കടല്‍ക്കൊലകേസ് : ഇറ്റലി കൈമാറിയ തുകയില്‍ സുപ്രിംകോടതി അഭിപ്രായം തേടി

supreme court

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റലി കൈമാറിയ തുക ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആക്കുന്നതിനെ സംബന്ധിച്ച് സുപ്രിംകോടതി രജിസ്ട്രി കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അഭിപ്രായം തേടി. പത്ത് കോടി രൂപ നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും. ഈ തുക ഏപ്രില്‍ 26-ന് സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്ക് അകൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു.

എന്നാല്‍ പലിശ രഹിത നിക്ഷേപം എന്ന നിലയിലാണ് തുക നിക്ഷേപിച്ചത്. ഇതാണ് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. രജിസ്ട്രിയുടെ ഈ ആവശ്യം ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും.