കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി അധ്യാപകരും

Covid

തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരു വാര്‍ഡില്‍ അഞ്ച് അധ്യാപകരെ വീതം നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് അവലോക യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍സിപ്പല്‍ ഡിവിഷനുകളില്‍ രണ്ടും പഞ്ചായത്ത് വാര്‍ഡില്‍ ഒന്നും അധ്യാപകര്‍ വീതം ഈ ജോലിയില്‍ ഏര്‍പ്പെടും. ജോലികള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയെ രണ്ട് സെക്ടറുകളായി തിരിച്ച് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പര്‍ക്കപ്പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതില്‍ ഉള്‍പ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍, തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ ഇതിനായി ദ്രുത കര്‍മ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.