Latest News (Page 2,385)

k rail

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര വിഹിതം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേരളം. 63,941 കോടിയുടെ സിൽവർ ലൈൻ നടപ്പാക്കാൻ വേണ്ട 33,700 കോടി രൂപയുടെ വിദേശ വായ്പയ്ക്ക് ഗാരന്റി നിൽക്കുകയോ വായ്പാ ബാദ്ധ്യത പങ്കിടുകയോ ചെയ്യില്ലെന്ന കേന്ദ്ര നിലപാട് മയപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് കേരളം ആരംഭിച്ചത്.

ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ പ്രത്യേകാനുമതി വേണ്ടെന്ന് റെയിൽവേ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് കേന്ദ്ര വിഹിതം അഭ്യർത്ഥിച്ചു കൊണ്ടുള്ള ശ്രമം സർക്കാർ തുടങ്ങിയത്. സിൽവർലൈൻ നടപ്പാക്കുന്ന കെ – റെയിലിൽ കേന്ദ്രത്തിന് പങ്കാളിത്തമുണ്ട്. കേന്ദ്രത്തിന്റെ ഉറപ്പിലാണ് സിൽവർലൈനുമായി മുന്നോട്ട് പോയത്. കെ റെയിൽ പദ്ധതിക്ക് 10,300 കോടിയാണ് സംസ്ഥാന, റെയിൽവേ ഓഹരി. 4352 കോടിയാണ് സ്വകാര്യ വ്യക്തികളുടെ ഓഹരി.

2020 ഒക്ടോബർ മാസമാണ് പദ്ധതി രേഖ കേന്ദ്രത്തിന് മുന്നിലെത്തുന്നത്. പിന്നീട് നാലു മാസത്തിന് ശേഷം ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനും ചെലവുകൾക്കായി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുമായി ബന്ധപ്പെടാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. 2021 മേയിൽ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ 3,000 കോടി രൂപ ഭൂമിയേറ്റെടുക്കലിന് അനുവദിച്ചു. 2021 ഒക്ടോബറിൽ വിദേശ ഫണ്ടിംഗിന് പിന്തുണ നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. കേന്ദ്രം പിന്തുണ നൽകിയില്ലെങ്കിൽ കേരത്തിന്റെ വായ്പാ ബാദ്ധ്യത കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരം: നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നഗരപരിധിയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. കന്റോൺമെന്റ് പോലീസ് സ്റ്റേഷനു സമീപവും സെക്രട്ടേറിയേറ്റ് അനക്സ് സമുച്ചയങ്ങൾക്ക് മുന്നിലുമുള്ള നടപ്പാത സ്ഥിരമായി കൈയ്യേറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വികസന ഫോറം സെക്രട്ടറി എം. വിജയകുമാരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് പോലീസ് സ്റ്റേഷന് സമീപമുള്ള ടൈൽ വിരിച്ച നടപ്പാതയിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം ഉൾപ്പെടെ സമർപ്പിച്ചാണ് അദ്ദേഹം പരാതി നൽകിയത്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. കന്റോൺമെന്റ് സബ്ഡിവിഷൻ പരിധിയിലെ പോലീസ് സ്റ്റേഷനുകൾക്ക് നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്റ്റാച്യു ജംഗ്ഷനിലെ നടപ്പാത പാർക്കിംഗ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും പോലീസും നഗരസഭയും ചേർന്ന് പ്രത്യേകം ട്രാഫിക് വാർഡൻമാരെ നിയോഗിച്ച് അനധികൃത പാർക്കിംഗ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സാമൂഹിക വിരുദ്ധർക്കെതിരെയുളള പോലീസ് നടപടിയിൽ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകൾ. ഗുണ്ടാനിയമപ്രകാരം 215 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി ഒൻപതുവരെയുളള കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഇക്കാലയളവിൽ പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു.

ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1506 പേർ. ആലപ്പുഴയിൽ 1322 പേരും കൊല്ലം സിറ്റിയിൽ 1054 പേരും പാലക്കാട് 1023 പേരും കാസർഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1103 എണ്ണമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചു.

