ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെയാണ് ഇത്തവണ തൃശൂര്‍ പൂരം

തൃശ്ശൂർ: ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെയാണ് ഇത്തവണ തൃശൂര്‍ പൂരം നടക്കുന്നത്. മഹാമാരി പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുമ്പോഴും ഒരുമയുടെ സന്ദേശമായി മാറുകയാണ് തൃശൂര്‍ പൂരം. ജനക്കൂട്ടമില്ലാതെ നെയ്തലക്കാവ് വിഭാഗക്കാരെത്തി തെക്കേഗോപുര നട തുറന്നതോടെയാണ് പൂര വിളംബരമായത്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി. ജനങ്ങൾ വീടുകളിൽ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം.

പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം കർശന പോലീസ് നിയന്ത്രനത്തിൽ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി.

തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയാകും. രണ്ടരയോടെ പാണ്ടിമേളത്തോടെ ശ്രീമൂല സ്ഥാനത്തേക്ക് കൊട്ടിക്കയറും. കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രാമാണികനാവും. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പാറമേക്കാവിൻ്റെ എഴുന്നള്ളത്ത്.

ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. 32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തുക. വനം വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് എല്ലാ ആനകൾക്കും കർശനമായ സുരക്ഷയും പരിശോധനയും നടത്തിയാണ് ആനകളെ സജ്ജമാക്കിയത്.