ബയോവെപ്പൺ പരമാർശം; ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

കവരത്തി: സിനിമാ പ്രവർത്തക ഐഷ സുൽത്താനക്കെതിരെ കേസ്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഐഷാ സുൽത്താനക്കെതിരെ കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഐഷാ സുൽത്താന ബയോവെപ്പൺ എന്നാരോപിച്ചിരുന്നു. ഇതിനെതിരെയാണ് ലക്ഷദീപ് ബിജെപി അധ്യക്ഷൻ പരാതി നൽകിയത്.

ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു ഐഷാ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചത്. പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് പരാമർശം നടത്തിയതെന്നും അദ്ദേഹത്തിന്റെ നയങ്ങൾ തികച്ചും വെപ്പൺ പോലെയാണ് തനിക്ക് തോന്നുന്നതെന്നും ഐഷാ സുൽത്താന ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് ഉപയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ്. രാജ്യത്തിനെ കുറിച്ചോ ഗവൺമെന്റിനെ കുറിച്ചോ അല്ല പരാമർശിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. ഒരു വർഷത്തോളം കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ പ്രഫുൽ പട്ടേലും കൂടെ വന്നവരുമാണ് വൈറസ് വ്യാപിപ്പിച്ചതെന്നാണ് ഐഷാ സുൽത്താനയുടെ ആരോപണം.