Latest News (Page 2,384)

ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. ഇന്ത്യയില്‍ മാത്രം 390 മില്ല്യണ്‍ ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. വാട്‌സ്ആപ്പിലെ യൂസര്‍ ഫ്രണ്ട്‌ലി ആയ ഫീച്ചറുകളില്‍ ഒന്നാണ് പ്രാദേശിക ഭാഷ പിന്തുണ. ഇന്ത്യയില്‍ 10 പ്രാദേശിക ഭാഷകളിലാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, ബംഗാളി എന്നിവക്കൊപ്പം നമ്മുടെ മലയാളത്തിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം.

വാട്‌സ്ആപ്പില്‍ എങ്ങനെ ഭാഷ മാറ്റാം?

വാട്‌സ്ആപ്പില്‍ ഭാഷ മാറ്റാന്‍ ആദ്യം നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക.

തുടര്‍ന്ന് മൂന്ന് ലംബ ഡോട്ടുകളില്‍ (ഹാംബര്‍ഗര്‍ ഐക്കണ്‍) ടാപ്പ് ചെയ്യുക. തുറന്ന് വരുന്ന ഡ്രോപ്പ്‌ഡൌണ്‍ മെനുവില്‍ നിന്നും സെറ്റിങ്‌സ് സെലക്റ്റ് ചെയ്യുക.

സെറ്റിങ്‌സില്‍ ടാപ്പ് ചെയ്ത് ചാറ്റുകള്‍ തിരഞ്ഞെടുക്കുക.

തുടര്‍ന്ന് ആപ്പ് ലാംഗ്വേജ് തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ഭാഷ നല്‍കുക. ഇവിടെ മലയാളവും കാണാന്‍ കഴിയും.

ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ഭാഷ മാറ്റാന്‍…

ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ഭാഷ മാറ്റുന്നതിന് ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ സെറ്റിങ്‌സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.

സെറ്റിങ്‌സില്‍ നിന്നും ജനറല്‍ മാനേജ്‌മെന്റ് ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.

ജനറല്‍ മാനേജ്‌മെന്റ് സെക്ഷനില്‍ ഏറ്റവും മുകളിലായി ലാംഗ്വേജ് ഓപ്ഷന്‍ കാണാം.

ലാംഗ്വേജ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

തുടര്‍ന്ന് ആഡ് ലാംഗ്വേജ് ഓപ്ഷനില്‍ ടാപ്പ് ചെയ്ത് മലയാളം തിരഞ്ഞെടുക്കുക.

ഐഒഎസ് ഡിവൈസുകളില്‍ ഭാഷ മാറ്റാന്‍…

ഐഒഎസ് ഡിവൈസുകളില്‍ ഭാഷ മാറ്റാന്‍ ആദ്യം നിങ്ങളുടെ ഐഫോണിലെ സെറ്റിങ്‌സിലേക്ക് പോകുക.

തുടര്‍ന്ന് ജനറല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഭാഷയും പ്രദേശവും തിരഞ്ഞെടുക്കുക.

അടുത്തതായി, ഐഫോണ്‍ ഭാഷകള്‍ തിരഞ്ഞെടുക്കുക.

തുടര്‍ന്ന് ഒരു ഭാഷ തിരഞ്ഞെടുത്ത് ചെയ്ഞ്ച് റ്റു ലാംഗ്വേജ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ന്യൂഡല്‍ഹി: ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ 60 ലധികം കടകള്‍ കത്തിനശിച്ചു. ആളപായമില്ല. തീ അണയ്ക്കാനായി പന്ത്രണ്ട് ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി.

ചെങ്കോട്ടയ്ക്ക് എതിര്‍വശത്തുള്ള ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും കൂിച്ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൊല്ലം: എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ കേസെടുത്ത് പോലീസ്. മുൻ മന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. പ്രേമചന്ദ്രൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആർ എസ് ഉണ്ണിയുടെ ചെറുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ശക്തികുളങ്ങര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ രണ്ടാംപ്രതിയാണ് പ്രേമചന്ദ്രൻ എംപി. കേസിലെ ഒന്നാം പ്രതി ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ്. ആർ എസ് ഉണ്ണിയുടെ കൊല്ലം ശക്തികുളങ്ങരയിലെ കുടുംബവീട് കൈയടക്കാൻ പ്രാദേശിക ആർഎസ്പി നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

വീടിന്റെ നിയമപരമായ അവകാശം അമൃതയെന്നും അഞ്ജനയെന്നും പേരുളള ആർ എസ് ഉണ്ണിയുടെ ചെറുമക്കൾക്കാണ്. പക്ഷേ ശക്തികുളങ്ങരയിലെ പ്രാദേശിക ആർഎസ്പി നേതാക്കൾ ആ അവകാശം അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ആർ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ വീടിന്റെ അവകാശം സ്വന്തമാക്കാൻ പ്രാദേശിക ആർ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

ആർഎസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിർന്ന ആർഎസ്പി നേതാക്കൾ പ്രശ്‌നപരിഹാരത്തിന് സഹായിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. അതേസമയം ആർഎസ് ഉണ്ണിയുടെ മരണ ശേഷം വർഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്നിരുന്ന വീട് സംരക്ഷിച്ചത് താനാണെന്നാണ് കെ പി ഉണ്ണികൃഷ്ണന്റെ വിശദീകരണം. സഹോദരിമാർ തന്നോട് പറയാതെ വീടീനുളളിൽ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് കെ പി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സഹോദരിമാർക്ക് അനുകൂലമായ പരിഹാരമുണ്ടാക്കാനുളള ഇടപെടൽ നടത്തുക മാത്രമേ നടത്തിയിട്ടുളളൂവെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി വിശദമാക്കുന്നത്.

