യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവാ പദ്ധതിയുമായി കേന്ദ്രം: മൂന്ന് ലക്ഷം രൂപയുടെ സ്റ്റൈപ്പന്റ്; വിശദ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച യുവ പദ്ധതിക്ക് തുടക്കം കുറിച്ചു. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷക്കരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള 22 ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നാഷണൽ ബുക്ട്രസ്റ്റിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.
പദ്ധതിയുടെ ഭാഗമായി 75 യുവ എഴുത്തുകാരെ തെരഞ്ഞെടുക്കും. ഇവർക്ക് നാലാഴ്ച നീളുന്ന ഓൺലൈൻ, ഓഫ്ലൈൻ പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുക. മെന്റർഷിപ്പ് പരിപാടിയുടെ അവസാന ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപയുടെ സ്‌റ്റൈപ്പന്റും ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാർക്ക് മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. മുപ്പതു വയസ്സാണ് പ്രായപരിധി. 2021 ജൂൺ ഒന്നിന് മുപ്പതു വയസ്സ് തികഞ്ഞതോ അതിനു താഴെയുള്ളതോ ആയ ഇന്ത്യൻ പൗരൻമാർക്ക് പദ്ധതിയിൽ അപേക്ഷ നൽകാം. അപേക്ഷാ ഫോമും അയ്യായിരം വാക്കിൽ കൂടാത്ത ടൈപ്പ് ചെയ്ത കുറിപ്പും nbtyoungwriters@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കണം.
സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകർ, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വിസ്തുതകൾ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ വിവിധ ദേശങ്ങളുടെ പങ്ക് തുടങ്ങിയവയാണ് കുറിപ്പിനുള്ള വിഷയങ്ങൾ. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര വശങ്ങളെക്കുറിച്ച് പുതിയ സമീപനമുള്ളതായിരിക്കണം കുറിപ്പെന്നാണ് നിർദ്ദേശം. ജൂൺ 1 മുതൽ ജൂലൈ 31 വരെയാണ് മത്സര കാലയളവ്.
നാഷണൽ ബുക് ട്രസ്റ്റ് (എൻ ബി ടി) വെബ്സൈറ്റ് വഴി (https://www.nbtindia.gov.in/) ദേശീയ തലത്തിൽ നടത്തുന്ന മത്സരത്തിലൂടെയാവും യുവ എഴുത്തുകാരെ തിരഞ്ഞെടുക്കുക. എൻ ബി ടി ഏർപ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇ-മെയിലിൽ ലഭിക്കുന്ന കുറിപ്പുകളും അപേക്ഷാ ഫോമും വിദഗ്ധ സമിതി പരിശോധിച്ച് അർഹരായവരെ തെരഞ്ഞെടുക്കും. 2021 ഓഗസ്ത് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.










