Latest News (Page 3,109)

covid

ന്യൂ‍ഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിച്ച് ഏപ്രിൽ 2020 മുതൽ ഈ മാസം 28 വരെ 101 മാധ്യമപ്രവർത്തകരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്.ഇതിൽ 52 മരണവും ഈ ഏപ്രിലിലാണ് ഉണ്ടായതെന്നും ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്റെ (ഐപിഎസ്) റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകരുടെ മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് യുപിയിലാണ്. 19 പേരാണ് അവിടെ മരിച്ചത്. തെലങ്കാന (17), മഹാരാഷ്ട്ര (13), ഒഡീഷ (9), ‍ഡൽഹി (8), ആന്ധ്ര പ്രദേശ് (6) എന്നിങ്ങനെയാണ് ഐപിഎസിന്റെ റിപ്പോർട്ട്.

കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രമുഖ ടെലിവിഷൻ മാധ്യമപ്രവർത്തകൻ രോഹിത് സർദാന (41) അന്തരിച്ചത്. വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആജ് തക് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും അവതാരകനുമായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്.അസമിലെ മുതിർന്ന മാധ്യമപ്രവർത്തക നിലാക്ഷി ഭട്ടാചാര്യയുടെ ജീവനും ഇന്നു പൊലിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ്. ഇവരുടെ ഭർത്താവ് ദി അസം ട്രിബ്യൂൺ മാധ്യമത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് കല്യാൺ ബറുവയും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനമായ നാളെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 49 കമ്പനി കേന്ദ്രപോലീസ് സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.നേരത്തേ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. മാത്രമല്ല, വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ജനക്കൂട്ടം ഉണ്ടാകാതെ നോക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.നിരത്തുകളിലെ വാഹനപരിശോധനയും മറ്റും ശനിയാഴ്ച വൈകുന്നേരം തന്നെ ആരംഭിക്കും.

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കി ഒതുക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍. നിരക്ക് കുറഞ്ഞത് 1500 രൂപയാക്കണമെന്നും 500 രൂപ അപര്യാപ്തമാണെന്നുമാണ് സ്വകാര്യ ലാബുകളുടെ വാദം. സംസ്ഥാനത്ത് പലയിടത്തും സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയതോടെ പരിശോധന നിര്‍ത്തി വച്ചു. എന്നാല്‍ ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു.
മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്‍പ്പെടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ സ്വകാര്യമേഖലയില്‍ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും.

അഹമ്മദാബാദ് : ഗുജറാത്തിലെ ഭറൂച്ച് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പതിനെട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി.മരണസംഖ്യ ചിലപ്പോള് ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് ചുദാസാമ പറഞ്ഞു.

pinarayi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ അമിത ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ ഫലം വന്ന് എല്‍ഡിഎഫ് വിജയം ഉറപ്പിച്ചാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി മാത്രമോ അല്ലെങ്കില്‍ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിര്‍ദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നു. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടര്‍ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആത്മവിശ്വാസം വീണ്ടും വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഓസ്‌ട്രേലിയ. രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാരെ 5 വര്‍ഷം ജയിലില്‍ അടയ്ക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാല്‍ മെയ് 15 വരെയെങ്കിലും വിമാനങ്ങള്‍ റദ്ദാക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.ഐപിഎല്‍ മത്സരത്തിനെത്തിയ വിദേശതാരങ്ങള്‍ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ടീമംഗങ്ങളായ ഓസീസ് താരങ്ങള്‍ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു.

