ചെറിയാന്‍ ഫിലിപ്പിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഎം ധാരണ

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണ. യുഡിഎഫ് പാളയത്തിലേക്ക് ചെറിയാന്‍ ചേക്കേറില്ലെന്നും വിപരീതമായ നീക്കമുണ്ടായാല്‍ ചെറിയാനെ തടയേണ്ടെന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം. മൂന്ന് തവണ നിയമസഭാ സീറ്റ് നല്‍കിയ പാര്‍ട്ടി കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം അടക്കം നല്‍കിയിട്ടുണ്ട്. ദിവസവും ഒരു ഫേസ്ബുക്ക് കുറിപ്പെഴുതി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ചെറിയാന്റെ ശൈലി കേഡര്‍ പാര്‍ട്ടിയ്ക്ക് ചേര്‍ന്ന രീതിയല്ലെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പറയുന്നു.ചെറിയാന്‍ ഫിലിപ്പിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമാണ് സി പി എം നേതാക്കള്‍ പറയുന്നത്. ഇക്കാര്യം ചെറിയാന്‍ ഫിലിപ്പിനെ നേതാക്കള്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. സി പി എമ്മിന്റെ രാജ്യസഭയിലെ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അത്. എളമരം കരീം, കെ സോമപ്രസാദ്, കെ കെ രാഗേഷ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(ബംഗാള്‍), ജര്‍ണാ ദാസ് വൈദ്യ (ത്രിപുര) എന്നിവര്‍ അടങ്ങുന്നതാണ് രാജ്യസഭയിലെ സി പി എം ഗ്രൂപ്പ്.ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തുടര്‍ഭരണം ലഭിക്കാതെ സി പി എമ്മിന് രാജ്യസഭയില്‍ തങ്ങളുടെ ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സി പി എം തന്നെ എടുക്കാന്‍ തീരുമാനിച്ചത്.നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താന്‍ സി പി എം നിയമപോരാട്ടം നടത്തിയതും അതുകൊണ്ടാണ്. ഇതോടെയാണ് സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭയിലേക്ക് അയക്കാനുളള വഴി അടഞ്ഞത്.