സർക്കാരുകൾ ശരിയായി പ്രവർത്തിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരില്ല; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സർക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. സർക്കാരുകൾ ശരിയായി പ്രവർത്തിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരുകൾ കാലതാമസം വരുത്തുന്നുണ്ട്. അന്യായ അറസ്റ്റും പീഡനവും നിർത്തിയാൽ കോടതി ഇടപെടൽ കുറയ്ക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, രാജ്യത്തെ ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതികളിലെ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോടതി നടപടികളിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. കോടതി വ്യവഹാരങ്ങൾ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.