ജപ്പാനിലെ കര്‍ശനആയുധനിയന്ത്രണങ്ങള്‍ : ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് താരങ്ങള്‍ക്ക് 800 വെടിയുണ്ടകള്‍ക്ക് മാത്രം അനുവാദം

olympics

ന്യൂഡല്‍ഹി: ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് സംഘത്തിന് മതിയായ പരിശീലന ഉപകരണങ്ങള്‍ കൊണ്ടു പോകുവാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയം. കര്‍ശനമായ ആയുധനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. ഒളിമ്പിക്‌സിനു വേണ്ടി ഇതില്‍ ഇളവുകള്‍ നല്‍കാന്‍ അവിടുത്തെ ഭരണകര്‍ത്താക്കള്‍ ഒരുക്കവുമല്ല.ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ ഷൂട്ടറിനും ആകെ 800 വെടിയുണ്ടകള്‍ കരുതാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും കൂടി ഇത്രയും വെടിയുണ്ടകള്‍ മതിയാവില്ല എന്നാണ് ഷൂട്ടര്‍മാരുടെ അഭിപ്രായം.

എന്നാല്‍ വെടിയുണ്ടകളുടെ ദൗര്‍ലഭ്യം ഇന്ത്യന്‍ താരങ്ങളെ കാര്യമായി ബാധിക്കില്ലെന്നാണ് പരിശീലകരുടെ അഭിപ്രായം. നിലവില്‍ ക്രൊയേഷ്യയിലെ സാഗ്രെബില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും ഇനി ജപ്പാനില്‍ ചെന്നിട്ട് അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടേണ്ട ആവശ്യം മാത്രമേ ഉള്ളൂവെന്നും പരിശീലകര്‍ അഭിപ്രായപ്പെട്ടു. ആയുധ നിയമങ്ങള്‍ കര്‍ശനവും കഠിനവുമായതിനാല്‍ തന്നെ മികച്ച സൗകര്യങ്ങള്‍ ഉണ്ടായിട്ടു പോലും ജപ്പാനില്‍ വച്ച് ഷൂട്ടിംഗ് മത്സരങ്ങള്‍ നടത്താന്‍ അധികമാരും താത്പര്യം കാണിക്കാറില്ല.