ന്യൂഡൽഹി: ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നിന്നാണ് കോവിഡ് വൈറസ് ചോർന്നതെന്ന ‘ലാബ് ലീക്ക്’ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് ഇന്ത്യയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണെന്ന് റിപ്പോർട്ട്. ഡൽഹി ഐഐടിയിലെ കുസുമ സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിലെ ഗവേഷക സംഘം തയാറാക്കിയ 22 പേജുകളുള്ള ഗവേഷക പ്രബന്ധത്തിലാണ് ലാബ് ലീക്ക് സിദ്ധാന്തത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 2020 ജനുവരി 31 നാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
സാർസ്‌കോവ് 2 വൈറസും എച്ച്‌ഐവി വൈറസും തമ്മിൽ ഏറെ സാമ്യമുണ്ടെന്നായിരുന്നു ഈ പഠനത്തിൽ വ്യക്തമാക്കിയിരുന്നത്. എച്ച്‌ഐവിയിലേതിനു സമാനമായി സാർസ് കോവ് 2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിൽ (ഗ്ലൈക്കോപ്രോട്ടീൻ) നാല് ‘കൂട്ടിച്ചേർക്കൽ’ കണ്ടെത്തിയെന്നായിരുന്നു പഠനത്തിൽ പറഞ്ഞിരുന്നത്. ഇത് സ്വാഭാവികമായി വൈറസുകളിൽ സംഭവിക്കുന്ന ജനിതക പരിവർത്തന പ്രക്രിയയല്ലെന്നും(മ്യൂട്ടേഷൻ) ഇത് സംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനത്തിൽ വിശദമാക്കിയിരുന്നു.
പ്രസിദ്ധീകരണത്തിന് പിന്നാലെ പഠന റിപ്പോർട്ടിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. ഇതോടെ പ്രബന്ധം പിൻവലിച്ചു. കോവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തിന് ബാഹ്യ ഇടപെടലുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നത് സംബന്ധിച്ചു നടത്തിയ ആദ്യ ശാസ്ത്രീയ പഠനവും ഇതായിരുന്നുവെന്നാണ് വിവരം. അതേസമയം ലാബ് ലീക്ക് സിദ്ധാന്തം അസംഭവ്യമാണെന്നും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി യുഎസ്എ ചമച്ച വാർത്തയാണിതെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

