ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രിക്കെതിരെയുള്ള സമരത്തെക്കുറിച്ചുള്ള വിവരം പഞ്ചാബ് പോലീസ് നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുത്തില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വഴി തടയുമെന്നത് നേരത്തെ അറിഞ്ഞിരുന്നെന്നും ഇക്കാര്യം പൊലീസ് ഉന്നതരെ അറിയിച്ചെന്നും പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാൻ മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുമ്പോൾ മേൽപ്പാലത്തിന് സമീപം അനധികൃത മദ്യശാലകൾ തുറന്നിരുന്നു. പ്രതിഷേധം നടത്തിയവർ കർഷകരല്ലെന്നും തീവ്രസ്വഭാവമുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച്ച സംഭവിച്ചത്. റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളമാണ് പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

