ഇനി എട്ടും, എച്ചുമൊന്നും വേണ്ട: ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ മാനദണ്ഡങ്ങള്‍ വരുന്നു

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അഥവാ ആര്‍ടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് ലഭിക്കാന്‍ അവസരമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പുതിയ അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ തുടങ്ങാനാണ് നീക്കം. ഈ സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആര്‍ടിഒയുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും, ഇവയ്ക്കുള്ള ചട്ടങ്ങള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും.

ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. 2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച ചട്ടമിറക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത്.

എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ഇറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് സ്വകാര്യ മേഖലയിലായിരുന്നു ഈ പരിശീലന കേന്ദ്രങ്ങള്‍ വരിക. 12-ാം ക്ലാസ് ജയിച്ച, അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റര്‍ തുടങ്ങാന്‍ അനുമതി നല്കുക. മാത്രമല്ല, മോട്ടോര്‍ മെക്കാനിക്‌സില്‍ കഴിവ് തെളിയിച്ച അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള വ്യക്തികള്‍ കൂടിയായിരിക്കണം അപേക്ഷകര്‍.

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്‍ഡന്‍സ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വര്‍ക് ഷോപ്പും നിര്‍ബന്ധമാണ്. ഈ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ.