National (Page 809)

ചെന്നൈ: തമിഴ്‌നാട് തീരത്തേക്ക് ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം. ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തീരത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. വിവരം കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. കോസ്റ്റ് ഗാർഡും തീരത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്നും അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെയും മയക്കുമരുന്ന് സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുള്ളവർ തന്നെയാണ് ആയുധങ്ങൾ എത്തിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

covid

ഹൈദരാബാദ് : നാല്‍പ്പത് കോവിഡ് രോഗികളില്‍ മോണോക്ലോണല്‍ കോക്‌ടെയിലിന്റെ ആന്റിബോഡി പരീക്ഷിച്ച് ഹൈദരാബാദിലെ ആശുപത്രി. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജിയില്‍ നടന്ന പരീക്ഷണത്തില്‍ 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളില്‍ നിന്ന് മോചനമുണ്ടായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജനിതികമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ് പരിശോധിച്ചത്. നിരീക്ഷിച്ച നാല്‍പ്പത് രോഗികള്‍ പൂര്‍ണമായും രോഗമുക്തി നേടിയതായി ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ വ്യക്തമായി. ഗുരുതരവസ്ഥയിലുള്ള രോഗികള്‍ക്ക് രോഗം ബാധിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളിലാണ് കോക്ടെയില്‍ രോഗികള്‍ക്ക് നല്‍കുക.

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ അയച്ച മാമ്പഴം നിരസിച്ച് യുഎസും ചൈനയുമുള്‍പ്പെടുന്ന രാജ്യങ്ങള്‍. നയതന്ത്രബന്ധം ശക്തിപ്പെുത്തുന്നതിന്റെ ഭാഗമായി 32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ക്കാണ് പാകിസ്താന്‍ മാമ്പഴം അയച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചത്. ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്താന്‍ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്.

എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും പാകിസ്താന്‍ മാമ്പഴപ്പെട്ടികള്‍ അയക്കുന്നുണ്ട്. സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗവേളയിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയുടെ ആദ്യ വെർച്വൽ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ഒരേ ലോകം ഒരേ സ്വാസ്ഥ്യം എന്ന സമീപനത്തിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ വ്യാപനം പ്രതിരോധിക്കാൻ ആഗോള ഐക്യവും നേതൃത്വവും സഹാനുഭാവവും ആവശ്യമാണ്. ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങൾക്ക് ഈ വിഷയത്തിൽ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വാക്‌സിൻ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളും മറ്റ് ഘടകങ്ങളും ആവശ്യത്തിന് ലഭ്യമാകാൻ വിതരണ ശൃംഖലകൾ എപ്പോഴും തുറന്നു വെക്കാനുള്ള അപേക്ഷ മറ്റു രാജ്യങ്ങൾ അംഗീകരിച്ചതിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആഗോള പുനരുജ്ജീവനത്തിനും ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളിൽ നിന്നുള്ള സംരക്ഷണത്തിനുമാണ് ഇത്തവണത്തെ ജി-7 ഉച്ചകോടി സമ്മേളനം പ്രധാന്യം നൽകുന്നത്.

പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മുഖ്യവിമര്‍ശകനായ നവ്‌ജ്യോത് സിങ് സിദ്ദു ഒരാഴ്ച മുന്‍പ് ഒരുകൂട്ടം എംഎല്‍എമാരുമായും മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സിദ്ദു കണ്ണ് വയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തെത്തി.

അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച അമരീന്ദര് സിങ്ങുമായി എഐസിസി കൂടിക്കാഴ്ച നടത്തി. പിന്നാലെ സംസ്ഥാന ഘടകം നവീകരിക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രി സ്വേച്ഛാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിമതആരോപണം. ഗുരുഗ്രന്ഥ സാഹിബിനെ അപമാനിച്ചെന്ന കേസില്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അതിന്റെ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

2017 ല്‍ അധികാരമേറ്റ ശേഷം അമരീന്ദര്‍ സിങ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും സംസ്ഥാന അധ്യക്ഷനാക്കുമെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട്. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.നിലവില്‍ ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉള്ളത് (മറ്റു സംസ്ഥാനങ്ങള്‍ രാജസ്ഥാനും ഛത്തീസ്ഗഡും). ആഭ്യന്തര തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനൊരു അഗ്‌നിപരീക്ഷയാകും.

