ദേശീയ വിദ്യാഭ്യാസ നയം; പാഠ്യപദ്ധതിയ്ക്ക് ചട്ടക്കൂട് പരിഷ്‌കരിക്കാനുള്ള മാർഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് പാഠ്യപദ്ധതിയ്ക്ക് ചട്ടക്കൂട് പരിഷ്‌കരിക്കാനുള്ള മാർഗരേഖ പ്രകാശനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നടന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ആദ്യ ഘട്ടത്തിൽ വിനോദത്തിലൂന്നിയുള്ള പഠനമാണ് മാർഗരേഖ ശുപാർശ ചെയ്യുന്നത്.

ഈ മാർഗരേഖ പ്രകാരമായിരിക്കും പൊതുവിദ്യാഭ്യാസ രംഗം 10, 12, ഘടന ഒഴിവാക്കി 5+3+3+4 എന്ന രീതിയിലേക്ക് മാറ്റാനുള്ള ദേശീയ വിദ്യാഭ്യാസനയത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കുക. തുടർപ്രക്രിയകളിലൂടെയാണ് ചട്ടക്കൂട് രൂപവത്കരിക്കുകയെന്നും ഇതിലേക്ക് ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാമെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ദേശീയ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ, മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, ബി.സി. നാഗേഷ്, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അനിത കാർവാൾ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.

അടിസ്ഥാനഘട്ടം (മൂന്ന്-എട്ട് വയസ്സ്), മൂന്നുവർഷം പ്രീ-പ്രൈമറി (എട്ടുമുതൽ 11 വയസ്സുവരെ), ഒരു തയ്യാറെടുപ്പ് ഘട്ടം (11മുതൽ 14 വയസ്സുവരെ), സെക്കൻഡറി ഘട്ടം (14മുതൽ 18 വയസ്സുവരെ) എന്നിങ്ങനെയാണ് ഘടന. പരിഷ്‌കരിച്ച ഘടന, മൂന്നുമുതൽ ആറു വയസ്സുവരെയുള്ളവരുടെ മാനസികവികാസത്തിനുള്ള നിർണായകഘട്ടമാക്കി മാറ്റാൻ കഴിയുന്ന തരത്തിലാണ് ചട്ടക്കൂടുണ്ടാക്കേണ്ടതെന്ന് മാർഗരേഖയിൽ പറയുന്നു. മൂന്നു വയസ്സുമുതൽ അക്ഷരങ്ങളിലും അക്കങ്ങളിലും വിദ്യാർഥികൾക്ക് അടിസ്ഥാനം നൽകണമെന്നും മറ്റുഭാഷകൾ, സംസ്‌കാരങ്ങൾ എന്നിവ സ്വായത്തമാക്കുന്നതിനൊപ്പം മാതൃഭാഷയിലൂന്നിയാകണം പഠനമെന്നും മാർഗ നിർദ്ദേശത്തിലുണ്ട്.

ഇന്ത്യൻ സംസ്‌കാരം, ലിംഗപഠനം, യോഗ തുടങ്ങിയവ വേണം, എല്ലാ വിഷയങ്ങളിലും ഒരുപോലെ കുട്ടികൾക്ക് പരിശീലനം നൽകണം, കുട്ടികളിലെ സർഗശേഷി ഉണർത്തുന്ന രീതിയിലാകണം പാഠ്യപദ്ധതിയെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വിശകലനചിന്തകളിലധിഷ്ഠിതമായ തലമുറയെ സൃഷ്ടിക്കാനാകണമെന്നും ആശയങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കരുതെന്നും നിർദ്ദേശത്തിലുണ്ട്.

അതേസമയം, മാർഗരേഖയിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ ആപ്ലിക്കേഷൻ പുറത്തിറക്കും. അധ്യാപകർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, അങ്കണവാടി അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നാനാതുറയിൽ നിന്നുള്ളവരിൽനിന്ന് അഭിപ്രായം തേടുമെന്നും അധികൃതർ അറിയിച്ചു.