National (Page 811)

തിരുവനന്തപുരം: കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊറോണക്കാലത്ത് പെട്രോൾ വില സെഞ്ച്വറി കടക്കുമ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാർ. പെട്രോൾ, ഡീസൽ വിലവർധനവ് കാരണം സാധാരണ ജനങ്ങളാണ് പ്രതിസന്ധിയിലാകുന്നത്. കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോൾ കേരളത്തിന്റെ ഭരണകൂടം ആഹ്ലാദിക്കുകയാണ്. ബിജെപിയുടെ നയങ്ങൾക്ക് ഇടത് സർക്കാർ ഒത്താശ ചെയ്യുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ജനങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുട്ടിൽ മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഇതിലുള്ള ബന്ധം അന്വേഷിക്കണം. കേരളത്തിന്റെ വന സമ്പത്തിനെ കൊള്ളയടിക്കാൻ കാട്ടുകള്ളന്മാർക്ക് കൂട്ടുനിന്നത് ആരാണെന്ന് അറിയണം. പ്രതികളുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ വരുമാനക്കമ്മി നികത്താനുള്ള കേന്ദ്രസഹായത്തിന്റെ മൂന്നാം പ്രതിമാസ ഗഡു അനുവദിച്ചു. കേരളത്തിന് മൂന്നാം ഗഡുവായി ലഭിച്ചത് 1657.58 കോടിയാണ്. ഇതുവരെ കേരളത്തിന് ആകെ കിട്ടിയത് 4972.74 കോടി രൂപയാണ്.ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലായി ആകെ 29,613 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. 15-ാമത് ധനകാര്യ കമ്മീഷന് 2021-22 സാമ്പത്തിക വര്‍ഷത്തില് 17 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,18,452 കോടി രൂപയുടെ ഗ്രാന്റാണ് ശുപാര്‍ശ ചെയ്തത്. 12 പ്രതിമാസ തവണകളായി ഗ്രാന്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.

covid

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വാക്‌സിന്‍ വിതരണം പ്രതിസന്ധിയില്‍. കേരളം തങ്ങളുടെ ജനസംഖ്യയുടെ 22.4 ശതമാനം പേര്‍ക്കു വാക്‌സിന്‍ നല്‍കി കഴിഞ്ഞപ്പോള്‍ തമിഴ്‌നാട് ഇപ്പോഴും ഒന്‍പത് ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം നടത്തിയിട്ടുള്ളത്. യു പി, അസാം മുതലായ സംസ്ഥാനങ്ങളും വാക്‌സിന്‍ വിതരണത്തില്‍ വേണ്ടത്ര വേഗം കൈവരിച്ചിട്ടില്ല.

വാക്‌സിനെടുക്കുന്നതില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ആദ്യം മുതലേ മടിയുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഭാഗമായിരുന്ന തമിഴ്‌നാട്ടുകാരന്‍ വാക്‌സിന്‍ എടുത്തതിനു ശേഷം ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതും സിനിമാ താരം വിവേക് വാക്‌സിന്‍ എടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞതും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി മോദി മന്ത്രിമാരുമായി മൂല്യനിര്‍ണയസ്വഭാവത്തിലുള്ള കൂടിക്കാഴ്ച നടത്തും. 2019-ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. നിരവധി മന്ത്രാലയങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങള്‍ ലഘൂകരിക്കാനും പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള പുതിയ അംഗങ്ങളെ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്ട പ്രതിരോധത്തിലായ കേരള ബി.ജെ.പിക്ക് ഇത് ആശ്വാസമായേക്കും. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് മോദിയുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ച നടത്തും. മാത്രമല്ല, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയുടെ കാര്യത്തിലും കൂടിക്കാഴ്ചയില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

മുംബൈ : രാജ്യത്തേയും ബിജെപിയിലേയും ഉന്നത നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശേഷിപ്പിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. മറാത്ത ക്വോട്ട വിഷയത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് കടുവയുമായി ആര്‍ക്കും ചങ്ങാത്തം കൂടാന്‍ കഴിയില്ല.ആരുമായി ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കും എന്നായിരുന്നു റാവത്തിന്റെ പ്രതികരണം.

മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് ശിവസേന മുഖപത്രമായ സാമ്‌ന വ്യക്തമാക്കുന്നു. അതേസമയം, ബിജെപിയുമായി രാഷ്ട്രീയമായി ഒരുമിച്ചില്ലെങ്കിലും തങ്ങളുടെ ബന്ധം തകര്‍ന്നു എന്ന് അതിനു അര്‍ത്ഥമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിപ്രായപ്പെടുന്നു.

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കും. ലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ടീമിലെത്തി. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുണ്‍ ചക്രവര്‍ത്തിയും ടീമിലിടം നേടി. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ചേതന്‍ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണറായ റിതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. നെറ്റ് ബൗളര്‍മാരായി ഇഷാന്‍ പൊറല്‍, മലയാളി താരം സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത് സിംഗ് എന്നിവരെയും തെരഞ്ഞെടുത്തു. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക.

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും വാക്സിന്റെ രണ്ടാംഡോസ് നൽകുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. ഈ വിഭാഗത്തിൽ കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തവർ കുറവാണെന്ന കാര്യം ആശങ്ക ഉയർത്തുന്നതാണെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനും വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്കിടയിൽ വാക്സിനേഷൻ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അവർ സുരക്ഷിതരായിരിക്കണം. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇക്കാര്യം പ്രധാനപ്പെട്ടതാണെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം കോവിഡ് വാക്സിനേഷനിൽ വേണ്ടത്രയില്ല. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 25 ശതമാനവും സ്വകാര്യ മേഖലയ്ക്ക് വാങ്ങാൻ കഴിയും. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് സ്വകാര്യ മേഖലയും പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വാക്സിൻ കുത്തിവെപ്പിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യം കുറവാണ്. കോവിൻ പ്ലാറ്റ്ഫോമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും യോഗത്തിൽ അദ്ദേഹം സംസ്ഥാനങ്ങളോട് വിശദീകരിച്ചു. വാക്സിൻ കുത്തിവെപ്പ് എടുക്കുന്നവരുടെ പേര്, ജനിച്ച വർഷം, ലിംഗം, തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. മേൽപ്പറഞ്ഞ വിവരങ്ങളിൽ രണ്ടെണ്ണം മാത്രമെ ഒരാൾക്ക് തിരുത്താൻ കഴിയൂ. ഒറ്റത്തവണ മാത്രമെ തിരുത്തൽ അനുവദിക്കൂവെന്നും കേന്ദ്രം അറിയിച്ചു. ഒരു തവണ തിരുത്തൽ നടത്തിയാൽ പഴയ സർട്ടിഫിക്കറ്റ് ഡിലീറ്റ് ചെയ്യപ്പെടും. പിന്നീട് ഇത് തിരിച്ചെടുക്കാനാവില്ല.

കവരത്തി: സിനിമാ പ്രവർത്തക ഐഷ സുൽത്താനക്കെതിരെ കേസ്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഐഷാ സുൽത്താനക്കെതിരെ കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഐഷാ സുൽത്താന ബയോവെപ്പൺ എന്നാരോപിച്ചിരുന്നു. ഇതിനെതിരെയാണ് ലക്ഷദീപ് ബിജെപി അധ്യക്ഷൻ പരാതി നൽകിയത്.

ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു ഐഷാ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചത്. പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് പരാമർശം നടത്തിയതെന്നും അദ്ദേഹത്തിന്റെ നയങ്ങൾ തികച്ചും വെപ്പൺ പോലെയാണ് തനിക്ക് തോന്നുന്നതെന്നും ഐഷാ സുൽത്താന ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് ഉപയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ്. രാജ്യത്തിനെ കുറിച്ചോ ഗവൺമെന്റിനെ കുറിച്ചോ അല്ല പരാമർശിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. ഒരു വർഷത്തോളം കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ പ്രഫുൽ പട്ടേലും കൂടെ വന്നവരുമാണ് വൈറസ് വ്യാപിപ്പിച്ചതെന്നാണ് ഐഷാ സുൽത്താനയുടെ ആരോപണം.

supreme court

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റലി കൈമാറിയ തുക ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആക്കുന്നതിനെ സംബന്ധിച്ച് സുപ്രിംകോടതി രജിസ്ട്രി കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അഭിപ്രായം തേടി. പത്ത് കോടി രൂപ നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും. ഈ തുക ഏപ്രില്‍ 26-ന് സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്ക് അകൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു.

എന്നാല്‍ പലിശ രഹിത നിക്ഷേപം എന്ന നിലയിലാണ് തുക നിക്ഷേപിച്ചത്. ഇതാണ് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. രജിസ്ട്രിയുടെ ഈ ആവശ്യം ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും.

olympics

ന്യൂഡല്‍ഹി: ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് സംഘത്തിന് മതിയായ പരിശീലന ഉപകരണങ്ങള്‍ കൊണ്ടു പോകുവാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയം. കര്‍ശനമായ ആയുധനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. ഒളിമ്പിക്‌സിനു വേണ്ടി ഇതില്‍ ഇളവുകള്‍ നല്‍കാന്‍ അവിടുത്തെ ഭരണകര്‍ത്താക്കള്‍ ഒരുക്കവുമല്ല.ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ ഷൂട്ടറിനും ആകെ 800 വെടിയുണ്ടകള്‍ കരുതാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും കൂടി ഇത്രയും വെടിയുണ്ടകള്‍ മതിയാവില്ല എന്നാണ് ഷൂട്ടര്‍മാരുടെ അഭിപ്രായം.

എന്നാല്‍ വെടിയുണ്ടകളുടെ ദൗര്‍ലഭ്യം ഇന്ത്യന്‍ താരങ്ങളെ കാര്യമായി ബാധിക്കില്ലെന്നാണ് പരിശീലകരുടെ അഭിപ്രായം. നിലവില്‍ ക്രൊയേഷ്യയിലെ സാഗ്രെബില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും ഇനി ജപ്പാനില്‍ ചെന്നിട്ട് അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടേണ്ട ആവശ്യം മാത്രമേ ഉള്ളൂവെന്നും പരിശീലകര്‍ അഭിപ്രായപ്പെട്ടു. ആയുധ നിയമങ്ങള്‍ കര്‍ശനവും കഠിനവുമായതിനാല്‍ തന്നെ മികച്ച സൗകര്യങ്ങള്‍ ഉണ്ടായിട്ടു പോലും ജപ്പാനില്‍ വച്ച് ഷൂട്ടിംഗ് മത്സരങ്ങള്‍ നടത്താന്‍ അധികമാരും താത്പര്യം കാണിക്കാറില്ല.