മുട്ടില്‍മരംമുറി : സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

ന്യൂഡല്‍ഹി: സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുട്ടില്‍ മരംകൊള്ള സിപിഐ നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നതെന്നും , സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയം ക്യാബിനറ്റ് ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നും അതല്ലെങ്കില്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം എടുത്ത തീരുമാനമാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

കാല്‍ക്കോടി രൂപ കൈക്കൂലി കൊടുത്താണ് മരങ്ങള്‍ പെരുമ്പാവൂര്‍ വരെ കടത്തിയതെന്ന് മരംമുറി കേസിലെ പ്രധാന കുറ്റവാളി രണ്ട് ദിവസമായി പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ഒരു പച്ചക്കറി വാങ്ങാന്‍ പോകാന്‍ പോലും സത്യവാങ്മൂലം ഹാജരാക്കേണ്ട സമയത്ത് ഇത്രയും ഭീകരമായ നിലയില്‍ മരം കടത്തിയിട്ട് ആരും അയാളെ ചോദ്യം ചെയ്തില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ മാത്രമെടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഈ മരംകടത്ത് തടഞ്ഞ ഉദ്യോഗസ്ഥന് ഭീഷണിയുണ്ടായി. ആരുടെ ഇടപെടലാണ് ഇതിലുണ്ടായിരിക്കുന്നതെന്നും ആരാണ് ഇതിന് ഒത്താശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.