Latest News (Page 3,110)

supreme court

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകരെ വിമര്‍ശിച്ച് സുപ്രിംകോടതി. മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താത്പര്യങ്ങളുണ്ടെന്ന് വരുത്തുകയാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താത്പര്യങ്ങളുണ്ടെന്ന് വരുത്തുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.

കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിനെതിരേയും അമിക്കസ് ക്യൂറിയായി ഹരീഷ് സാല്‍വയെ നിയമിച്ചതിന് എതിരെയുമാണ് മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയത്.മുതിര്‍ന്ന അഭിഭാഷകരുടെ വിമര്‍ശനത്തെ തുടര്‍ന്ന് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹരീഷ് സാല്‍വെ പിന്മാറി. ഇതോടെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവാഴ്ചത്തേക്ക് മാറ്റി.

oxygen

തിരുവനന്തപുരം : ഓക്‌സിജന്‍ ക്ഷാമം മൂലം വിവിധ സംസ്ഥാനങ്ങള്‍ വലയുമ്പോള്‍ ഓക്‌സിജന്‍ മിച്ചമുള്ള ഒരേയൊരു സംസ്ഥാനമായി കേരളം. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനം പ്രതിദിനം 199 മെട്രിക്ടണ്‍ ആണ്. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്റെ അളവ് 35 മെട്രിക്ടണ്ണും കോവിഡിതര രോഗികള്‍ക്ക് ഇത് 45 മെട്രിക്ടണ്ണുമാണ്.സംസ്ഥാനത്തിന്റെമൊത്തം ഓക്‌സിജന്‍ ഉത്പാദന ശേഷി പ്രതിദിനം 204 മെട്രിക്ടണ്ണാണ്.പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഓക്‌സിജന്റെ ലഭ്യതയും സംഭരണശേഷിയും എത്രത്തോളമുണ്ടെന്ന് വിലയിരുത്തുകയും ഓക്‌സിജന്‍ കൊണ്ടുപോകുന്നതിനുള്ള പരിമിതികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയുംചെയ്യുന്നു.വരും ദിവസങ്ങളില്‍ കേരളത്തിലും ഓക്‌സിജന്റെ ആവശ്യം വര്‍ധിക്കുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നു. ഏപ്രില്‍ 25 ആകുമ്പോഴേക്കും 105,000 രോഗികള്‍ക്ക് 51.45 മെട്രിക്ടണ്‍ ഓക്‌സിജന്‍ പ്രതിദിനം ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിതര രോഗികള്‍ക്ക് 47.16 മെട്രിക്ടണ്‍ ഓക്‌സിജനും ആവശ്യമായി വരുമെന്ന് കരുതപ്പെടുന്നു.

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 10,000 പേരിൽ നാലുപേർക്കും ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളുമെടുത്ത 10,000 പേരിൽ മൂന്നുപേർക്കും മാത്രമാണ് വാക്സിനേഷന് ശേഷം വീണ്ടും കോവിഡ് പോസിറ്റീവായത്.ഇതോടെ വാക്സിൻ എടുത്തവർക്ക് വീണ്ടും കോവിഡ് പോസിറ്റീവാകുന്നതിനുള്ള സാധ്യത വളരെ കുറവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.അതുകൊണ്ട് തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാ‍ർഗം വാക്സിനേഷനാണെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും അടിവരയിടുന്നു.

ബുധനാഴ്ച സ‍ർക്കാ‍ർ വൃത്തങ്ങൾ പുറത്തുവിട്ട ഈ ഡാറ്റ കൂടുതൽ സംശയങ്ങളെ അകറ്റാനും കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകാനും സഹായിക്കും.നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള രണ്ട് വാക്സിനുകളും കഠിനമായ രോഗത്തിനെതിരെ പൂർണ്ണ പരിരക്ഷ നൽകുന്നതായാണ് റിപ്പോ‍‍ർട്ടുകൾ.

വൈറസിന്റെ നിലവിലെ രണ്ടാം തരംഗത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുന്നത് വഴി ഇന്ത്യയിലെ ആശുപത്രികളും ആരോഗ്യസംരക്ഷണ മേഖലകളും നേരിടുന്ന ഭാരം വേഗത്തിൽ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.ഒരു വാക്സിനും രോഗത്തിനെതിരെ 100 ശതമാനം വിജയശതമാനം ഉണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഗുരുതരമായ രോഗം ‌തടയാൻ വാക്സിനുകൾക്ക് കഴിയുമെന്ന് വിദഗ്ധ‍‍ർ ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഭാരത് ബയോടെക് എന്നിവ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം മറ്റൊരു ഇടക്കാല കണ്ടെത്തൽ പുറത്തുവിട്ടിരുന്നു. ഇത് കോവാക്സിൻ കഠിനമായ കോവിഡിനെതിരെ 100 ശതമാനം ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. അതായത് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതരമായ തരത്തിൽ രോഗം പിടിപെടില്ല. ഗുരുതരമായ രോഗം, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന ഘട്ടം, മരണം എന്നിവ തടയുന്നതിന് കോവിഷീൽഡ് വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ അസ്ട്രസെനെക്കയും വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: യുവജനോത്സവ ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച്‌ കേരള സര്‍വകലാശാല ഉദ്യോഗസ്ഥയായ ടി.വിജയലക്ഷ്മിയെ ആക്രമിച്ച കേസ് പിന്‍വലിക്കാനാവില്ലെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉള്‍പ്പെട്ട കേസാണ്.2017 മാര്‍ച്ച്‌ 30നാണ് സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറായിരുന്ന വിജയലക്ഷിയെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞ് ആക്രമിച്ചത്.

യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ അഷിത, യൂണിയന്‍ സെക്രട്ടറി അമല്‍,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പേന കൊണ്ട് വിജയലക്ഷ്മിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും തലമുടി പിടിച്ച്‌ വലിക്കുകയും ചെയ്തു. ഇതിനിടെ എത്തിയ എ.എ.റഹീം വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തി. ഡി.ജി.പിക്ക് വിജയലക്ഷ്മി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

modi

ന്യൂഡല്‍ഹി : ഒറ്റരാജ്യമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും നരേന്ദ്രമോദി. കെജ്രിവാളുമായി കോവിഡ് അവലോകനയോഗത്തില്‍ വച്ചുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഓക്‌സിജന്‍ എത്തിക്കാന്‍ റെയില്‍വെയും വ്യോമസേനയും രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും അരവിന്ദ് കെജ്രിവാള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണ. യുഡിഎഫ് പാളയത്തിലേക്ക് ചെറിയാന്‍ ചേക്കേറില്ലെന്നും വിപരീതമായ നീക്കമുണ്ടായാല്‍ ചെറിയാനെ തടയേണ്ടെന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം. മൂന്ന് തവണ നിയമസഭാ സീറ്റ് നല്‍കിയ പാര്‍ട്ടി കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം അടക്കം നല്‍കിയിട്ടുണ്ട്. ദിവസവും ഒരു ഫേസ്ബുക്ക് കുറിപ്പെഴുതി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ചെറിയാന്റെ ശൈലി കേഡര്‍ പാര്‍ട്ടിയ്ക്ക് ചേര്‍ന്ന രീതിയല്ലെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പറയുന്നു.ചെറിയാന്‍ ഫിലിപ്പിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമാണ് സി പി എം നേതാക്കള്‍ പറയുന്നത്. ഇക്കാര്യം ചെറിയാന്‍ ഫിലിപ്പിനെ നേതാക്കള്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. സി പി എമ്മിന്റെ രാജ്യസഭയിലെ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അത്. എളമരം കരീം, കെ സോമപ്രസാദ്, കെ കെ രാഗേഷ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(ബംഗാള്‍), ജര്‍ണാ ദാസ് വൈദ്യ (ത്രിപുര) എന്നിവര്‍ അടങ്ങുന്നതാണ് രാജ്യസഭയിലെ സി പി എം ഗ്രൂപ്പ്.ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തുടര്‍ഭരണം ലഭിക്കാതെ സി പി എമ്മിന് രാജ്യസഭയില്‍ തങ്ങളുടെ ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സി പി എം തന്നെ എടുക്കാന്‍ തീരുമാനിച്ചത്.നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താന്‍ സി പി എം നിയമപോരാട്ടം നടത്തിയതും അതുകൊണ്ടാണ്. ഇതോടെയാണ് സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭയിലേക്ക് അയക്കാനുളള വഴി അടഞ്ഞത്.

