Latest News (Page 2,030)

hot

ന്യൂഡൽഹി: ഉഷ്ണ തരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. തലസ്ഥാന നഗരമായ ഡൽഹിയിൽ പലയിടത്തും 45 ഡിഗ്രിയിൽ അധികമാണ് താപനില. അഞ്ചു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തും താപനില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ എട്ട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

ഉഷ്ണക്കാറ്റുകൂടി അനുഭവപ്പെടുന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് നാലു ദിവസം കൂടി ഉഷ്ണതരംഗം തുടരും. പകൽ സമയത്ത് ആളുകൾ തുറസായ സ്ഥലത്ത് നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അടുത്ത മൂന്ന് ദിവസങ്ങൾ ഡൽഹിയിൽ 2 ഡിഗ്രി ചൂട് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് പാഠ്യപദ്ധതിയ്ക്ക് ചട്ടക്കൂട് പരിഷ്‌കരിക്കാനുള്ള മാർഗരേഖ പ്രകാശനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നടന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ആദ്യ ഘട്ടത്തിൽ വിനോദത്തിലൂന്നിയുള്ള പഠനമാണ് മാർഗരേഖ ശുപാർശ ചെയ്യുന്നത്.

ഈ മാർഗരേഖ പ്രകാരമായിരിക്കും പൊതുവിദ്യാഭ്യാസ രംഗം 10, 12, ഘടന ഒഴിവാക്കി 5+3+3+4 എന്ന രീതിയിലേക്ക് മാറ്റാനുള്ള ദേശീയ വിദ്യാഭ്യാസനയത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കുക. തുടർപ്രക്രിയകളിലൂടെയാണ് ചട്ടക്കൂട് രൂപവത്കരിക്കുകയെന്നും ഇതിലേക്ക് ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാമെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ദേശീയ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ, മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, ബി.സി. നാഗേഷ്, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അനിത കാർവാൾ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.

അടിസ്ഥാനഘട്ടം (മൂന്ന്-എട്ട് വയസ്സ്), മൂന്നുവർഷം പ്രീ-പ്രൈമറി (എട്ടുമുതൽ 11 വയസ്സുവരെ), ഒരു തയ്യാറെടുപ്പ് ഘട്ടം (11മുതൽ 14 വയസ്സുവരെ), സെക്കൻഡറി ഘട്ടം (14മുതൽ 18 വയസ്സുവരെ) എന്നിങ്ങനെയാണ് ഘടന. പരിഷ്‌കരിച്ച ഘടന, മൂന്നുമുതൽ ആറു വയസ്സുവരെയുള്ളവരുടെ മാനസികവികാസത്തിനുള്ള നിർണായകഘട്ടമാക്കി മാറ്റാൻ കഴിയുന്ന തരത്തിലാണ് ചട്ടക്കൂടുണ്ടാക്കേണ്ടതെന്ന് മാർഗരേഖയിൽ പറയുന്നു. മൂന്നു വയസ്സുമുതൽ അക്ഷരങ്ങളിലും അക്കങ്ങളിലും വിദ്യാർഥികൾക്ക് അടിസ്ഥാനം നൽകണമെന്നും മറ്റുഭാഷകൾ, സംസ്‌കാരങ്ങൾ എന്നിവ സ്വായത്തമാക്കുന്നതിനൊപ്പം മാതൃഭാഷയിലൂന്നിയാകണം പഠനമെന്നും മാർഗ നിർദ്ദേശത്തിലുണ്ട്.

ഇന്ത്യൻ സംസ്‌കാരം, ലിംഗപഠനം, യോഗ തുടങ്ങിയവ വേണം, എല്ലാ വിഷയങ്ങളിലും ഒരുപോലെ കുട്ടികൾക്ക് പരിശീലനം നൽകണം, കുട്ടികളിലെ സർഗശേഷി ഉണർത്തുന്ന രീതിയിലാകണം പാഠ്യപദ്ധതിയെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വിശകലനചിന്തകളിലധിഷ്ഠിതമായ തലമുറയെ സൃഷ്ടിക്കാനാകണമെന്നും ആശയങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കരുതെന്നും നിർദ്ദേശത്തിലുണ്ട്.

അതേസമയം, മാർഗരേഖയിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ ആപ്ലിക്കേഷൻ പുറത്തിറക്കും. അധ്യാപകർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, അങ്കണവാടി അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നാനാതുറയിൽ നിന്നുള്ളവരിൽനിന്ന് അഭിപ്രായം തേടുമെന്നും അധികൃതർ അറിയിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തിലെ ദുരന്തങ്ങളുടെ കഥ പറഞ്ഞ ബോളിവുഡ് ചിത്രം ‘ദി കശ്മീര്‍ ഫയല്‍സ്’ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലൂടെ മെയ് 13 ന് എത്തുന്നു. മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍, വിതരണക്കാരെയും തിയേറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ 10.10 കോടി നേടിയതോടെ തിയറ്റേര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്‌ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു.

വെറും 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: പ്ലസ് ടു മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഉത്തര സൂചികയില്‍ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷന്‍ നടത്തിയ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലുമാണ് അധ്യാപകരുടെ പ്രതിഷേധം. അതേസമയം, അധ്യാപകര്‍ ക്യാമ്പിലെത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.

അധ്യാപകരും വിദഗ്ദരും ചേര്‍ന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിനെ അവഗണിച്ച് ചോദ്യകര്‍ത്താവ് തന്നെ തയ്യാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയതാണ് അധ്യാപകരുടെ പ്രതിഷേധത്തിന് കാരണം. വാരിക്കോരി മാര്‍ക്ക് നല്‍കുന്ന തരത്തില്‍ ഫൈനലൈസഷന്‍ സ്‌കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയോടെ പ്രതിഷേധം ശക്തമായി.

വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. എന്നാല്‍, അധ്യാപകരുടെ പ്രതിഷേധം നീണ്ടു പോവുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കും. ഉത്തര സൂചികയില്‍ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ പ്രതിഷേധിക്കുന്നത്.

കൊച്ചി: ലൈംഗികാരോപണ കേസില്‍ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. നടന്റെ ഫ്‌ളാറ്റും വീടുമടക്കം പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. വിജയ് ബാബു ദുബായിലാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നടന്‍ പലവട്ടം ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഈ മാസം ഇരുപത്തിരണ്ടിനാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനിടയില്‍ ഇരുപത്തിനാലിനാണ് വിജയ് ബാബു ബംഗളൂരു വഴി ദുബായിലേക്ക് കടന്നത്.

അതേസമയം, നടനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതിയും ഇന്നലെ വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തി. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയിലായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും അനുവാദമോ ചോദ്യമോ ഇല്ലാതെ തന്നെ ചുംബിക്കാനായി ചുണ്ടിലേക്ക് ചാഞ്ഞുവെന്നുമാണ് യുവതിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ഡൽഹി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് നടപടി. മുനിസിപ്പിൽ കമ്മീഷൻ മേയർ അടക്കമുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് കമ്മീഷന്റെ തീരുമാനം. ഹനുമാൻ ജയന്തിക്കിടെ വർഗീയകലാപമുണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ 20-ാം തിയതിയാണ് ബുൾഡോസറുമായി അധികൃതർ എത്തിയത്. ഉത്തര ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുടേതായിരുന്നു നടപടി.

കലാപകാരികളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് കത്തയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോർപ്പറേഷന്റെ നടപടി.

അതേസമയം, ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

നോട്ടീസ് നൽകിയ ശേഷമാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്നാണ് സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ളവർ കോടതിയെ അറിയിച്ചത്. ഇങ്ങനെ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ചൂണ്ടിക്കാട്ടി ജഹാംഗിൽപുരിയിൽ ഉള്ളവരും ഹർജിക്കാരും സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഇതു സംബന്ധിച്ച് എതിർവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കൊല്ലം: അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിനും ലഭിക്കും. തിരുവനന്തപുരം ഡിവിഷനില്‍ നിന്നാകും സര്‍വീസ്. രണ്ടു റേക്കുകള്‍ (16 പാസഞ്ചര്‍ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക. ഇതോടെ കെ-റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമാകും.

കേരളത്തില്‍ വിഭാവനംചെയ്ത വേഗത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ല. എന്നാല്‍, വേഗത്തില്‍ അല്‍പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. എങ്കിലും കേരളത്തില്‍ ഉടനീളം ആറു മണിക്കൂര്‍ കൊണ്ട് തീവണ്ടിയാത്ര പ്രാപ്തമാകും.

അതേസമയം, വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. 2023 ഓഗസ്റ്റിനുമുമ്ബ് 75 തീവണ്ടികള്‍ വിവിധ റെയില്‍വേ സോണുകള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി ലഭിക്കുകയുള്ളൂ. അങ്ങനെ വന്നാല്‍ 2024 ഓടെ റെയില്‍വേയുടെ അതിവേഗ വണ്ടി കേരളത്തിലെത്തും. കേരളത്തിന് വന്ദേ ഭാരത് തീവണ്ടി അനുവദിക്കാമെന്ന്, കെ-റെയില്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയ ബിജെപി. നേതാക്കള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയിരുന്നു.

ന്യൂഡൽഹി: സർക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. സർക്കാരുകൾ ശരിയായി പ്രവർത്തിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരുകൾ കാലതാമസം വരുത്തുന്നുണ്ട്. അന്യായ അറസ്റ്റും പീഡനവും നിർത്തിയാൽ കോടതി ഇടപെടൽ കുറയ്ക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, രാജ്യത്തെ ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതികളിലെ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോടതി നടപടികളിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. കോടതി വ്യവഹാരങ്ങൾ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്നത്. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് ഇപ്പോൾ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡിനു പകരം എലഗന്റ് കാർഡുകൾ മെയ് മാസം മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോർ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നു മാസം സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഇതിനായി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം വ്യപക പരിശോധന നടത്തും. മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ ‘വാഹനീയം’ ആലപ്പുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൂറു കണക്കിന് അപേക്ഷകരുടെ പരാതികൾ പരിഹരിച്ച വാഹനീയം പരിപാടിയിൽ എ.എം. ആരിഫ് എം.പി, എച്ച്.സലീം എം.എൽ.എ, തോമസ് കെ തോമസ് എം.എൽ.എ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നുമാണ് പി.സി ജോര്‍ജ് ഇന്നലെ പ്രസംഗത്തില്‍ പറഞ്ഞത്. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് പിസി ജോര്‍ജിന്റെ ശ്രമമെന്ന് ഫിറോസിന്റെ പരാതിയില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുസ്ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വര്‍ഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയില്‍ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

പരാതിയുടെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു:

From,
PK Firos
General Secretary
Muslim Youth League Kerala State
To,
Director General of Police
Police Headquarters
Tiruvananthapuram

സാര്‍,

വിഷയം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ വര്‍ഗ്ഗീയ പ്രഭാഷണവുമായി ബന്ധപ്പെട്ട്

വളരെ സൗഹാര്‍ദ്ദ പൂര്‍വ്വം ജനങ്ങള്‍ അധിവസിക്കുന്ന നാടാണ് കേരളം. അങ്ങിനെയൊരിടത്ത് ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത പറഞ്ഞും പ്രസംഗിച്ചു ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂട. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ 290422, വെള്ളി, ഉദ്ഘാടനം ചെയ്തു സംസാരിച്ച മുന്‍ എംഎല്‍എ പിസി ജോര്‍ജ്, പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും കാണാം.

കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുക.

ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണ്. ആയതിനാല്‍, IPC 153 A പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു..