ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച അന്വേഷണത്തിന് ബിജെപി കേന്ദ്രനേതൃത്വം. മെട്രോമാന്‍ ഇ ശ്രീധരന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി വി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെയാണ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുളളത്. അന്വേഷണത്തില്‍ സമ്മര്‍ദ്ദമോ ഇടപെടലുകളോ ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തരാണ്. അതിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം തിരഞ്ഞെടുപ്പ് തോല്‍വി എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിന് സുരേഷ് ഗോപി എം.പിയും കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പുപോര് തിരഞ്ഞെടുപ്പുകാലത്ത് പ്രതിഫലിച്ച സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാണ്.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പ്രചാരണത്തിലൂടെയായിരുന്നു മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണഇടപാട് ബിജെപിയുടെ പ്രതിച്ഛായക്ക് കോട്ടം ഏല്‍പ്പിക്കുന്നത്.

