പാകിസ്ഥാന്റെ മാമ്പഴങ്ങള്‍ നിരസിച്ച് യുഎസും ചൈനയും

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ അയച്ച മാമ്പഴം നിരസിച്ച് യുഎസും ചൈനയുമുള്‍പ്പെടുന്ന രാജ്യങ്ങള്‍. നയതന്ത്രബന്ധം ശക്തിപ്പെുത്തുന്നതിന്റെ ഭാഗമായി 32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ക്കാണ് പാകിസ്താന്‍ മാമ്പഴം അയച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചത്. ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്താന്‍ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്.

എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും പാകിസ്താന്‍ മാമ്പഴപ്പെട്ടികള്‍ അയക്കുന്നുണ്ട്. സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.