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. നയതന്ത്രതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍ നിന്നും 50,000 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായും കേന്ദ്രം അറിയിച്ചു. മാത്രമല്ല, നാലു ലക്ഷം കുത്തിവയ്പിനുള്ള റെംഡെസിവിര്‍ എല്ലാ ആഴ്ചയും നല്‍കാമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാനാണ് കെ എം ഷാജി വിജിലൻസ് ഓഫീസിൽ എത്തിയത്.റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കി. ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലന്‍സിന് മുന്നിലെത്തിയപ്പോള്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്‌ചത്തെ സാവകാശം ഷാജി തേടിയിരുന്നു.

വീട്ടില്‍ നിന്ന് കണ്ടെടുത്ത നാല്‍പ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്ന് പിരിച്ചതെന്നാണ് ഷാജി പറയുന്നത്. തന്റെ സ്വത്ത് വിവരം സംബന്ധിച്ചുളള സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളുമായാണ് വിജിലന്‍സിന് മുന്നില്‍ ഷാജി എത്തിയിരിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവര്‍ പറയുന്നത്.എംഎല്‍എ പദവിയിലെത്തിയ ശേഷമാണ് ഷാജി കോഴിക്കോടും കണ്ണൂരും ഭാര്യയുടെ പേരില്‍ വീടുകള്‍ നിര്‍മ്മിച്ചത്. ഇക്കാര്യം ഷാജിയുടെ ഭാര്യയില്‍ നിന്ന് അടുത്തദിവസങ്ങളില്‍ വിജിലന്‍സ് സംഘം ചോദിച്ചറിയും.

തൃശ്ശൂർ: ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെയാണ് ഇത്തവണ തൃശൂര്‍ പൂരം നടക്കുന്നത്. മഹാമാരി പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുമ്പോഴും ഒരുമയുടെ സന്ദേശമായി മാറുകയാണ് തൃശൂര്‍ പൂരം. ജനക്കൂട്ടമില്ലാതെ നെയ്തലക്കാവ് വിഭാഗക്കാരെത്തി തെക്കേഗോപുര നട തുറന്നതോടെയാണ് പൂര വിളംബരമായത്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി. ജനങ്ങൾ വീടുകളിൽ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം.

പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം കർശന പോലീസ് നിയന്ത്രനത്തിൽ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി.

തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയാകും. രണ്ടരയോടെ പാണ്ടിമേളത്തോടെ ശ്രീമൂല സ്ഥാനത്തേക്ക് കൊട്ടിക്കയറും. കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രാമാണികനാവും. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പാറമേക്കാവിൻ്റെ എഴുന്നള്ളത്ത്.

ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. 32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തുക. വനം വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് എല്ലാ ആനകൾക്കും കർശനമായ സുരക്ഷയും പരിശോധനയും നടത്തിയാണ് ആനകളെ സജ്ജമാക്കിയത്.

Covid

തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരു വാര്‍ഡില്‍ അഞ്ച് അധ്യാപകരെ വീതം നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് അവലോക യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍സിപ്പല്‍ ഡിവിഷനുകളില്‍ രണ്ടും പഞ്ചായത്ത് വാര്‍ഡില്‍ ഒന്നും അധ്യാപകര്‍ വീതം ഈ ജോലിയില്‍ ഏര്‍പ്പെടും. ജോലികള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയെ രണ്ട് സെക്ടറുകളായി തിരിച്ച് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പര്‍ക്കപ്പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതില്‍ ഉള്‍പ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍, തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ ഇതിനായി ദ്രുത കര്‍മ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.