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അഥവാ ആര്‍ടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് ലഭിക്കാന്‍ അവസരമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പുതിയ അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ തുടങ്ങാനാണ് നീക്കം. ഈ സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആര്‍ടിഒയുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും, ഇവയ്ക്കുള്ള ചട്ടങ്ങള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും.

ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. 2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച ചട്ടമിറക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത്.

എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ഇറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് സ്വകാര്യ മേഖലയിലായിരുന്നു ഈ പരിശീലന കേന്ദ്രങ്ങള്‍ വരിക. 12-ാം ക്ലാസ് ജയിച്ച, അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റര്‍ തുടങ്ങാന്‍ അനുമതി നല്കുക. മാത്രമല്ല, മോട്ടോര്‍ മെക്കാനിക്‌സില്‍ കഴിവ് തെളിയിച്ച അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള വ്യക്തികള്‍ കൂടിയായിരിക്കണം അപേക്ഷകര്‍.

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്‍ഡന്‍സ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വര്‍ക് ഷോപ്പും നിര്‍ബന്ധമാണ്. ഈ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടെ ആശ്വാസ നടപടികളുമായി കേന്ദ്രം. കോവിഡ് മരുന്നുകൾക്കും ഉപകരണങ്ങൾക്കും കേന്ദ്രം നികുതിയിളവ് പ്രഖ്യാപിച്ചു. കേന്ദ്രധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 30 വരെയാണ് നികുതി ഇളവ്.

കോവിഡ് വാക്‌സിനുള്ള ചരക്കുസേവന നികുതി(ജിഎസ്ടി) അഞ്ചുശതമാനമായി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ബ്ലാക്ക് ഫംഗസ്, കോവിഡ് ചികിത്സകൾക്കായി ഉപയോഗിക്കുന്ന മരുന്നുകൾ, ഓക്സിജൻ, ഓക്സിജൻ നിർമ്മാണ സാമഗ്രികൾ, കോവിഡ് പരിശോധനാ കിറ്റുകൾ, ഹാന്റ് സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് നികുതി ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ 12 ശതമാനമായിരുന്നു ഇവയുടെ നികുതി നിരക്ക് അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്. ടോസിലിസുമാബ് , ആംഫോട്ടെറിസിൻ ബി എന്നീ മരുന്നുകളുടെ നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ആംബുലൻസ് സേവനങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞ.വുഹാനിലെ പരീക്ഷണ ശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോർന്ന് കോവിഡ് 19 ന്റെ ഉത്ഭവത്തിന് കാരണമായതാകാമെന്നാണ് ഇന്ത്യൻ ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി രഹൽകാർ വ്യക്തമാക്കുന്നത്. പുനെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ എനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയാണ് മൊനാലി.

കോവിഡിന് കാരണം ചൈനയാണെന്ന് ആരോപണം ഉണ്ടെങ്കിലും തങ്ങൾക്ക് പറ്റിയ ഗുരുതരവീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ചൈനയെന്നും ഈ ശ്രമത്തിൽ അവർ ഏറെക്കുറെ വിജയിച്ചുവെന്നും മൊനാലി പറയുന്നു. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ വാദങ്ങളും റിപ്പോർട്ടുകളുമാണ് ചൈന ലോകത്തെ അറിയിച്ചതെന്നും മൊനാലി വ്യക്തമാക്കി.

കൊവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന വാദവും ചൈന മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഈ വാദം ശരിവയ്ക്കുന്ന തരത്തിൽ ലാൻസെറ്റ് ജേണലിൽ 2020 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ കുറിച്ച് മൊനാലി സംശയം പ്രകടിപ്പിക്കുന്നുണ്ട്. റിപ്പോർട്ടിൽ മതിയായ തെളിവുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് മൊനാലിയുടെ ആരോപണം. ഹോഴ്സ്ഷൂ വവ്വാലുകളിൽ നിന്ന് കൊവിഡ് വൈറസ് ഉണ്ടായെന്ന വാദം ശരിയാണോയെന്ന് പരിശോധിക്കുന്നതിനിടയിലാണ് ഇത്തരം വവ്വാലുകൾ വുഹാനിൽ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഹോഴ്സ്ഷൂ വവ്വാലുകൾ വുഹാനിൽ നിന്നും 1,500, 1,800 കിലോമീറ്റർ അകലെയുള്ള യുനാൻ, ഗാഗ്ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. വുഹാനിൽ നിന്ന് ഇത്രയും ദൂരെയുള്ള വവ്വാലുകൾ വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഏങ്ങനെ ഉറപ്പിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞയുടെ ചോദ്യം.

ജൈവായുധമെന്ന നിലയിൽ സൃഷ്ടിക്കപ്പെട്ടതാണ് വൈറസെന്ന് ചൈനീസ് വൈറോളജിസ്റ്റായ ഡോക്ടർ ലിമെങ് യാൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ആ വാദം ഉറപ്പിക്കത്തക്ക തെളിവുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ലാത്തതിൽ തനിക്ക് അത്തരമൊരു വിശ്വാസമില്ലെന്നും ഡോക്ടർ മൊനാലി പറയുന്നു. സാഹചര്യത്തെളിവുകൾ പലതും ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയെ ബലപ്പെടുത്തുന്നതാണെന്നും മൊനാലി പറഞ്ഞു. കോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ചില പഠനങ്ങൾ മൊനാലി നടത്തുന്നുണ്ട്.

ചെന്നൈ: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പുരോഹിതരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട്. മന്ത്രി ശേകർ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രങ്ങളിൽ താല്പര്യമുള്ള സ്ത്രീകളെ പരിശീലനത്തിന് ശേഷം പുരോഹിതരായി നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശരിയായ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ. ആന്റ് സി.ഇ.) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പുരോഹിതരാകാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം ഞങ്ങൾ പുരോഹിതരാകാൻ താത്പര്യമുള്ള സ്ത്രീകൾക്ക് പരിശീലനം നൽകും. ക്ഷേത്രത്തിലെ ഒഴിവുള്ള തസ്തികകളിൽ അവരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എച്ച്.ആർ. ആന്റ് സി.ഇ. വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ പരിശീലനം ലഭിച്ച ബ്രാഹ്മണേതര പുരോഹിതരെ നയമിക്കും. എച്ച്.ആർ. ആന്റ് സി.ഇ. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൂജകൾ തമിഴിലാക്കും. തമിഴിൽ പൂജകൾ അർപ്പിക്കുന്ന എല്ലാ പുരോഹിതരുടെയും വിശദാംശങ്ങളുള്ള ഒരു ബോർഡ് സൂക്ഷിക്കും. ചില ക്ഷേത്രങ്ങളിൽ തമിഴിൽ പൂജകൾ നടത്തുന്നുണ്ടെന്നും എല്ലാ പുരോഹിതർക്കും തമിഴിൽ പൂജകൾ നടത്താൻ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിക്കുന്ന രോഗികളുടെ കണക്കിൽ വ്യക്തത വേണമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.. രൺദീപ് ഗുലേറിയ. മരണം സംബന്ധിച്ച തെറ്റായ കണക്കുകൾ കോവിഡിനെതിരെയുളള പോരാട്ടത്തെ ബാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വ്യക്തമായ കണക്കുകൾ ലഭിക്കാൻ സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ കൈവശമില്ലെങ്കിൽ മരണനിരക്ക് കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല. വൈറസിന്റെ ജനിതകമാറ്റവും പ്രതിരോധത്തിലെ വീഴ്ചയുമാണ് കോവിഡ് തരംഗങ്ങൾ ഉണ്ടാകുന്നതിന് കാരണം. വൈറസിന് ജനിതകമാറ്റം സ്വഭാവികമാണെന്നും രോഗികളുടെ എണ്ണവും മരണ സംഖ്യയും വർദ്ധിക്കുന്നതിനിടയിലും ആളുകളുടെ ശ്രദ്ധക്കുറവാണ് വൈറസിന്റെ അടുത്ത തരംഗത്തിന് വഴിവയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.