷ്ട്രീയമാണ്. റബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സഹായം പോലും ഇല്ലാതെ 1914.15 കോടി സംസ്ഥാനം നൽകി. സണ്ണി ജോസഫ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കൃഷി മന്ത്രി വിമര്‍ശിച്ചു. നെല്ല് സംഭരണത്തിൽ പണം കൊടുത്തുതീര്‍ത്ത് വരുകയാണെന്നും കൃഷിമന്ത്രി സഭയിൽ പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യൂതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഗൗരവകരമായ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. റെഗുലേറ്ററി കമ്മീഷനാണ് കരാര്‍ റദ്ദാക്കിയത്. അത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞൂ. കൂടുതല്‍ പണം നല്‍കി വൈദ്യുതി വാങ്ങുന്നത് ജനങ്ങള്‍ക്ക് അധിക ഭാരം ഉണ്ടാക്കുമെന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍എംഎല്‍എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍. തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.സോളാര്‍ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായി കാണുന്നുവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിമാരാകാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് ഇരയായതെന്നാണ് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്ന് ആരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിലും മുന്നണിയിലും ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.