തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എംപി. ആഭ്യന്തരവകുപ്പ് പരാജയമാണെന്നും കൊലപാതകം പോലീസിന് തടയാമായിരുന്നെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കൊലപാതകത്തെ കോണ്‍ഗ്രസ് പിന്തുണക്കില്ല. കൊലപാതകം കോണ്‍ഗ്രസിന്റെ നയമല്ലെന്നും കൊലപാതകികള്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിപിഎം കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ക്ലാസെടുക്കാന്‍ വരണ്ട. കെ. സുധാകരനെ ആക്രമിക്കാന്‍ വന്നാല്‍ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടും. പോലീസിന്റെ വീഴ്ച്ച മുഖ്യമന്ത്രി അംഗീകരിക്കണം’-മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയുടെ ഓഫീസ് എന്തുകൊണ്ടാണ് സിപിഎം തകര്‍ക്കാതിരുന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
കെ-റെയിലിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കൊവിഡ് മാനദണ്ഡം ബാധകമല്ലെന്നുമൊക്കെ മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം, സ്ഥിരതയില്ലാത്ത ആളാണ് കേരള ഗവര്‍ണറെന്നും അദ്ദേഹം വിമര്‍ശിച്ചു.