ചെന്നൈ: ഒമിക്രോണ്‍ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ച നടക്കുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ അറിയിച്ചു.

നാളെ രാത്രി 10 മണി മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവക്ക് രാത്രി പത്ത് മണിക്ക് ശേഷം വിലക്കുണ്ട്. സ്‌കൂളുകള്‍ അടക്കുന്ന സാഹചര്യത്തില്‍ 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം സജ്ജമാക്കും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ ലഭ്യമാകും. പെട്രോള്‍ പമ്പ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും.

വാളയാര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ യാത്രക്ക് കര്‍ശന നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തി. പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ കൈവശം വേണം. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരോടാണ് ഇപ്പോള്‍ രേഖകള്‍ ആവശ്യപ്പെടുന്നത്.

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനെതിരെ വിമർശനവുമായി മുൻമന്ത്രി എംഎം മണി. പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടിപ്പോൾ പുണ്യാളൻ എന്നുപറഞ്ഞാൽ അംഗീകരിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളാണ് പി ടി തോമസ്. മരിക്കുമ്പോൾ എല്ലാവരും ഖേദം പ്രകടിപ്പിക്കുമെന്നും മണി അഭിപ്രായപ്പെട്ടു. അതേസമയം എം എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയിൽ നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന എസ് രാജേന്ദ്രന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. തന്നെ പേടിച്ചാണ് രാജേന്ദ്രൻ സമ്മേളനത്തിൽ വരാതിരുന്നതെന്ന പ്രസ്താവന കേട്ടപ്പോൾ ചിരി വന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാജേന്ദ്രന് മൂന്നാം തവണ മത്സരിക്കാൻ അവസരം വാങ്ങി കൊടുത്തത് താനും കൂടി ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎം മണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എസ് രാജേന്ദ്രൻ ഉന്നയിച്ചിരുന്നത്. തന്നെ എംഎം മണിയും കെ വി ശശിയും കൂടി അപമാനിച്ചെന്നും വീട്ടിലിരിക്കാൻ പറഞ്ഞെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മണി രംഗത്തെത്തിയത്.

കൊച്ചി: ഗവർണർ ആരിഫ് ഖാന്റെ നിലപാട് ശരിവെച്ച് ഹൈക്കോടതി. കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ നൽകിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

സർവകലാശാല ചട്ടങ്ങൾ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്ന് ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും ഗവർണർ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ പരാമർശം. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ടാ 96 ലെയും 98 ലെയും സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് രജിസ്ട്രാർ മുഖേന പ്രത്യേക ദൂതൻ വഴി നോട്ടിസ് അയക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും.

മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ടൊവിനൊ ചിത്രം ‘മിന്നല്‍ മുരളി’. ആഗോള സിനിമയില്‍ ‘മിന്നല്‍ മുരളി’ നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. പതിനൊന്ന് രാജ്യങ്ങളില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലാണ് ‘മിന്നല്‍ മുരളി’ ഇടം പിടിച്ചിരിക്കുന്നത്.

മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന്റെ റീമേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബേസില്‍. മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്. മറ്റു സൂപ്പര്‍ഹീറോസിനെപ്പോലെ ഒറ്റ മിന്നല്‍ മുരളി മാത്രം മതി എന്നാണ് സംവിധായകന്റെ നിലപാട്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകളില്‍ നിന്നുള്ള സ്പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസിലിന്റെ വാക്കുകള്‍. അതേസമയം, മിന്നല്‍ മുരളി സൂപ്പര്‍ ഹിറ്റായതോടെ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ വ്യക്തമാക്കി.

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ലക്ഷണങ്ങൾ തീരെ ഇല്ലാത്തതുമായ രോഗികൾക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവർക്കും കാൻസർ രോഗികൾക്കും ഹോം ഐസലേഷൻ അനുവദിക്കില്ല. ഏഴു ദിവസമാണ് കോവിഡ് രോഗികൾ ഐസൊലേഷനിൽ കഴിയേണ്ടത്. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രം പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകൾ കുറിച്ചും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികൾ ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാർട്ട് മാതൃക ഉൾപ്പെടുത്തുകയും ആരോഗ്യപ്രവർത്തകരും ആയി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 534 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്.

ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടി സ്വീകരിക്കരുതെന്ന് കെ-റെയില്‍ പദ്ധതിയുടെ കല്ലിടലിനെ കുറിച്ച് സിപിഐ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. സംസ്ഥാനത്ത് വികസന പരിപാടികള്‍ നടപ്പാക്കണം എന്നാല്‍, ദൃതി പിടിച്ചുള്ള നടപടികള്‍ വേണ്ട എന്നും എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

കോണ്‍ഗ്രസ് അനുകൂല പരാമര്‍ശത്തിന് ബിനോയ് വിശ്വത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അത്തരമൊരു പ്രസ്താവന എല്‍ഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു. കോണ്‍ഗ്രസ് വേദിയില്‍ പോയി പറയേണ്ടിയിരുന്നില്ലെന്നും, പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിനു കഴിയില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. ഇടത് പക്ഷത്തിനു അതിനുള്ള കെല്‍പ് ഇല്ല. അതിനെക്കുറിച്ച് തങ്ങള്‍ക്കും തിരിച്ചറിവുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് നവംബറില്‍ നിരോധിച്ചതെന്ന് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് . 602 പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്നും വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.

പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്‌സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.