‘അദ്ദേഹം പരമാവധി ശ്രമിച്ചു’; കെ.എല്‍ രാഹുലിന് പിന്തുണയുമായി കോഹ്ലി

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്ലിക്ക് പരിക്കേറ്റപ്പോള്‍ കെ.എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 34-ാം ക്യാപ്റ്റനായിരുന്നു രാഹുല്‍. എന്നാല്‍, രാഹുലിന്റെ കീഴില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. അതിനാല്‍ കോലിയുടെ അഭാവം അറിയാനുണ്ടായിരുന്നുവെന്ന് പലരും വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

അതേസമയം, താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കോഹ്ലി. ‘രാഹുല്‍ സമചിത്തതയോടെയാണ് കാര്യങ്ങള്‍ ചെയ്തത്. രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റെടുക്കാനും പദ്ധതികളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്ക മനോഹരമായി കളിച്ചു. സാഹചര്യം അവര്‍ക്ക് അനുകൂലമായിരുന്നു. ഇതില്‍ കൂടുതലൊന്നും ഒരു ക്യാപ്റ്റന് ചെയ്യാന്‍ കഴിയുമായിരുന്നില്ല’- കോഹ്ലി വ്യക്തമാക്കി.

‘എന്റെ കരിയറില്‍ പലപ്പോഴായി ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തിലും എനിക്ക് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്പോര്‍ട്സില്‍ എപ്പോഴും കാര്യങ്ങള്‍ അനുകൂലമായിരിക്കണമെന്നില്ല. എന്നാല്‍, ടീം ആവശ്യപ്പെട്ടപ്പോഴെല്ലാം എനിക്ക് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്’- കോഹ്ലി ചൂണ്ടിക്കാട്ടി. പറഞ്ഞു.