Latest News (Page 2,029)

കൊല്ലം: അവസരം വരുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളുടെ കൈകളിലേക്ക് സ്ഥാനങ്ങൾ പോകുന്നെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. രാവും പകലും പാർട്ടിക്കു വേണ്ടി പാടുപെടുന്നവർക്കല്ല കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാലുംമൂട്ടിൽ തോപ്പിൽ രവി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അർഹതയുള്ള ആളുകൾ ഒക്കെ മാറ്റപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മടിയന്മാരായ നേതാക്കന്മാർ പാർട്ടിയിൽ ധാരാളമുണ്ട്. ഇവരെ കോൺഗ്രസിൽ വേണ്ട. അവർ സുഖിക്കട്ടെ. മടിയന്മാരല്ലാത്ത വേറെ നല്ല നേതാക്കളെ കണ്ടെത്തണമെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ഡിസിസി പ്രസിഡന്റുമാർക്ക് ഞാൻ ചാർജ് തരുമ്പോൾ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുമെന്ന് പറഞ്ഞിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനും ഇത് ബാധകമാണ്. നേതാക്കളുടെ റിസൾട്ട് മോശമായാൽ നിയമനം പുന:പരിശോധിക്കും. തുടർ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ച് കോൺഗ്രസിന്റെ ചിന്തൻ ശിബിർ ഉപസമിതി. കോൺഗ്രസ് പാർട്ടിയുടെ എല്ലാ സമിതികളിലും കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തണമെന്നാണ് യുവവിഭാഗം ഉപസമിതി ആവശ്യപ്പെട്ടു.

45 വയസിന് താഴെയുള്ളവരെ കമ്മിറ്റികളുടെ നേതൃത്വം ഏൽപ്പിക്കണമെന്ന നിർദേശമാണ് ഉയർന്നുവന്നത്. ചിന്തൻ ശിബിറിനായി രൂപീകരിച്ച ഉപസമിതി റിപ്പോർട്ട് നാളെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും. രൺവീർ ബ്രാർ കൺവീനറായ യുവവിഭാഗം ഉപസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ വെള്ളിയാഴ്ച്ചയാണ് ചിന്തൻ ശിബിർ ആരംഭിക്കുന്നത്. പല മേഖലകളിലായി ആറ് സമിതികളാണ് രൂപീകരിച്ചത്. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാർഷിക മേഖല എന്നിങ്ങനെ ആറ് വിഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടത്തുന്നത്. സമിതികൾ നൽകുന്ന നിർദേശങ്ങൾ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി പരിശോധിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സമിതി അധ്യക്ഷന്മാരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സോണിയാഗാന്ധി ചിന്തൻ ശിബിർ അജൻഡയ്ക്ക് അന്തിമ രൂപം നൽകുക. അജൻഡ ചർച്ച ചെയ്യാൻ പ്രവർത്തക സമിതിയും വിളിച്ചു ചേർത്തിട്ടുണ്ട്.

താജ്മഹലിലെ 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അയോധ്യ ജില്ലയിലെ ബിജെപി മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

‘താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികള്‍ പൂട്ടിയിരിക്കുകയാണ്, ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകള്‍ അറിയാന്‍ ഈ മുറികള്‍ തുറക്കാന്‍ എഎസ്ഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ മുറികള്‍ തുറന്ന് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിടുന്നതില്‍ ഒരു തെറ്റുമില്ല’- ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് 2015ല്‍ ആറ് അഭിഭാഷകരാണ് കേസ് ഫയല്‍ ചെയ്തത്. 2017-ല്‍ ബിജെപി നേതാവ് വിനയ് കത്യാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹല്‍ സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. 2019 ജനുവരിയില്‍ ബിജെപി നേതാവ് അനന്ത് കുമാര്‍ ഹെഗ്ഡെയും താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍ അല്ലെന്നും മറിച്ച് താന്‍ ജയസിംഹ രാജാവില്‍ നിന്ന് വാങ്ങിയതാണെന്നും അവകാശപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ പണിമുടക്കിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 10ന് ശമ്പളം നല്‍കുകയെന്ന കാര്യം അപ്രസക്തമായതായി ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ‘പണിമുടക്ക് നടത്തിയവര്‍ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്‌മെന്റിന്റെ കണട്ടുകൂട്ടല്‍ തെറ്റുകയും ചെയ്തു. സര്‍ക്കാര്‍ 30 കോടിയുടെ സഹായമാണ് നല്‍കിയത്. അധികസഹായം കൊടുക്കുന്നത് ആലോചനയിലില്ല’- മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പണിമുടക്കിന് പിന്നില്‍ നിലവിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ട്. ശമ്പള പ്രതിസന്ധിയില്‍ മാനേജ്മെന്റിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. നിരന്തരമായ പണിമുടക്കുകള്‍ കെഎസ്ആര്‍ടിസിയെ ബാധിക്കും. 10 -ാം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോകുന്നതിനെ ഗതാഗതമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ പത്തിന് ശമ്പളം നല്‍കാനാന്‍ ബുദ്ധിമുട്ടാണെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. സമരം മൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മൂന്നു ദിവസത്തെ വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് ശമ്പളം നല്‍കാമെന്ന് മാനേജ്‌മെന്റ് കരുതിയത്. എന്നാല്‍, ഇനി ആ തുക കൂടി മാനേജ്‌മെന്റ് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. സമരവുമായി ഇനിയും മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍, ജോലി ചെയ്താല്‍ കൂലി കൊടുക്കണം എന്നത് കാനത്തിന്റെ മാത്രല്ല തന്റെയും അഭിപ്രായമാണെന്നും കൊവിഡ് സമയത്ത് ജോലി ചെയ്യാതിരുന്നപ്പോഴും സര്‍ക്കാര്‍ കൂലി കൊടുത്തിട്ടുണ്ടെന്നും കാനം രാജേന്ദ്രനുള്ള മറുപടിയായി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

മുംബൈ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 91 റണ്‍സിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ഡല്‍ഹി 117 റണ്‍സിന് ആള്‍ഔട്ടായി.

ഡെവോണ്‍ കോണ്‍വോയ്(87), റിതുരാജ് ഗെയ്ക്ക്വാദ് (41), ശിവം ദുബെ(32), ധോണി(21) എന്നിവരുടെ ബാറ്റിംഗാണ് ചെന്നൈക്ക് കരുത്തായത്. കോണ്‍വോയ്യും ഗെയ്ക്ക്വാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 11ഓവറില്‍ 110 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മറുപടിക്കിറങ്ങിയ ഡല്‍ഹിയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയും സിമര്‍ജീത് സിംഗും മുകേഷ് ചൗധരിയും ചേര്‍ന്നാണ് തകര്‍ത്തുകളഞ്ഞത്. മിച്ചല്‍ മാര്‍ഷ്(25), ക്യാപ്ടന്‍ റിഷഭ് പന്ത് (21),ശാര്‍ദ്ദൂല്‍ താക്കൂര്‍ (24) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. മൊയീന്‍ അലി നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

മുംബൈ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിന് കീഴടക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഏഴാം ജയവുമായി പോയിന്റ് പട്ടികയില്‍ നാലാമതെത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബിക്ക് മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ വിരാട് കൊഹ്ലിയെ നഷ്ടമായിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്ന് നായകന്‍ ഫാഫ് ഡുപ്‌ളെസിയും (73*) രജത് പാട്ടീദാറും(48) ചേര്‍ന്നാണ് കരകയറ്റിയത്. ഗ്‌ളെന്‍ മാക്‌സ്വെല്‍(30),(എട്ടുപന്തില്‍ പുറത്താകാതെ 33) എന്നിവരുടെ സംഭാവനകളും മികച്ച സ്‌കോറിലേക്ക് വഴിതുറന്നു.

വിരാടിനെ ആദ്യപന്തില്‍ത്തന്നെ ജഗദീഷ സുചിത് മിഡ്വിക്കറ്റില്‍ കേന്‍ വില്യംസണിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് വിരാട് ഗോള്‍ഡന്‍ ഡക്കാവുന്നത്. തുടര്‍ന്ന് ക്രീസിലൊരുമിച്ച ഡുപ്‌ളെസിയും രജത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 105 റണ്‍സാണ് ആര്‍.സി.ബി ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. സണ്‍റൈസേഴ്‌സിന്റെ അതിവേഗബൗളര്‍ ഉമ്രാന്‍ മാലിക്കിനെ ആദ്യ ഓവറില്‍ 20 റണ്‍സ് അടിച്ചുകൂട്ടിയാണ് ഡുപ്‌ളെസി വരവേറ്റത്.13-ാം ഓവറില്‍ സുചിത്തിന്റെ പന്തില്‍ ത്രിപാതിക്ക് ക്യാച്ച് നല്‍കി രജത് മടങ്ങി. 38 പന്തുകള്‍ നേരിട്ട രജത് നാലുഫോറും രണ്ട് സിക്‌സും പായിച്ചിരുന്നു. തുടര്‍ന്നിറങ്ങിയ ഗ്‌ളെന്‍ മാക്‌സ്വെല്‍ 24 പന്തുകളില്‍ മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്ബടിയോടെ 33 റണ്‍സ് നേടുകയും ഡുപ്‌ളെസിക്കൊപ്പം 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നിറങ്ങിയ ദിനേഷ് കാര്‍ത്തികിന്റെ വെടിക്കെട്ടോടെയാണ് ആര്‍.സി.ബി ഇന്നിംഗ്‌സ് സമാപിച്ചത്. 19-ാം ഓവറിന്റെ അവസാന പന്തില്‍ കാര്‍ത്തിക് ത്യാഗിയെ സിക്‌സിന് പറത്തിയ കാര്‍ത്തിക് ഫസല്‍ഹഖിനെ അവസാന ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സുകളുടെയും ഒരു ഫോറിന്റെയും അകമ്ബടിയോടെ 25 റണ്‍സാണ് അടിച്ചുകൂട്ടിയത്. എട്ടുപന്തുകള്‍ മാത്രം നേരിട്ട കാര്‍ത്തിക് ആകെ നാലുസിക്‌സും രണ്ട് ഫോറുമടക്കമാണ് 33 റണ്‍സ് നേടിയത്.50 പന്തുകള്‍ നേരിട്ട ഡുപ്‌ളെസി എട്ടുഫോറും രണ്ട് സിക്‌സുമടക്കമാണ് 73 റണ്‍സ് നേടി പുറത്താകാതെ നിന്നത്.

മറുപടിക്കിറങ്ങിയ ഹൈദരാബാദിനും ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായിരുന്നു.നായകന്‍ കേന്‍ വില്യംസണാണ് ആദ്യ പന്തില്‍ റണ്‍ഔട്ടായത്. ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ ഗ്‌ളെന്‍ മാക്‌സ്വെല്‍ അഭിഷേക് ശര്‍മ്മയെ (0) ബൗള്‍ഡാക്കിയതോടെ സണ്‍റൈസേഴ്‌സ് രണ്ട് വിക്കറ്റിന് ഒരു റണ്‍സ് എന്ന നിലയിലായി.തുടര്‍ന്ന് രാഹുല്‍ ത്രിപാതിയും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് രക്ഷപെടുത്താന്‍ തുടങ്ങി.എന്നാല്‍ മാര്‍ക്രം(21),നിക്കോളാസ് പുരാന്‍ (19),സുചിത്ത്(2),ശശാങ്ക് (8),ഉമ്രാന്‍ (0) എന്നിവരെ പുറത്താക്കി ഹസരംഗ ഹൈദരാബാദിന്റെ ചിറകൊടിച്ചു.37 പന്തില്‍ 58 റണ്‍സടിച്ച ത്രിപാതിയെയും കാര്‍ത്തിക് ത്യാഗിയെയും ഹേസല്‍വുഡാണ് പുറത്താക്കിയത്.

ന്യൂഡല്‍ഹി: ജസ്റ്റിസ് സുധാന്‍ഷു ധൂലിയും ജസ്റ്റിസ് ജെ ബി പര്‍ഡിവാലയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ ഒഴിവുകളെല്ലാം നികത്തപ്പെട്ടു. സുപ്രീംകോടതിയില്‍ ആകെ 34 ജഡ്ജിമാരാണുള്ളത്. 2019ന് ശേഷം ഇതാദ്യമായാണ് സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ അംഗബലം പൂര്‍ണതോതില്‍ എത്തുന്നത്.

ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ് സുധാന്‍ഷു ധൂലി സുപ്രീംകോടതിയിലെത്തുന്നത്. 1960 ഓഗസ്റ്റ് 10ന് ജനിച്ച ജസ്റ്റിസ് ധൂലി ഉത്തരാഖണ്ഡില്‍ നിന്ന് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ്. മൂന്നു വര്‍ഷത്തിലേറെ കാലാവധി അദ്ദേഹത്തിന് ഇനിയും ബാക്കിയുണ്ട്. ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നു. സുപ്രീംകോടതി ജഡ്ജിയാകുന്ന നാലാമത്തെ പാര്‍സി സമുദായ അംഗമാണ് ജസ്റ്റിസ് പര്‍ഡിവാല. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാള്‍ സുപ്രീംകോടതി ജഡ്ജിയാകുന്നത്. ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 1965 ഓഗസ്റ്റ് 12ന് ജനിച്ച ജെ.ബി.പര്‍ഡിവാല 1990ല്‍ ഗുജറാത്ത് ഹൈകോടതിയില്‍ നിന്നാണ് അഭിഭാഷകവൃത്തി തുടങ്ങുന്നത്.

അതേസമയം, ജസ്റ്റിസ് വിനീത് ശരണ്‍ ഈ മാസവും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അടുത്ത മാസവും വിരമിക്കും. ജൂലൈ മാസത്തില്‍ ജസ്റ്റിസ് എം.എം.ഖാന്‍വില്‍ക്കറും പടിയിറങ്ങും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് യു.യുലളിത് എന്നിവരും ഈ വര്‍ഷം വിരമിക്കും.

ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്കെതിരെ മുംബൈയിലെ ബാന്ദ്ര, ബോറിവാലി, ഗോറെഗാവ്, പരേല്‍, സാന്താക്രൂസ് ഉള്‍പ്പടെ ഇരുപതോളം സ്ഥലങ്ങളില്‍ വ്യാപക റെയ്ഡുകളുമായി എന്‍ഐഎ. ദാവൂദിന്റെ സംഘവുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, മറ്റ് പ്രധാനികള്‍ എന്നിവര്‍ക്കെതിരെയാണ് റെയ്ഡ്.

ദാവൂദിന്റെ ഡി കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍ ഐ എ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ആണ് ചുമത്തിയിരുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് ദാവൂദും കൂട്ടാളികളും ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും നടത്തിവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഇവര്‍ക്കു പുറമെ അധോലോക കുറ്റവാളികളായ ഛോട്ടാ ഷക്കീല്‍, ജാവേദ് ചിക്‌ന, ടൈഗര്‍ മേനോന്‍, ഇഖ്ബാല്‍ മിര്‍ച്ചി, ഹസീന പാര്‍ക്കര്‍ തുടങ്ങിയവരും എന്‍ ഐ എയുടെ നിരീക്ഷണ വലയത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 1993 ലെ ബോംബെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദാവൂദിനെ 2003ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ആഗോള ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഏകദിന ഉപവാസ സമരം നടത്തി ജസ്റ്റിസ് ഫോർ വുമണിന്റെ നേൃത്വത്തിൽ ജനകീയ കൂട്ടായ്മ. എറണാകുളം വഞ്ചി സ്‌ക്വയറിലാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ മെഴുകുതിരി തെളിയിച്ച് ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൃക്കാക്കരയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാർഢ്യമറിയിച്ച് സമരത്തിൽ പങ്കുചേർന്നു.

രാവിലെ 9 മണി മുതലാണ് ജസ്റ്റിസ് ഫോർ വുമണിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയുടെ ഏകദിന ഉപവാസ സമരം ആരംഭിച്ചത്. തൃക്കാക്കരയിലെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാർഢ്യവുമായെത്തി. താനും അതിജീവിതക്കൊപ്പമാണെന്ന് വേദിയിലെത്തിയ ഇടതു സ്ഥാനാർഥി ജോ ജോസഫ് അറിയിച്ചു. ഇവിടെ നീതി പുലരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അതിജീവിതയുടെ കണ്ണുനീരിൽ പിടി തോമസിന് ഒരു അച്ഛന്റെ വേദനയായിരുന്നുവെന്നു യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരില്ലെന്നും ഉമാ തോമസ് കുറ്റപ്പെടുത്തി.

ആലപ്പുഴ: ഇസ്ലാമിലേക്ക് ഒരാളെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ലവ് ജിഹാദ് വിഷയം ചർച്ചയാകുന്നതിനിടെയാണ് നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം അറിയിച്ചത്.

ലോകത്തെവിടെയും ആരെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നില്ല. ഇസ്ലാം വളർന്നത് സദ്സ്വഭാവത്തിലൂടെയാണ്. നിർബന്ധിച്ച് ആരെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയിലോ പുറത്തോ അങ്ങനെ നടക്കുന്നില്ല. ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് വർഗീയതയെന്നും മതം പറയുന്നതിനനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ലെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

ഖുറാൻ ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ല. ഇസ്ലാം വർഗീയത പ്രചരിപ്പിക്കുന്നില്ല. ഖുറാനെതിരെ പ്രചരണം നടത്തുന്നവരോട് സംവാദത്തിന് തയ്യാറാണെന്നും ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവരും ആക്രമിക്കുന്നവരും ഇസ്ലാമിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.