വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിനും

കൊല്ലം: അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിനും ലഭിക്കും. തിരുവനന്തപുരം ഡിവിഷനില്‍ നിന്നാകും സര്‍വീസ്. രണ്ടു റേക്കുകള്‍ (16 പാസഞ്ചര്‍ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക. ഇതോടെ കെ-റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമാകും.

കേരളത്തില്‍ വിഭാവനംചെയ്ത വേഗത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ല. എന്നാല്‍, വേഗത്തില്‍ അല്‍പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. എങ്കിലും കേരളത്തില്‍ ഉടനീളം ആറു മണിക്കൂര്‍ കൊണ്ട് തീവണ്ടിയാത്ര പ്രാപ്തമാകും.

അതേസമയം, വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. 2023 ഓഗസ്റ്റിനുമുമ്ബ് 75 തീവണ്ടികള്‍ വിവിധ റെയില്‍വേ സോണുകള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി ലഭിക്കുകയുള്ളൂ. അങ്ങനെ വന്നാല്‍ 2024 ഓടെ റെയില്‍വേയുടെ അതിവേഗ വണ്ടി കേരളത്തിലെത്തും. കേരളത്തിന് വന്ദേ ഭാരത് തീവണ്ടി അനുവദിക്കാമെന്ന്, കെ-റെയില്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയ ബിജെപി. നേതാക്കള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയിരുന്നു.