തിരുവനന്തപുരം: നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച. എസ്എടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്ക് പൂട്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ബാലസംഘം ഭരിക്കും പോലെ കോര്‍പ്പറേഷന്‍ ഭരണം അത്ര കുട്ടിക്കളിയല്ലെന്ന് മേയര്‍ തിരിച്ചറിയണമെന്നും എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്‌സ് ഹൗസ് പൂട്ടാന്‍ മേയര്‍ കാട്ടിയ വ്യഗ്രതയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതുമെല്ലാം മേയറുടെ കഴിവുകേടാണ് തുറന്ന് കാട്ടുന്നതെന്ന് യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ഡ്രഗ് ഹൗസ് എന്തിനാണ് അടച്ചുപൂട്ടിയതെന്ന് മേയര്‍ വ്യക്തമാക്കണമെന്നും നന്ദു ആവശ്യപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാട്ടി ഡ്രഗ്ഹൗസ് പൂട്ടിക്കാന്‍് കാണിച്ച ആവേശത്തിന്റെ പകുതി മതിയായിരുന്നു മേയറുടെ മൂക്കിനു താഴെ നടക്കുന്ന വമ്പന്മാരുടെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുക്കാന്. ചില നേതാക്കന്മാരുടെ കൈയിലെ കളിപ്പാട്ടം മാത്രമായി മേയര് അധ:പതിച്ചതാണ് തന്റെ പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മേയറെ പ്രേരിപ്പിക്കുന്നതെന്നും ഡ്രഗ് ഹൗസ് കേന്ദ്രം അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കില് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്ക്ക് യുവമോര്ച്ച നേതൃത്വം നല്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയം: തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം 12 സീറ്റിലും ജോസഫ് 10 സീറ്റിലുമാണ് മത്സരിച്ചത്. അത്‌കൊണ്ട് തന്നെ ഇടതു മുന്നണിയിലും യു.ഡി.എഫിലും ഘടകകക്ഷികളായ കേരളകോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം നിലനിൽപ്പിന്റെ പോരാട്ടം കൂടിയായി. സി.പി.എം, സി.പി.ഐ കക്ഷികളുടെ സീറ്റ് എടുത്താണ് ജോസിന് 12 സീറ്റ് നൽകിയത്. തുടർഭരണം നഷ്ടപ്പെടുകയോ ജോസിന് സീറ്റ് കുറയുകയോ ചെയ്താൽ സി.പി.ഐ ജോസിന്റെ അപ്രമാദിത്വം അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇടതു മുന്നണിയിൽ അത് അസ്വാരസ്യങ്ങൾക്ക് വരെ വഴി തെളിക്കാം. യു.ഡി.എഫ് നൽകിയ രാജ്യസഭാ സീറ്റ് രാജിവച്ച് ഇടതു മുന്നണിയിലേക്ക് പോയ ജോസ് ജന്മനാട്ടിൽ പരാജയപ്പെട്ടാൽ യു.ഡി.എഫ് അത് രാഷ്ടീയ വിജയമാക്കി ചിത്രീകരിക്കും.

ഇടതു മുന്നണിയിലേക്കുള്ള മാറ്റം കേരളകോൺഗ്രസ് അണികൾ അംഗീകരിച്ചില്ലെന്നതിന്റെ തെളിവാകും. അട്ടിമറി ജയത്തിലൂടെ അരനൂറ്റാണ്ടിനു ശേഷം പാലാ സീറ്റ് ഇടതുമുന്നണിക്ക് നേടിക്കൊടുത്ത കാപ്പന് സീറ്റ് നിഷേധിച്ചത് വോട്ടർമാർ അംഗീകരിച്ചില്ലെന്നു വരുന്നതിന്റെ പേരുദോഷം ഏറെ കേൾക്കേണ്ടിവരിക പാലാ സീറ്റ് കാപ്പന് നൽകാതിരുന്ന സി.പി.എം നേതൃത്വവുമായിരിക്കും.കോട്ടയത്ത് 9ൽ അഞ്ച് സീറ്റ് ജോസിന് നൽകിയിട്ട് സി.പി.എം മൂന്നു സീറ്റിലും സി.പി.ഐ ഒരു സീറ്റിലും ഒതുങ്ങേണ്ടിവന്നു. കടുത്ത മത്സരം നടന്ന പാലാ സീറ്റിൽ യു.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുകയാണ്.

ഇവിടെ മാണി സി. കാപ്പൻ ജയിച്ചാൽ അത് കെ.എം.മാണിയുടെ പിന്തുടർച്ച അവകാശപ്പെടുന്ന ജോസിന്റെ രാഷ്ടീയ ഭാവിക്ക് തിരിച്ചടിയാകും. യു.ഡി.എഫ് ഘടകകക്ഷിയായ് മത്സരിക്കുന്ന ജോസഫ് വിഭാഗത്തിന് ജോസിലും കൂടുതൽ സീറ്റ് കിട്ടിയാൽ യു.ഡി.എഫിൽ കൂടുതൽ വില പേശാനുള്ള അവസരമാകും. ചിഹ്നവും പേരും നഷ്ടപ്പെട്ട മാനക്കേടിൽ നിന്നുള്ള തിരിച്ചുവരവുമാകും.കടുത്ത മത്സരം നടന്ന പാലാ സീറ്റിൽ യു.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുകയാണ്.

ഇവിടെ മാണി സി. കാപ്പൻ ജയിച്ചാൽ അത് കെ.എം.മാണിയുടെ പിന്തുടർച്ച അവകാശപ്പെടുന്ന ജോസിന്റെ രാഷ്ടീയ ഭാവിക്ക് തിരിച്ചടിയാകും. യു.ഡി.എഫ് ഘടകകക്ഷിയായ് മത്സരിക്കുന്ന ജോസഫ് വിഭാഗത്തിന് ജോസിലും കൂടുതൽ സീറ്റ് കിട്ടിയാൽ യു.ഡി.എഫിൽ കൂടുതൽ വില പേശാനുള്ള അവസരമാകും. ചിഹ്നവും പേരും നഷ്ടപ്പെട്ട മാനക്കേടിൽ നിന്നുള്ള തിരിച്ചുവരവുമാകും.മദ്ധ്യ കേരളത്തിൽ ഇടതു മുന്നണി വിജയപ്രതീക്ഷ പുലർത്തുന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ കാണിച്ച ജോസിന്റെ ശക്തിയിൽ വിശ്വസിച്ചാണ്. ഇവിടെ കരുത്ത് തെളിയിക്കേണ്ടത് ജോസിന്റെ പ്രസ്റ്റീജായ് മാറുകയാണ്.

കൊച്ചി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മേയ് നാല് വരെ ഒത്തുചേരലുകളോ വിജയാഹ്ളാദ പ്രകടനങ്ങളോ പാടില്ലെന്ന് ഹൈക്കോടതി. മേയ് നാല് മുതൽ ഒൻപത് വരെ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളുടേതിന് സമാനമായിരിക്കും നിയന്ത്രണങ്ങളെന്നും ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിച്ചേരലോ വിജയാഹ്ളാദ പ്രകടനമോ പാടില്ലെന്നും ഇക്കാര്യം അതാത് ജില്ലാ ഭരണകൂടങ്ങളും പൊലീസും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സഞ്ചാരവും ആൾക്കൂട്ടവും ഒഴിവാക്കി കൊവിഡിനെ പിടിച്ചുകെട്ടാമെന്നും ജനജീവിതം തടസമില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.നാളെ മുതൽ അടുത്ത പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡ‌ിനിടയാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി കർശനമാക്കിയിരിക്കുകയാണ് സർക്കാർ.

ചെന്നൈ: റെംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് ചെന്നൈയിലും ഡല്‍ഹിയിലും ആന്ധ്രാപ്രദേശിലുമായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴുപേര്‍ പിടിയില്‍. 4800 രൂപയ്ക്ക് വാങ്ങിയ മരുന്ന് 20,000 രൂപയ്ക്കാണ് വിറ്റത്. ഉത്തരാഖണ്ഡില്‍ വ്യാജ റെംഡിസിവര്‍ നിര്‍മ്മാണ ഫാക്ടറി പൊലീസ് കണ്ടെത്തുകയും ഉടമ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായ ഭാനു പ്രതാപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ 52,000 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്നാണ് നാലു വ്യാജ റെംഡിസിവര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചിരുന്നു.കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡിസിവര്‍. ഈ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് മലയാളികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.