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രിക്കെതിരെയുള്ള സമരത്തെക്കുറിച്ചുള്ള വിവരം പഞ്ചാബ് പോലീസ് നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുത്തില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വഴി തടയുമെന്നത് നേരത്തെ അറിഞ്ഞിരുന്നെന്നും ഇക്കാര്യം പൊലീസ് ഉന്നതരെ അറിയിച്ചെന്നും പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാൻ മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുമ്പോൾ മേൽപ്പാലത്തിന് സമീപം അനധികൃത മദ്യശാലകൾ തുറന്നിരുന്നു. പ്രതിഷേധം നടത്തിയവർ കർഷകരല്ലെന്നും തീവ്രസ്വഭാവമുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച്ച സംഭവിച്ചത്. റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളമാണ് പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകി കേരളാ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വിപി മഹാദേവൻ പിള്ള. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സമ്മർദമുണ്ടായി എന്നാണ് വൈസ് ചാൻസലർ പറയുന്നത്.

ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റിന് യോജിപ്പില്ല എന്ന തീരുമാനം അറിയിക്കാനായി ഗവർണറെ കണ്ടപ്പോൾ തന്നെ സമ്മർദത്തിലാക്കി എന്നാണ് പ്രസ്താവനയിലൂടെ അദ്ദേഹം പറയുന്നത്. ഗവർണർക്ക് നൽകിയ കത്തിൽ അക്ഷരത്തെറ്റും വ്യാകരണ പിശകും ഉണ്ടാകാൻ കാരണമായത് മാനസിക സമ്മർദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലർ മറുപടിയുമായി രംഗത്തെത്തിയത്.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചുള്ള ഇവ കൂടുതല്‍ സുരക്ഷിതമാണെന്നും ഇമിഗ്രേഷന്‍ പോസ്റ്റുകളിലൂടെ സുഗമമായി കടന്നുപോകാന്‍ സഹായകമാണെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന മൈക്രോചിപ്പ്, പാസ്പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും. കൂടാതെ RFID (റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) വഴിയുള്ള അനധികൃത ഡാറ്റാ കൈമാറ്റം തടയുന്നതിനായുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഐഡന്റിറ്റി മോഷണം, വ്യാജരേഖകള്‍ എന്നിവ തടയുന്നതിനും കാര്യക്ഷമമായ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കും ഇത് സഹായിക്കും.

ഇത്തരം ചിപ്പുകളടങ്ങിയ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മുന്‍പ് ഇഷ്യൂ ചെയ്തിരുന്നു. ഇത് വിജയകരമായതോടെയാണ് എല്ലാ പൗരന്മാര്‍ക്കും ഇ-പാസ്‌പോര്‍ട്ട് നല്‍കാന്‍ ആലോചിക്കുന്നത്. പാസ്പോര്‍ട്ടിന്റെ മുന്‍വശത്തുള്ള ചിപ്പില്‍ ഇ-പാസ്പോര്‍ട്ടുകള്‍ക്കായുള്ള രാജ്യാന്തര അംഗീകൃത ലോഗോയുമുണ്ടാകും. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്പോര്‍ട്ട് ഓഫീസുകളും ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2021-ല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയോ വീണ്ടും അനുവദിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇ-പാസ്പോര്‍ട്ടുകള്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.

ഇ-പാസ്‌പോര്‍ട്ട് സൗകര്യം വരുന്നതോടെ രാജ്യാന്തര യാത്രകള്‍ സുഗമമാകുകയും ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ പ്രോസസ്സിംഗ് വേഗത്തിലാകുകയും ചെയ്യും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി, നിലവില്‍ നല്‍കുന്ന പാസ്പോര്‍ട്ടുകള്‍ നവീകരിച്ച് പുതിയ രൂപത്തിലാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ഇ-പാസ്‌പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ, മൊബൈല്‍ ഫോണില്‍ പോലും കൊണ്ടുപോകാവുന്ന രീതിയിലുള്ള പൂര്‍ണ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക എന്നതാണ് കേന്ദ്രം ആലോചിക്കുന്ന മറ്റൊരു പദ്ധതി.

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്ലിക്ക് പരിക്കേറ്റപ്പോള്‍ കെ.എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 34-ാം ക്യാപ്റ്റനായിരുന്നു രാഹുല്‍. എന്നാല്‍, രാഹുലിന്റെ കീഴില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. അതിനാല്‍ കോലിയുടെ അഭാവം അറിയാനുണ്ടായിരുന്നുവെന്ന് പലരും വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

അതേസമയം, താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കോഹ്ലി. ‘രാഹുല്‍ സമചിത്തതയോടെയാണ് കാര്യങ്ങള്‍ ചെയ്തത്. രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റെടുക്കാനും പദ്ധതികളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്ക മനോഹരമായി കളിച്ചു. സാഹചര്യം അവര്‍ക്ക് അനുകൂലമായിരുന്നു. ഇതില്‍ കൂടുതലൊന്നും ഒരു ക്യാപ്റ്റന് ചെയ്യാന്‍ കഴിയുമായിരുന്നില്ല’- കോഹ്ലി വ്യക്തമാക്കി.

