കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകി സംവിധായകൻ ബാലചന്ദ്ര കുമാർ. ദിലീപിന്റെ ഇടപെടൽ സംബന്ധിച്ചുള്ള തെളിവുകളും സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് നൽകിയെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്ന് മൊഴി നൽകിയ ശേഷം ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ ആറാമനാണെന്ന് പറയപ്പെടുന്ന വിഐപി നടൻ ദിലീപുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആളാണ്. അയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. പോലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താൻ വേണ്ടിയും ഇയാൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാൾ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചത്. ദിലീപ് സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുകൾ ഉണ്ട്. ഇവർക്ക് എത്ര രൂപ കൊടുത്തുവെന്നും എങ്ങനെയാണ് ഇടപാട് നടത്തിയത് എന്നത് സംബന്ധിച്ചുമുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ദിലീപിനെതിരെയുള്ള തെളിവുകൾ ഒരിക്കലും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല. പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദമല്ലെന്ന് ദിലീപ് ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പാരാതിയിലും ഇക്കാര്യം പറഞ്ഞിട്ടില്ല. ഓഡിയോയിൽ ദിലീപിന്റെ അനിയൻ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി സംസാരിക്കുന്ന ശബ്ദമുണ്ട്, കാവ്യയുടെ ശബ്ദവും ഉണ്ട്. ഇതൊക്കെ വ്യാജമായിട്ട് ചെയ്യാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

