നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണം; നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നഗരപരിധിയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. കന്റോൺമെന്റ് പോലീസ് സ്റ്റേഷനു സമീപവും സെക്രട്ടേറിയേറ്റ് അനക്സ് സമുച്ചയങ്ങൾക്ക് മുന്നിലുമുള്ള നടപ്പാത സ്ഥിരമായി കൈയ്യേറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വികസന ഫോറം സെക്രട്ടറി എം. വിജയകുമാരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് പോലീസ് സ്റ്റേഷന് സമീപമുള്ള ടൈൽ വിരിച്ച നടപ്പാതയിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം ഉൾപ്പെടെ സമർപ്പിച്ചാണ് അദ്ദേഹം പരാതി നൽകിയത്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. കന്റോൺമെന്റ് സബ്ഡിവിഷൻ പരിധിയിലെ പോലീസ് സ്റ്റേഷനുകൾക്ക് നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്റ്റാച്യു ജംഗ്ഷനിലെ നടപ്പാത പാർക്കിംഗ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും പോലീസും നഗരസഭയും ചേർന്ന് പ്രത്യേകം ട്രാഫിക് വാർഡൻമാരെ നിയോഗിച്ച് അനധികൃത പാർക്കിംഗ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.