Latest News (Page 3,111)

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് കൂട്ടുമെന്നും രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണവിധേയമായേക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതുജനങ്ങള്‍ സ്വയം പ്രതിരോധവും നിയന്ത്രണവും വര്‍ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് 2-2.5 ലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കാവും മുന്‍ഗണന. 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും. 60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്.

7,25,300 ലക്ഷം ഡോസ് വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്യും. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുൻ‌കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്കും രാത്രി ഒൻപത് മണിക്കുള്ളിൽ അടക്കണം എന്ന വ്യവസ്‌ഥ ബാധകമാണ്.

നാഗ്പൂര്‍: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ബി.ആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അവകാശവാദവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.

നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു ബോബ്‌ഡെയുടെ അവകാശവാദം. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ടും ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുള്ളതുകൊണ്ടുമാണ് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം അംബേദ്കര്‍ വെച്ചതെന്നായിരുന്നു ബോബ്‌ഡെയുടെ വാദം. എന്നാല്‍ അത് ഫലത്തില്‍ വന്നില്ലെന്നും ബോബ്‌ഡെ പറഞ്ഞു.

ഉത്തരേന്ത്യയില്‍ തമിഴ് സ്വീകാര്യമല്ലാത്തതിനാല്‍ അതിനെ അവിടെ എതിര്‍ക്കാമെന്നും അതുപോലെ തന്നെ ദക്ഷിണേന്ത്യയിലും ഹിന്ദി എതിര്‍ക്കപ്പെടുമെന്നും അംബേദ്കറുടെ അഭിപ്രായപ്പെട്ടിരുന്നുവെന്നും

എന്നാല്‍, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സംസ്‌കൃതത്തിനെതിരായ എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാലാണ് അംബേദ്കര്‍ ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നുമാണ് ബോബ്‌ഡെ അവകാശപ്പെടുന്നത്.അംബേദ്കറുടെ 130 ജന്മവാര്‍ഷികത്തിലാണ് ബോബ്‌ഡെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ramesh chennithala

തിരുവനന്തപുരം: കെ ടി ജലീലും മുഖ്യമന്ത്രി പിണറായി വിജയനും ഗൂഢാലോചന നടത്തിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനത്തില്‍ തുല്യ പങ്കാളിയായ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ഒരുവശത്ത് ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്. മന്ത്രിസഭയില്‍ വച്ചാല് ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ എന്നും ചെന്നിത്തല ചോദിച്ചു.

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലും തമ്മിലുളള ആലോചനാ യോഗത്തിന് ശേഷമാണ് തീരുമാനം. ഏപ്രില്‍ 17മുതല്‍ കര്‍ഫ്യു നിലവില്‍ വരുമെന്നും വെളളിയാഴ്ച രാത്രി 10ന് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിവരെ നീളുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നിരോധനാജ്ഞ നിലവിലുളളപ്പോള്‍ അവശ്യ സര്‍വീസുകളെ മാത്രമേ അനുവദിക്കൂ. അന്തര്‍സംസ്ഥാന സര്‍വീസുകളും നടത്താം. ചന്തകള്‍, മാളുകള്‍, സ്പാ, ജിമ്മുകള്‍,എന്നിവ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങുമെന്നും വരുംദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ വാരാന്ത്യ കര്‍ഫ്യൂ നീട്ടിയേക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ യോഗം ഇന്ന് വിളിച്ചുകൂട്ടിയിട്ടുണ്ട്.

ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്താൻ നായകൻ ബാബർ അസം ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളിയാണ് ബാബർ ഒന്നാം സ്ഥാനത്ത് എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നടത്തിയ പ്രകടനമാണ് ബാബറിനു തുണയായയത്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനം കോലിക്ക് തിരിച്ചടിയാവുകയും ചെയ്തു.1258 ദിവസങ്ങൾക്കു ശേഷമാണ് കോലിയുടെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്.

നിലവിൽ 865 റേറ്റിംഗ് ആണ് അസമിനുള്ളത്. വിരാട് കോലിക്ക് 857 റേറ്റിംഗ് ഉണ്ട്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ 825 റേറ്റിംഗുമായി മൂന്നാമതും ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ 801 പോയിൻ്റുമായി നാലാമതും ആണ്.

ബൗളർമാരിൽ 737 റേറ്റിംഗുമായി ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. മുജീബ് റഹ്മാൻ (708), മാറ്റ് ഹെൻറി (691), ജസ്പ്രീത് ബുംറ (690) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിൻ്റെ ഷാക്കിബ് അൽ ഹസനാണ് (408) മികച്ച ഓൾറൗണ്ടർ. ബെൻ സ്റ്റോക്സ് (295) രണ്ടാം സ്ഥാനത്തുണ്ട്.

ഡൽഹി: ഇന്ത്യയിലുടനീളം പത്ത് ലക്ഷം പേരുടെ കൊവിഡ് വാക്സിനേഷൻ ചെലവുകൾ വഹിക്കുമെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. 2.5 ബില്യൺ ഡോളർ (ഏകേദശം 18000 കോടി രൂപ) ആയിരിക്കും ആമസോൺ ഇതിനായി ചെലവഴിക്കുക. ആഗോളത്തലത്തിൽ ജീവനക്കാർക്ക് നൽകാൻ വകയിരുത്തി വച്ച തുകയ്ക്ക് തുല്യമായ തുകയായിരിക്കും കമ്പനി ചെലവഴിക്കുക. പ്രത്യേക ബോണസ്, ഇൻസെൻറ്റീവ്സ് എന്നീ ഗണത്തിൽ 2.5 ഡോളർ ആണ് കമ്പനി നീക്കിവച്ചിരിക്കുന്നത്.

എന്നിരുന്നാലും ജീവനക്കാർക്കും കച്ചവർക്കാർക്കും അവരുടെ കുടുംബത്തിനും വാക്സിനേഷൻ നൽകുന്നതിന് എത്ര തുക വകയിരുത്തി വച്ചിട്ടുണ്ടെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല അതേസമയം ആഗോളത്തലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 11.5 ബില്യൺ ഡോളർ ആണ് കമ്പനി വകയിരുത്തിയിട്ടുള്ളത്.കമ്പനിയിൽ ജോലി ചെയ്യുന്നവരുടെയും കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സൗജന്യമായി വാക്സിനേഷൻ നൽകാൻ തീരുമാനിച്ചതെന്ന് ആമസോൺ ഇന്ത്യ മാനേജർ അമിത് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി കമ്പനിയുമായി പ്രവർത്തിക്കുന്ന വിൽപ്പനക്കാർക്കാണ് സൗജന്യ വാക്സിനേഷൻ ലഭിക്കുക.പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് എല്ലാ വിൽപ്പനക്കാർക്കും അവരുടെ ജീവനക്കാർക്കും ആമസോൺ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു.പകർച്ചവ്യാധിയെ തുടർന്നുണ്ടായ വെല്ലുവിളികളെ നേരിടാൻ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് കമ്പനി ഫീസ് ഇളവ് പ്രഖ്യാപിച്ചിരുന്നു.

vaccine

തിരുവനന്തപുരം: കൊവിഷീല്‍ഡ് വാക്‌സിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് മെഗാ വാക്‌സിനേഷന്‍ മുടങ്ങും. അടുത്ത ബാച്ച് വാക്‌സിന്‍ എത്തിയാല്‍ മാത്രമേ നാളെ വീണ്ടും ക്യാംപുകള്‍ പുനരാരംഭിക്കാന്‍ കഴിയൂ. മാസ് വാക്‌സീനേഷന്‍ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിച്ചു. തിരുവനന്തപുരമടക്കം അഞ്ച് ജില്ലകളിലാണ് കൊവീഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നത്.

എറണാകുളത്ത് കൊവിഷീല്‍ഡ് വാക്‌സിന്റെ സ്റ്റോക് തീര്‍ന്നെങ്കിലും കൊവാക്‌സിന്‍ സ്റ്റോക്കുള്ളതിനാല്‍ വാക്‌സിനേഷന് മുടക്കം വരില്ലെന്നും കോഴിക്കോടും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 153 കേന്ദ്രങ്ങളിലാണ് നിലവില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടക്കുന്നത്.

മുംബൈ: പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തിനായി മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സിബിഐക്കു മുന്നില്‍ ഹാജരായി. സബേര്‍ബന്‍ സാന്താക്രൂസിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിനായി രാവിലെ 10 മണിയോടെയാണ് ദേശ്മുഖ് സ്ഥലത്തെത്തിയത്.മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ വസതിക്കുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തുകയും ഏറ്റുമുട്ടല്‍ വിദഗ്ധനായ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ ബാറുകളില്‍നിന്നും റസ്റ്ററന്റുകളില്‍നിന്നുമായി മാസം 100 കോടിക്കുമുകളില്‍ പിരിച്ചുകൊടുക്കണമെന്ന് ദേശ്മുഖ് വാസെയോട് ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണം പരംബീര്‍ ഉന്നയിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ മാത്രം 666 പേർക്കാണ് രോഗബാധയുണ്ടായത്. രോഗബാധ കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കണ്ടൈൻമെന്റ് സോണുകളിൽ അവശ്യസ‍ർവ്വീസുകളൊഴികെ എല്ലാത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകരെ ഒഴികെ കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് ആളുകളെ പുറത്തേക്കും അകത്തേക്കും കടത്തില്ലെന്നും അറിയിച്ചു. ബന്ധപ്പെട്ട താലൂക്കുകളിലെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും തഹസില്‍ദാര്‍മാരും പ്രത്യേക നിരീക്ഷണം നടത്തും. ​തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളെല്ലാം പിൻവലിച്ച ജില്ലാഭരണകൂടം കൂടുതൽ മേഖലകൾ കണ്ടയിന്മെന്റ് സോണിലാക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകളും വിളവൂർക്കൽ പഞ്ചായത്തിലെ ഒരു വാർഡും പുതിയ കണ്ടൈൻമെന്റ് സോണുകളിലാണ്

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ രാജിയ്ക്ക് കാരണമായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ലെന്നും മൗനം തുടരുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ജലീലിനോട് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്ന പ്രത്യേക വാത്സല്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ ജലീല്‍ വ്യക്തമാക്കിയിരുന്നു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം എന്താണ് എന്നതിനെപ്പറ്റി മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ജലീല്‍ കുറ്റവാളിയാണെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി കൂടി കുടുങ്ങും അതുകൊണ്ടല്ലേ അങ്ങനെയൊരു നിലപാട് എടുത്തത്. എന്തുകൊണ്ടാണ് ജലീലിനെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കേണ്ട എന്ന നിലപാട് എടുത്തു.

എന്നാല്‍ സമാന ആരോപണം വന്നപ്പോള്‍ ജയരാജന് എതിരെ വിജിലന്‍സ് അന്വേഷണം നടന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാതിരിക്കാനാണെന്നും മുരളീധരന്‍ ആരോപിച്ചു.ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമനത്തില്‍ കെ.ടി ജലിലിന് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമായതിന് ശേഷം ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ ജലീല്‍ രാജിവെച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല. നിയമവേദികളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും മുരളീധരന്‍.