കോവിഡ് വ്യാപനത്തിനിടെ ആശ്വാസ നടപടികളുമായി കേന്ദ്രം; പ്രതിരോധ ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതി ഇളവ് നൽകി

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടെ ആശ്വാസ നടപടികളുമായി കേന്ദ്രം. കോവിഡ് മരുന്നുകൾക്കും ഉപകരണങ്ങൾക്കും കേന്ദ്രം നികുതിയിളവ് പ്രഖ്യാപിച്ചു. കേന്ദ്രധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 30 വരെയാണ് നികുതി ഇളവ്.

കോവിഡ് വാക്‌സിനുള്ള ചരക്കുസേവന നികുതി(ജിഎസ്ടി) അഞ്ചുശതമാനമായി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ബ്ലാക്ക് ഫംഗസ്, കോവിഡ് ചികിത്സകൾക്കായി ഉപയോഗിക്കുന്ന മരുന്നുകൾ, ഓക്സിജൻ, ഓക്സിജൻ നിർമ്മാണ സാമഗ്രികൾ, കോവിഡ് പരിശോധനാ കിറ്റുകൾ, ഹാന്റ് സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് നികുതി ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ 12 ശതമാനമായിരുന്നു ഇവയുടെ നികുതി നിരക്ക് അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്. ടോസിലിസുമാബ് , ആംഫോട്ടെറിസിൻ ബി എന്നീ മരുന്നുകളുടെ നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ആംബുലൻസ് സേവനങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.