ഡൽഹിയിലെ പൊളിക്കൽ നടപടി; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ന്യൂഡൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ഡൽഹി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് നടപടി. മുനിസിപ്പിൽ കമ്മീഷൻ മേയർ അടക്കമുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് കമ്മീഷന്റെ തീരുമാനം. ഹനുമാൻ ജയന്തിക്കിടെ വർഗീയകലാപമുണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ 20-ാം തിയതിയാണ് ബുൾഡോസറുമായി അധികൃതർ എത്തിയത്. ഉത്തര ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുടേതായിരുന്നു നടപടി.

കലാപകാരികളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് കത്തയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോർപ്പറേഷന്റെ നടപടി.

അതേസമയം, ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

നോട്ടീസ് നൽകിയ ശേഷമാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്നാണ് സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ളവർ കോടതിയെ അറിയിച്ചത്. ഇങ്ങനെ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ചൂണ്ടിക്കാട്ടി ജഹാംഗിൽപുരിയിൽ ഉള്ളവരും ഹർജിക്കാരും സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഇതു സംബന്ധിച്ച് എതിർവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.