‘എന്റെ കരിയറില്‍ പലപ്പോഴായി ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തിലും എനിക്ക് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്പോര്‍ട്സില്‍ എപ്പോഴും കാര്യങ്ങള്‍ അനുകൂലമായിരിക്കണമെന്നില്ല. എന്നാല്‍, ടീം ആവശ്യപ്പെട്ടപ്പോഴെല്ലാം എനിക്ക് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്’- കോഹ്ലി ചൂണ്ടിക്കാട്ടി. പറഞ്ഞു.

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എംപി. ആഭ്യന്തരവകുപ്പ് പരാജയമാണെന്നും കൊലപാതകം പോലീസിന് തടയാമായിരുന്നെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കൊലപാതകത്തെ കോണ്‍ഗ്രസ് പിന്തുണക്കില്ല. കൊലപാതകം കോണ്‍ഗ്രസിന്റെ നയമല്ലെന്നും കൊലപാതകികള്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സിപിഎം കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ക്ലാസെടുക്കാന്‍ വരണ്ട. കെ. സുധാകരനെ ആക്രമിക്കാന്‍ വന്നാല്‍ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടും. പോലീസിന്റെ വീഴ്ച്ച മുഖ്യമന്ത്രി അംഗീകരിക്കണം’-മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയുടെ ഓഫീസ് എന്തുകൊണ്ടാണ് സിപിഎം തകര്‍ക്കാതിരുന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

കെ-റെയിലിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കൊവിഡ് മാനദണ്ഡം ബാധകമല്ലെന്നുമൊക്കെ മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം, സ്ഥിരതയില്ലാത്ത ആളാണ് കേരള ഗവര്‍ണറെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകി സംവിധായകൻ ബാലചന്ദ്ര കുമാർ. ദിലീപിന്റെ ഇടപെടൽ സംബന്ധിച്ചുള്ള തെളിവുകളും സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് നൽകിയെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്ന് മൊഴി നൽകിയ ശേഷം ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കേസിൽ ആറാമനാണെന്ന് പറയപ്പെടുന്ന വിഐപി നടൻ ദിലീപുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആളാണ്. അയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. പോലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താൻ വേണ്ടിയും ഇയാൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാൾ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചത്. ദിലീപ് സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുകൾ ഉണ്ട്. ഇവർക്ക് എത്ര രൂപ കൊടുത്തുവെന്നും എങ്ങനെയാണ് ഇടപാട് നടത്തിയത് എന്നത് സംബന്ധിച്ചുമുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ദിലീപിനെതിരെയുള്ള തെളിവുകൾ ഒരിക്കലും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല. പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദമല്ലെന്ന് ദിലീപ് ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പാരാതിയിലും ഇക്കാര്യം പറഞ്ഞിട്ടില്ല. ഓഡിയോയിൽ ദിലീപിന്റെ അനിയൻ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി സംസാരിക്കുന്ന ശബ്ദമുണ്ട്, കാവ്യയുടെ ശബ്ദവും ഉണ്ട്. ഇതൊക്കെ വ്യാജമായിട്ട് ചെയ്യാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയും നാല് എംഎല്‍എമാരും രാജിവെച്ചു. ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള സര്‍ക്കാരിന്റെ അവഗണനയാണ് രാജിക്ക് കാരണമെന്നാണ് മൗര്യയുടെ വിശദീകരണം. ഇത് ബിജെപിക്ക് വലിയ ഒരടിയായിരിക്കുകയാണ്.

എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് അധികമായി ചോദിച്ചെന്നും പാര്‍ട്ടി അത് തള്ളിയതുമാണ് രാജിക്ക് കാരണമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജിക്ക് ശേഷം മൗര്യ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതി മത്സരിക്കാനില്ലെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്ര അറിയിച്ചു. എന്നാല്‍, ആരാണ് ബിഎസ്പി സ്ഥാനാര്‍ത്ഥിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശില്‍ ബിഎസ്പി ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.